test

വേനലാഴം

NAKSHATRA MANOJ

വേനലാഴത്തിലേക്ക്
മഴയുടെ
ഭൂതകാലകുളിർ എത്തി നോക്കി,
 
ആകാശത്തെ ചുംബിച്ചു
തീർക്കും മുൻപേ 
മരിച്ചു പോയ കിളികളുടെ
നിലവിളികൾ കാതുകളെ 
വ്രണപ്പെടുത്തി,
ഉള്ളിലൊരു പച്ചമാംസം 
വേരുതപ്പി,
 
ചിറക് തുന്നി പറക്കാനൊരുങ്ങിയ 
പെണ്ണ്
വെറുമൊരു പെണ്ണ്
നേർത്ത സരിതുമ്പിൽ കെട്ടിയിട്ട
ചിരിയോടെ മരിച്ചു വീണു
 
പറന്നേക്കണമെന്ന് 
മോഹിപ്പിച്ചു
രാത്രി അവളുടെ 
കഴുത്തറത്തു...
 
ജനലാഴത്തിൽ അവൾ
നാട്ടിയൊരൂഞ്ഞാൽ 
കാലത്തിന്റെ 
കാർമേഘ തുണ്ട് കവർന്നു
 
ആകാശത്തെ ചുംബിക്കാനാഞ്ഞു 
പറന്ന കിളികൾ 
നീല നിറമുള്ള നൂലുകളെ
ചേർത്തുകെട്ടി 
പിടഞ്ഞു വീണു
 
ഉള്ളിൽ ഓരോ ആകാശവും 
ചേർത്തു പറന്ന
പെണ്ണുങ്ങൾ
ഭ്രാന്തമായ അവന്റെ 
രാത്രികളിൽ 
വിയർപ്പ് തുള്ളികളെ 
ആലിംഗനം ചെയ്യുന്ന
അവന്റെ കാവൽക്കാരായി...
 
സ്വപ്നങ്ങളോട് കലഹിച്ചു
കലഹിച്ചു
സ്വപ്നങ്ങളിൽ പിരിഞ്ഞവർ
ആഴത്തിൽ നിങ്ങളെ 
സ്നേഹിക്കും പോലെ
 
വേനലാഴത്തിലേക്ക് 
മഴയുടെ ഭൂതകാല കുളിർ
എത്തിനോക്കി....