test

പി.വി.കെ. പുരസ്‌കാര ജേതാവ് സിനാഷയെ അറിയാം

Admin

 

സിനാഷ

ജനനം 2007 ഒക്ടോബർ 29, കാസറഗോഡ് ഗവൺമെൻ്റ് ഹയർസെക്കണ്ടറിസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി. അച്ഛൻ ശ്രീകുമാർ അമ്മ സ്മിത. ഒന്നാം ക്ലാസ്സ് മുതൽ മലയാളം മീഡിയം സർക്കാർ വിദ്യാലയത്തിൽ പഠനം. കാസർകോഡ് ജില്ലയിൽ മായിപ്പാടിയിൽ താമസിക്കുന്നു.

 

പ്രസിദ്ധീകരിച്ച നോവലുകൾ

ദ മിസ്റ്റീരിയസ് ഫോറസ്റ്റ്, സോംഗ് ഓഫ് ദ റിവർ (ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ഇംഗ്ലീഷ് നോവലുകൾ), എ ഗേൾ ആൻ്റ് ദ ടൈഗേഴ്സ് (ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ഇംഗ്ലീഷ് നോവൽ) പൂവണിയുന്ന ഇലച്ചാർത്തുകൾ, കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും (ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ മലയാളം നോവലുകൾ), എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ചെമ്പനീർപ്പൂക്കൾ (ആൻ ഫ്രാങ്കിന്റെ ജീവിതം പ്രമേയമായ നോവൽ). എന്നിങ്ങനെ ഏഴു നോവലുകൾ കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസാധകരുടെ വെബ് സൈറ്റിലും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പുകളിലും സിനാഷയുടെ പുസ്തകങ്ങൾ ലഭ്യമാണ്. 

 

അച്ചടിയിലുള്ളവ

പച്ചനിറമുള്ളവൾ, കാടും കനവും (മലയാളം നോവൽ) എ ലയൺ ആന്റ് ഫ്രണ്ട്സ്, റ്റ്വന്റിഫിഫ്ത് സ്റ്റെപ്സ്, റെഡ് ആന്റ് പിങ്ക് (ഇംഗ്ലീഷ് നോവൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയത്). ടെർമിനാലിയ പാനിക്കുലേറ്റ (എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ഇംഗ്ലീഷ് നോവൽ). 

 

മറ്റു രചനകൾ

മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ എഴുതുന്നു. നോവലിനു പുറമേ കഥകൾ, കവിതകൾ, ഡയറിക്കുറിപ്പുകൾ, വായനാക്കുറിപ്പുകൾ, സിനിമാക്കുറിപ്പുകൾ, കളിവിവരണങ്ങൾ, സ്വാഗത ഗാനങ്ങൾ, ഇംഗ്ലീഷ് ഗാനങ്ങൾ തുടങ്ങിയവയെല്ലാം എഴുതുന്നുണ്ട്. രണ്ടാം ക്ലാസ്സ് മുതൽ ഡയറിക്കുറിപ്പുകൾ എഴുതുന്നുണ്ട്. 

 

അവതാരികകൾ

പാലക്കാട് ജില്ലയിലെ കുട്ടികളുടെ നൂറോളം കവിതകളുടെ 'കവിതവീട് ' എന്ന കവിതാസമാഹാരത്തിനും ശ്രീകൃഷ്ണപുരത്തെ ഷബ്ന ഷെറിന്റെ 'ശ്ശ് ... ' കവിതാ സമാഹാരത്തിനും സിനാഷ എഴുതിയ അവതാരികകൾ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

 

പ്രവേശനോത്സവ ഗാനങ്ങൾ

സിനാഷ എഴുതുന്ന പ്രവേശനോത്സവഗാനങ്ങൾ ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി വിദ്യാലയങ്ങൾ സിനാഷയുടെ പ്രവേശനോത്സവ ഗാനങ്ങൾ ആലപിക്കുന്നുണ്ട്. സമൂഹമാ ധ്യമങ്ങളിലൂടെ ഇത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

 

നിറങ്ങളുടെ കൂട്ടുകാരി

സ്വന്തമായി പഠിച്ചെടുത്ത രീതിയിൽ ധാരാളം പെയിന്റിംഗുകളും സിനാഷ വരച്ചിട്ടുണ്ട്. സ്കൂൾ കലോത്സവത്തിൽ ജില്ലാതലത്തിൽ ചിത്രംവരയിൽ സമ്മാനം നേടിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച നോവലുകളുടെ ചിത്രീകരണവും കവർ ചിത്രങ്ങളും സിനാഷയുടെ തന്നെ വരയാണ്. 

