'ഇന്നലെ'കളിൽ തണുപ്പാർന്ന ഇടവഴി-
യോരത്ത് വിറയാർന്ന കൈകളാൽ
'നാളെ'കളെ വരവേൽക്കുമ്പോൾ; ഇരുട്ടാ-
ർന്ന, കഷണ്ടി പടർന്ന, നരച്ച തലയ്ക്കു-
മീതെ നീ കത്തിജ്ജ്വലിക്കുമ്പോൾ,
എന്റെ ചിന്തകൾക്കും ചൂടേറുന്നു.
നിലാവിൽ തേൻത്തുള്ളിയായി വന്ന്
മുത്തമിട്ടെന്നെ കൊതിപ്പിച്ച രാവുകൾ,
കണ്മഷി പരത്തിയ നീർച്ചാലിലൂടെ
എന്നെ കരയിച്ച പകലുകൾ,
അടുക്കും തോറും അകന്നു മാറി
ഒളിച്ചു കളിച്ച നാളുകൾ...
എങ്കിലും ഞാനറിയാതെ നീയെന്നെ
പിന്തുടരുന്നു; ഒരു നിഴലായ്;
ഞാനവസാനിക്കുമ്പോഴേ നീ നശിക്കൂ-
യെന്ന ചിന്ത നിന്നെയും വേട്ടയാടുന്നുവോ
സഖീ? എങ്കിലും സാരമില്ല,
ഒരു കാലത്തിന്റെ ചിന്തകളിൽ നീ
തന്നെ ആയിരുന്നല്ലോ...;
ഇന്ന് ഞാൻ ഭയക്കുന്നില്ല
മരണത്തെയും; അതിനാൽ
ഓടിവരിക, എന്നിലേക്കലിയുക...
സഹജമാമീ മനുഷ്യജീവിതത്തിൽ
'കാലമേ' ഒരുപിടി ഓർമ്മകൾ
മാത്രം ബാക്കി വെയ്ക്കുക...