test

ബാലസംഘം ബാലദിനഘോഷയാത്ര

കുട്ടികളെ നിങ്ങൾ മനുഷ്യരാകുവിൻ .... 


ദേശീയ ബാലസംഘം മുന്നോട്ട് വെച്ച മുദ്രാവാക്യം എത്രമാത്രം കാലോചിതമാണെന്ന് നോക്കൂ... 


സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജിത്വം അടിച്ചമർത്തി നാടുഭരിച്ച കാലം, ജന്മി നാടുവാഴി ജാതി കോമരങ്ങൾ മനുഷ്യനെ വരിഞ്ഞു മുറുക്കിയ ഇരുണ്ട കാലത്ത് തീതുപ്പുന്ന പടക്കോപ്പുകൾക്കും ജാതി ജന്മിപ്രമാണികളുടെ കോപ്രായങ്ങൾക്കും മുന്നിൽ കുട്ടികളെ നിങ്ങൾ ഭയക്കാതിരിക്കുവിൻ കുട്ടികളെ നിങ്ങൾ  പഠിക്കുവിൻ കുട്ടികളെ നിങ്ങൾ മനുഷ്യരാകുവിൻ എന്ന മുദ്രാവാക്യം അലയായ് ഉയർന്നതാണ് 1938 ഡിസംബർ 28 ന് ദേശീയ ബാലസംഘത്തിന് ജന്മം കൊടുത്തത്.

 

. സ. നായനാർ പ്രെസിഡന്റും കുഞ്ഞനന്തൻ നായർ സെക്രട്ടറിയും.. സ്വാതന്ത്ര്യ -കർഷകസമരപോരാളികളുടെ സന്ദേശവാഹകരായി കുട്ടികൾ സംഘടിച്ചു.. സ. കൃഷ്ണപിള്ളയും, ഏ കെ ജിയും, ഇ എം എസ്സുമെല്ലാം മുൻകൈയെടുത്തു.. മലയാളക്കരയാകെ കുട്ടികളിലൂടെ സന്ദേശം പടർന്നു.


1938 ഇൽ കേരളത്തിലെ കുട്ടികളുയർത്തിയ മുദ്രാവാക്യം മനുഷ്യരാവാനുള്ള മുദ്രവാക്യം എൺപത്താണ്ടിനടുത് ഇപ്പോഴും പ്രസക്തമാകുന്നു..


നമ്മുടെ രാജ്യം മനുഷ്യരാകാനല്ല മതങ്ങളാകാൻ, ജാതികളാകാൻ, നിശ്ശബ്ദരാവാൻ കല്പിക്കുന്നു.. 
12 കോടിയിലേറെ കുരുന്നുകൾ പോഷകാഹാരക്കുറവിനാൽ മരണശയ്യയിലാണീ രാജ്യം.. 10 കോടിയോളം കുട്ടികൾ വിശപ്പടക്കാൻ തൊഴിലെടുക്കുന്നു.. ഓരോ മണിക്കൂറിലും പിടഞ്ഞുമരിക്കുന്നു നൂറുകണക്കിന് കുരുന്നുകൾ.. 30 മിനിറ്റിൽ ഓരോ പെൺകുട്ടിയും പീഡനത്തിനിരയാകുന്നു... 5 വയസ്സിനുതാഴെ മരിക്കുന്ന കുഞ്ഞുങ്ങളിൽ ലോകരാഷ്ട്രങ്ങളുടെ കണക്കിൽ നമ്മളാണ് മുന്നിൽ... ഈ വസ്തുതകളെല്ലാം നമ്മുടെ രാജ്യംഎത്ര നിസ്സാരമായാണ് ഭാവിതലമുറയുടെ കാര്യത്തിൽ ഇടപെടുന്നതെന്ന് കാണിക്കുന്നു... 


രാജ്യത്തെ ജനിച്ചുവീഴുന്ന കുട്ടികളുടെ കാര്യത്തിൽ കാണിക്കുന്ന അലസത അംഗീകരിക്കാവുന്നതല്ല. പാഠ്യപദ്ധതിയിൽ വർഗീയത എഴുതിപിടിപ്പിക്കുന്നു... ഗാന്ധിജിയെയും നെഹ്രുവിനെയും പാഠപുസ്തകങ്ങളിൽ നിന്ന് പടിയിറക്കുകയും ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ ആരതിയുഴിഞ് എഴുതിച്ചേർക്കുന്നു... 


