test

കുണ്ടറ വിളംബരം

Ashwin Dev

    എ.ഡി. 14, 15 നൂറ്റാണ്ടുകളില്‍ കടല്‍വഴിയുള്ള കച്ചവടത്തിലൂടെ അറബികള്‍ നേടിയെടുത്ത ലാഭം യൂറോപ്യന്‍ ശക്തികളുടെ ശ്രദ്ധ ഭാരതത്തിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് തിരിയാന്‍ കാരണമായി. കേരളത്തിന്റെ കടല്‍വഴിയുള്ള വാണിജ്യകുത്തക നേടിയെടുക്കാനുള്ള യൂറോപ്യന്‍ ശക്തികളുടെ സംഘടിതശ്രമങ്ങള്‍ കേരളത്തിന്റെ കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും കോളനിവല്‍ക്കരണത്തില്‍ ഏറ്റവും വിജയിച്ചത് ബ്രിട്ടീഷുകാരായിരുന്നു.

 

    കേരളത്തിലെ കോളനിവല്‍ക്കരണത്തില്‍ വിജയിച്ച ബ്രിട്ടന്റെ വിഭവചൂഷണ രീതികളെക്കുറിച്ച് മനസ്സിലാക്കിയ വേലുത്തമ്പി അതിനെതിരെയുള്ള സമരത്തില്‍ ജനങ്ങളെ അണിനിരത്താന്‍ ശ്രമിച്ചു. ഈ തിരിച്ചറിവിന്റെയും ശ്രമത്തിന്റെയും ഫലമാണ് കുണ്ടറ വിളംബരം. (കൊല്ലവര്‍ഷം 987 മകരം ഒന്ന്, ക്രിസ്തുവര്‍ഷം 1809 ജനുവരി 11-ാം തീയതി കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഇളമ്പള്ളൂര്‍ ക്ഷേത്രത്തിനു മുന്നില്‍ വച്ചായിരുന്നു പ്രഖ്യാപനം. അപ്പോള്‍ ദളവയോടൊപ്പം അഭ്യാസികളായ ഊത്താമ്പള്ളി നീലമ്പി, ആരൂര്‍ ചന്തക്കാരന്‍, എലിഞ്ഞേലി മില്ലാക്കാരന്‍ എന്നീ അംഗരക്ഷകഉണ്ടായിരുന്നു- എസ്.കെ. വസന്തന്‍, കേരള സംസ്‌കാര ചരിത്രം നിഘണ്ടു). കുണ്ടറ വിളംബരത്തിന്റെ പ്രസക്തഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കിത് മനസ്സിലാവും.

 

     ”ഉപ്പുമുതല്‍ സര്‍വ്വസ്വവും കുത്തകയായിട്ടാക്കിത്തീര്‍ത്ത്, തരിശുകിടക്കുന്ന നിലവും പുരയിടവും ഇന്നുകൂടികുത്തകയാക്കിയിട്ടും കെട്ടി നിലവരി, തെങ്ങുവരി ഉള്‍പ്പെട്ട അധികാരങ്ങളും കുടികളില്‍ കൂട്ടിവെച്ച്…”

 

    ഉപ്പു മുതല്‍ സര്‍വ്വ വസ്തുക്കളുടെ കുത്തകാവകാശവും, തരിശുഭൂമികളുടെയും, പുരയിടങ്ങളുടെയും കുത്തകാവകാശവും, നെല്‍പ്പാടങ്ങളുടെയും, തെങ്ങിന്‍തോപ്പുകളുടെയും അധികാരങ്ങളും ബ്രിട്ടീഷുകാര്‍ അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് വേലുത്തമ്പി കുണ്ടറ വിളംബരത്തിലൂടെ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം ചെയ്യുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന കുണ്ടറ വിളംബരത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്നു.

 

    ഒരു ഭൗതിക വസ്തു എന്ന നിലയില്‍ ഉപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വേലുത്തമ്പിയെ മഹാത്മാഗാന്ധിക്ക് മുമ്പുള്ള ഉപ്പുസത്യാഗ്രഹിയായിട്ടാണ് എസ്. ഗുപ്തന്‍ നായര്‍ വിശേഷിപ്പിക്കുന്നത്. ”ഉപ്പു കുറുക്കുവാനുള്ള അവകാശം കുടികള്‍ക്കായിരുന്നുവെങ്കിലും ഉപ്പിന്റെ വിനിമയാധികാരം രാജാവില്‍ നിക്ഷിപ്തമായിരുന്നു.” (ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. രാജന്‍ ഗുരുക്കള്‍, കേരളചരിത്രം). തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനങ്ങളിലൊന്ന് ഉപ്പിന്റെ വിനിമയാധികാരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് തമ്പി ഈ പ്രഖ്യാപനത്തിലൂടെ നടത്തുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളോട് സംഘടിക്കാന്‍ ആഹ്വാനം നല്‍കുന്ന വേലുത്തമ്പിയെ രാജ്യാഭിമാനത്തിന്റെ മഹനീയ മാതൃകയായിട്ടാണ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ പരാമര്‍ശിക്കുന്നത്. കര്‍ഷകരുടെ അസ്വസ്ഥതകള്‍ പങ്കുവയ്ക്കുന്ന കുണ്ടറ വിളംബരത്തെയും, വേലുത്തമ്പിയുടെ കലാപത്തെയും തിരുവിതാംകൂറിലെ കാര്‍ഷിക കലാപമായിട്ടാണ് എ.കെ.ഗോപാലന്‍ വിശേഷിപ്പിക്കുന്നത്.

 

    വര്‍ത്തമാനകാലത്തെ ഇരുട്ടിനെ അകറ്റാന്‍ ഭൂതകാലത്തില്‍നിന്ന് വെളിച്ചം ശേഖരിക്കുമ്പോഴാണ് ചരിത്രപഠനം ഒരു സാമൂഹികശാസ്ത്രത്തിന്റെ പദവിയിലേക്കുയരുന്നത്. വിഭവചൂഷണത്തില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റുകളും, അവര്‍ക്ക് സ്തുതിപാടുന്ന ചില രാഷ്ട്രീയ നേതൃത്വവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് വേലുത്തമ്പിയുടെയും കുണ്ടറവിളംബരത്തിന്റെയും വര്‍ത്തമാനകാല പ്രസക്തി ഏറെയാണ്.