 

മൊഴിമാറ്റം

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അനായാസം മൊഴിമാറ്റം ചെയ്യും.

എഡ്മണ്ട് സ്പെൻസർ എഴുതിയ ഇംഗ്ലീഷ് കവിതയിലെ ഇതിഹാസമായി കണക്കാക്കുന്ന Eppithalamion എന്ന പതിനാറാം നൂറ്റാണ്ടിലെ നീണ്ട കവിത, വിക്ടർ ഹ്യൂഗോവിന്റെ കവിതകൾ, നെരൂദയുടെ കവിതകൾ തുടങ്ങിയവ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ ഇപ്പുറത്ത് എന്ന മലയാളം കവിത ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട്. 

 

വായനയുടെ ലോകത്ത്

നല്ല വായനക്കാരി കൂടിയാണ് സിനാഷ. വായിച്ച പുസ്തകങ്ങളുടെ പേരുകൾ ഇലകളായി വരച്ചു ചേർക്കുന്ന വായനാമരം വാർത്തകളിൽ ഇടം നേടിയുട്ടുണ്ട്. അറുനൂറിലധികം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. പാവങ്ങൾ, War and Peace, അമ്മ, ഹാരി പോട്ടർ, നല്ല ഭൂമി, ഉഷ്ണ രാശി, ഒരു ദേശത്തിൻ്റെ കഥ, ഷഗിബെയ്ൻ, ഒരു തെരുവിൻ്റെ കഥ, അലാഹയുടെ പെൺമക്കൾ, ഒതപ്പ്, Life of Pi, പ്രണയവും മൂലധനവും, മൂന്നു പോരാളികൾ, ചെഗുവേരയുടെ പുസ്തകങ്ങൾ, റഷ്യൻ ബാലസാഹിത്യ കൃതികൾ, കാട്ടുകടന്നൽ, കാരമസോവ് സഹോദരൻമാർ, കുറ്റവും ശിക്ഷയും തുടങ്ങിയവയെല്ലാം വായിച്ചവയിൽ പെടും.

 

സിനിമയുടെ ലോകത്ത്

സിനാഷ ലോക സിനിമയിലെ ഇരുനൂറ്റമ്പതിലധികം ക്ലാസ്സിക് സിനിമകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. ഏറെ സ്വാധീനിച്ച സിനിമകളുടെ ആസ്വാദനക്കുറിപ്പ് എഴുതി വെയ്ക്കാറുണ്ട്.

ചുരുളി സിനിമയെക്കുറിച്ച് എഴുതിയ നിരൂപണം ശ്രദ്ധേയമായിരുന്നു. PAG മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

കളിയെഴുത്ത്

ഫുട്ബോൾ ആരാധിക കൂടിയാണു സിനാഷ. പ്രധാന മത്സരങ്ങൾ എല്ലാം കാണാൻ സമയം കണ്ടെത്താറുണ്ട്. യൂറോപ്യൻ, ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ ടീമുകളെക്കുറിച്ചും കളികളെക്കുറിച്ചും ധാരാളം എഴുതിയിട്ടുണ്ട്. 

 

മറ്റു ഭാഷകൾ

മലയാളവും ഇംഗ്ലീഷ്യം അനായാസം കൈകാര്യം ചെയ്യുന്ന സിനാഷ സ്വന്തമായി കൊറിയൻ ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണ്. കൊറിയനിൽ ലഘു വാക്യങ്ങൾ പറയാനും എഴുതാനും ഇപ്പോൾ കഴിയുന്നുണ്ട്. 