നാമെല്ലാവരും അറിഞ്ഞതാണ് ഘോരക്പുരിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചത്. ഇത് ഒറ്റപ്പെട്ടതല്ല ഗുജറാത്തിലും രാജസ്ഥാനിലും ചത്തിസ്‌ഗഡിലും സമാനമായ ശിശു ഹത്യകളുടെ വിവരം നാമറിഞ്ഞുകഴിഞ്ഞു.. ഇത് തടയാൻ അവിടത്തെ ഒരു ഭരണാധികാരിയും ഇറങ്ങിയില്ല... ഇടപെടലുണ്ടായി, രസകരമായ ഇടപെടൽ.. നമ്മുടെ നാട്ടിലെ ശിശുക്ഷേമസമിതികൾക്ക് സമാനമായി ഉത്തർപ്രദേശിൽ പശുക്കൾക്ക് ക്ഷേമസമിതികൾ വരുന്നു.. കഴിഞ്ഞമന്ത്രിസഭ ഇക്കാര്യം അംഗീകരിച്ചുകഴിഞ്ഞു. ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ പശുക്കളെ കാക്കാൻ പശുക്ഷേമസമിതികൾ.. കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുന്നതിലല്ല അവരുടെ ചേതം, പശുവിന്റെ കരച്ചിലിലാണ്.. 


ഇന്ത്യാരാജ്യം കുട്ടികൾക്ക് ജീവിക്കാനാകാത്തതായിരിക്കുന്നു... ഓരോ ശിശുരോദനത്തിലും ഒരുകോടി ഈശ്വരവിലാപമെന്ന വരികൾ ഇന്ത്യൻ നായകരുടെ ബധിരകർണ്ണങ്ങൾ തുറക്കുന്ന കാലം വരണം .. 


നോക്കൂ., 
നമ്മുടെ കൊച്ചുകേരളം കുട്ടികളുടെ കാര്യത്തിൽ ഏറെ മുന്നിലാണ്.. ലോകരാജ്യങ്ങളോട് കിടപിടിക്കും പിടിക്കും നമ്മൾ.. ശിശുമരണങ്ങളുടെ കാര്യത്തിൽ അവരുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എല്ലാം നാം മുന്നിലാണ്... 
പുതിയ സർക്കാർ കേരളത്തിൽ നടത്തുന്ന ഇടപെടലുകളാണ് തേങ്ങുന്ന ഇന്ത്യൻ ബാല്യത്തിന് മുന്നിൽ അഭിമാനമായൊരു നാടിന്റെ മാതൃക നമുക്ക് വെക്കാനാകുന്നത്.. 
രക്ഷിതാക്കൾ ഇല്ലാത്തവരുടെ കുട്ടികളെ സംരക്ഷിക്കാനായി സ്നേഹപൂർവ്വം, കുട്ടികളുടെ എല്ലാ പ്രതിസന്ധികളിലും സഹായിക്കാനായി ശിശുക്ഷേമസമിതികൾ വഴി 1517 തണൽ ഹെൽപ്‌ ലൈൻ, 45000 ഹൈടെക് ക്ലാസ് മുറികൾ 1500 പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്, കുട്ടികൾക്ക് സൈബർ സുരക്ഷയൊരുക്കാനായി കിഡ്സ് ഗ്ലൗ, ശിശുസൗഹൃദ പോലീസിംഗ്,മിടുക്കരായ കുട്ടികൾക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം, പ്രവർത്തനനിരതമായ ശിശുക്ഷേമസ്ഥാപനങ്ങൾ... കുട്ടികൾക്കു കാവലും കരുതലുമായി മാറി നന്മുടെ സർക്കാർ.... 


ദേശീയ ബാലസംഘം രൂപീകരിച് 8 പതിറ്റാണ്ടുകൾക്കിപ്പുറമുള്ള കുട്ടികളുടെ ലോകം കുറേക്കൂടി മനോഹരമാകണം അതിനായി നമുക്കൊത്തുചേരാം.. 


തേങ്ങുന്ന ഇന്ത്യൻ ബാല്യം താങ്ങായി നവകേരളം എന്ന സന്ദേശമുയർത്തി ഈ ഡിസംബർ 28 ന് ഏരിയ കേന്ദ്രങ്ങളിൽ നടക്കുന്ന ഘോഷയാത്രകളിൽ പങ്കുചേരാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.

ബാലസംഘം 
സംസ്ഥാനകമ്മിറ്റി

  • ഡിസംബർ 2017, 28