test

പത്തു കല്പനകൾ

ANUSREE THOPRATH

പത്തു കല്പനകൾ

മത്സ്യം ,
ആഴങ്ങളിലേക്കൂർന്നു വീഴണം
ഇടയ്ക് ,
മുകളിലേക്ക് ഉയർന്ന് ,
കണ്ണുകൾ മലർത്തി
ആകാശത്തെ ആവാഹിക്കണം

കൂർമ്മം ,
കൂർത്ത ചട്ടക്കൂടിനുള്ളിൽ
പിടയ്ക്കണം കണ്ണുകൾ
എപ്പോഴും
" കണ്ണുവേണം മുകളിലും താഴെയും
കണ്ണുവേണമിരുപുറമെപ്പോഴും..... "

വരാഹം ,
തിമിർക്കണം
പതഞ്ഞുനാറുന്ന ചെളിയിൽ
വമിക്കണം
ദുർഗന്ധം
മനസ്സിൽ (മതത്തിൽ)

നരസിംഹം ,
മുന കൂർത്ത ഒരു പിളർപ്പ് !
തൂണിലും തുരുമ്പിലും
പിളർക്കണം ഹൃദയം
ബൈപ്പാസിനല്ല
പിന്നെ.... ? !

വാമനൻ ,
നിലാവിന്റെ മുന്നിൽ
നിഴലിന്റെ "മോണോആക്ട്"
അണക്കണം ,
വെളിച്ചത്തെ
ഇരുട്ടിന്റെ പാതാളത്തിലേക്ക്

പരശുരാമൻ ,
തെളിക്കണം
കാടും കടലും
തിളങ്ങണം ,
മഴുത്തലപ്പ്
വെളിച്ചത്തിന്റെ ആത്മാവ്
ഇരുട്ടിന്റെ പോട്ടിലാണ്

ശ്രീരാമൻ ,
പെയ്തൊഴിയണം
"കണ്ണീരും കിനാവും"
"മാ നിഷാദ"
മുന്നറിയിപ്പാണ്
ആരോട്.... ?

ബലരാമൻ ,
മാർക്കുചെയ്തില്ല
കാലവും കഥയും
ഒളിച്ചിരിക്കണം..
മുഖം നഷ്ടപ്പെട്ടവരുടെ
റെഡ്‌ഡേറ്റാബുക്കിൽ..

ശ്രീകൃഷ്ണൻ ,
ഒരുനീലിച്ച പുസ്തകം
'ഷട് ഡൗണ് ' ചെയ്യണം
കറുത്ത തേരോട്ടങ്ങളുടെ
രാഷ്ട്രീയം

കൽക്കി ,
അനന്തം അജ്ഞാതം..
വാഴണം
'മലയിലും' മണ്ണിലും
മരുഭൂമിയിലും
മനസ്സിലും...