 

സംവാദങ്ങളും സാഹിത്യ ക്യാമ്പുകളും

എഴുത്തനുഭവങ്ങളും വായനാനുഭവങ്ങളും കുട്ടികളുമായി പങ്കുവെക്കുന്ന സംവാദങ്ങളും സാഹിത്യ ക്യാമ്പുകളും മലയാളത്തിലും ഇംഗ്ലീഷിലുമായി കേരളത്തിലെ വ്യത്യസ്ത ജില്ലകളിലും ഗൾഫ് നാടുകളിലും നടത്തിയിട്ടുണ്ട്. 

 

അംഗീകാരങ്ങൾ

പഠന രംഗത്തും പാഠ്യേതര രംഗത്തും ഒരു പോലെ മികവു പുലർത്തുന്ന സിനാഷയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

യു എസ് എസ് സ്കോളർഷിപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പ് പഠനരംഗത്തെ മികവിന് നൽകുന്ന യു എസ് എസ് സ്കോളർഷിപ്പിന് അർഹയായിട്ടുണ്ട്. 

 

വിദ്യാരംഗം കലാസാഹിത്യവേദി

അഞ്ചാം ക്ലാസ്സുമുതൽ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികൾക്കായി നടത്തുന്ന സംസ്ഥാന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. 

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ 2021 ലെ ജില്ലാതല സർഗോത്‌സവത്തിൽ സിനാഷയുടെ പുസ്തകാസ്വാദനക്കുറിപ്പ് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

ശിശുദിന സാഹിത്യമത്സരം

ജില്ലാ ശിശുക്ഷേമ സമിതി 2021 ൽ ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യമത്സരത്തിൽ ഹൈസ്കൂൾ വിഭാഗം കഥരചനയിൽ സിനാഷയുടെ കഥ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 

 

സംസ്ഥാന യുവജനക്ഷേമ ബോർഡ്

സംസ്ഥാന യുവജന ക്ഷേമ ബോർഡ് 2022 വായനാമാ സാ ചരണത്തിന്റെ ഭാഗമായി 40 വയസ്സിൽ താഴെയുള്ള വർക്കായി കാസർഗോഡ് ജില്ലയിൽ നടത്തിയ കഥ രചന മത്സരത്തിൽ സിനാഷയുടെ കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. 

 

ഉജ്വലബാല്യം 2020

വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്വലബാല്യം 2020 പുരസ്കാരം ലഭിച്ചിട്ടുണ്ട്.

 

കോമൺവെൽത്ത് ഗോൾഡ് അവാർഡ് - QCEC 2021

റോയൽ കോമൺവെൽത്ത് സൊസൈറ്റി 54 അംഗ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യത്സരത്തിൽ (QCEC 2021) 27500 മത്സരാർത്ഥികളിൽ നിന്ന് സിനാഷയുടെ കവിത 171 പേരിൽ ഒരാളായി Gold Award ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

 

എൻ എൻ കക്കാട് അവാർഡ് (2021)

മയിൽപ്പീലി ട്രസ്റ്റ് പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നൽകുന്ന എൻ എൻ കക്കാട് അവാർഡ് (2021) സിനാഷയുടെ ഒരു തളിരിലയും ഒരു തുള്ളി നിലാവും എന്ന നോവലിനു ലഭിച്ചു.

 

ഭീമ ബാലസാഹിത്യ പുരസ്കാരം

18 വയസ്സിൽ താഴെയുള്ളവർക്ക് നൽകുന്ന ഭീമ സ്വാതി കിരൺ ബാലസാഹിത്യ പുരസ്കാരം സിനാഷയുടെ ഒരു തളിരിലയും ഒരു തുള്ളി നിലാവും എന്ന നോവലിനു ലഭിച്ചു.

 

പി വി കെ കടമ്പേരി അവാർഡ്

ബാലസംഘം സംസ്ഥാന കമ്മിറ്റിയും കടമ്പേരി സ്മാരക ട്രസ്റ്റും കുട്ടികളുടെ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 

പി വി കെ കടമ്പേരി അവാർഡ് 2022 ലഭിച്ചിട്ടുണ്ട്. 

