test

നിറമുള്ള ആകാശം

SHILPA

വൈകുന്നേരങ്ങളിൽ അമ്മയുടെ കൂടെ

അവൻ നടക്കാനിറങ്ങുമായിരുന്നു...

നരച്ച ആകാശം നോക്കി അവൻ പറയും

"അമ്മേ... എനിക്ക് നിറമുള്ള ആകാശം വേണം,

കവിതകളുടെ ആകാശം...

വട്ടമിട്ടു പറക്കാൻ ശോഭയാർന്ന

തൂവലുകളുള്ള ആകാശം വേണം".

 

അവന് പറക്കണമെന്നായിരുന്നു.

സ്വപ്നങ്ങളിൽ ചായം വിതറണമായിരുന്നു.

ആശുപത്രി വാർഡിൽ, ഒറ്റക്കിടക്കയിൽ

തനിക്ക് ചുറ്റുമുള്ളവരെ അവൻ നോക്കി

അവർക്കു നിറമില്ലാതായിരിക്കുന്നു.

ഓർമ്മകളുടെ തീപ്പന്തം പേറി

സ്വപ്നം കാണാൻ ശ്രമിക്കുന്തോറും

അന്ധകാരമാണ് നിറയുന്നത്.

കവിതകളുടെ ആകാശത്ത്

നിറയെ കരിമേഘങ്ങളാണ്.

ഒറ്റ നിലവിളിയിൽ  അരികിലുണ്ടായിരുന്നവൻ

നിശ്ചലമാവുന്നതവൻ കണ്ണുചിമ്മി കണ്ടു.

വേണ്ടിനി കാഴ്ചകളെനിക്ക്

ഉള്ളിൽ കനലാണ്

അക്ഷരങ്ങൾ തലച്ചോറിലേക്ക്

ഇരമ്പിയെത്തുന്നില്ല.

 

എന്റെ മസ്തിഷ്കത്തിനും ജ്വരമാണ്

കൈകാലുകളാകെ തളർന്നു.

ഉണ്ണാനോ ഉറങ്ങാനോ

സ്വപ്നം കാണണോ

കഴിയാത്ത വിധം മരവിച്ചിരിക്കുന്നു.

കൈവിട്ടോടുന്ന വാക്കുകൾ

തലതല്ലി മരിക്കുകയാണ്

ചത്തു പൊങ്ങുകയാണ്...

പുഴുവരിക്കുന്ന ഹൃദയത്തിന്റെ

കണ്ണുകൾ കരഞ്ഞുകൊണ്ടേയിരിക്കുന്നു.

പറക്കാനാഗ്രഹിച്ചവന്റെ

എഴുതാനാഗ്രഹിച്ചവന്റെ

ചിരിക്കാനാഗ്രഹിച്ചവന്റെ

ആത്മാക്കളാണ് ഇവിടം നിറയെ.

ലോകമാകെ പറയുകയാണ്

ഇതു ബീഹാർ...

ഇവിടെ കുട്ടികളില്ല

കളിചിരികളില്ല

കുസൃതികളില്ല

മനുഷ്യരില്ല.

മരിച്ചവർ മാത്രം.

കാലമേ... നമുക്കെങ്ങനെ പൊറുക്കാനാവും?