 

ഗാനരചനയിൽ ഒന്നാം സ്ഥാനം

സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഗാന രചനാമത്സരത്തിൽ സിനാഷയുടെ 'കനവ് ' എന്ന ഗാനം ഒന്നാം സ്ഥാനം നേടി.

 

കഥരചനയിൽ ഒന്നാം സ്ഥാനം

സി പി ഐ എം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ 'ബാഴ്സലോണ' എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

 

മാധ്യമം ആഴ്ച്ചപ്പതിപ്പ് രജതജൂബിലി കഥാ പുരസ്കാരം

മാധ്യമം ആഴ്ചപ്പതിപ്പ് രജത ജൂബിലിയുടെ ഭാഗമായി 30 വയസ്സുവരെയുള്ളവർക്കു നടത്തിയ കഥ മത്സരത്തിൽ 'അയെറ' എന്ന കഥയ്ക്ക് നാലാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

 

സ്വാഗത ഗാനം

സി പി ഐ എം ശ്രീകൃഷ്ണപുരം മുപ്പത്തിയൊന്നാം ഏരിയാ സമ്മേളനത്തിൽ ആലപിച്ച സ്വാഗതഗാനം സിനാഷയുടെ രചനയാണ്. 

 

ഇന്ത്യൻ റെക്കോഡ്

ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഇന്ത്യൻ ബാലിക എന്ന ബഹുമതി സിനാഷയ്ക്ക് സമ്മാനിക്കാമെന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്

 

കുട്ടികളുടെ പത്രാധിപ സമിതിയിൽ

കുട്ടികളുണ്ടാക്കുന്ന യുറീക്കയുടെ പത്രാധിപ സമിതി അംഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സിനാഷയെ തെരഞ്ഞെടുത്തിട്ടുണ്ട്. 

 

പൊതുവിദ്യാലയ മികവ്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ സിനാഷയുടെ നേട്ടങ്ങൾ എടുത്തു പറഞ്ഞിട്ടുണ്ട്. 

 

എഴുത്തു പച്ചയിൽ

പൊതു വിദ്യാഭ്യാസവകുപ്പും എ എസ് കെ യും ചേർന്ന് പ്രസിഡീകരിച്ച കുട്ടികളുടെ രചനകളുടെ പുസ്തകമായ എഴുത്തു പച്ചയിൽ സിനാഷയുടെ കഥയും കവിതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പുസ്തകത്തിന്റെ മുഖചിത്രമായി സിനാഷയുടെ പെയിന്റിംഗുമുണ്ട്. 

 

അധ്യാപക പരിശീലനത്തിൽ

2022 മെയ്മാസത്തിൽ നടന്ന യു പി വിഭാഗം മലയാളം അധ്യാപക പരിശീലനത്തിൽ സിനാഷയുടെ കാൽപന്തെന്ന കനവ് എന്ന ലേഖനം ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള സെഷനിൽ റിസോഴ്സ് മെറ്റീരിയൽ ആയി ഉപയോഗിച്ചിട്ടുണ്ട്. 

 

അനുമോദനങ്ങൾ

അധ്യാപകസംഘടനകൾ, വിവിധ ക്ലബ്ബുകൾ, വായനശാലകൾ, സന്നദ്ധസംഘടനകൾ, വിദ്യാലയങ്ങൾ, ജില്ലാപഞ്ചായത്ത്, ബാലസംഘം, ലൈബ്രറി കൗൺസിൽ തുടങ്ങിയവയെല്ലാം ഉപഹാരം നൽകി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

 

മാധ്യമങ്ങളിൽ

കേരളത്തിലെ പ്രമുഖ പത്രങ്ങൾ എല്ലാം തന്നെ സിനാഷയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

24 ടി വി, കൈരളി ടി വി, മീഡിയവൺ, ജനം ടി വി, ഇ ടി വി, ദൂരദർശൻ തുടങ്ങിയവയും നിരവധി ഓൺലൈൻ മാധ്യമങ്ങളും എഫ് എം റേഡിയോകളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.