1.1 കേരളത്തിലെ കുട്ടികള്‍
ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതമാണ് കേരളത്തിലുള്ളത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ കുട്ടികള്‍ക്ക് പൊതുവെ ലഭ്യമാണ്. അഞ്ചുവയസായ മുഴുവന്‍ കുഞ്ഞുങ്ങളും സ്കൂളിലെത്തുന്നുണ്ട്. സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമാണ്. പാഠപുസ്തകങ്ങളും ഉച്ചഭക്ഷണവും വിദ്യാലങ്ങളില്‍നിന്ന് ലഭിക്കുന്നു. കൊഴിഞ്ഞുപോക്ക് തുലോം കുറവാണ് (ടടഘഇ വിജയശതമാനം 90 ശതമാനത്തിലെത്തി). പ്ലസ്-ടുവരെയുള്ള വിദ്യാഭ്യാസം സൗജന്യവും സാര്‍വത്രികവുമാണ്. നാട്ടിന്‍പുറങ്ങളിലും ചികിത്സാസൗകര്യം ലഭ്യമാണ്. 98 ശതമാനം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്. ശിശുമരണനിരക്ക് വികസിത രാജ്യങ്ങളോടൊപ്പമാണ്. ജാതി-മത ഉച്ചനീചത്വങ്ങള്‍ കുട്ടികള്‍ക്ക് അനുഭവപ്പെടുന്നില്ല. ഇത്തരം മാനദണ്ഡങ്ങളെല്ലാം വെച്ചുനോക്കിയാല്‍ കുട്ടികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് കേരളത്തിലുള്ളത് (ദാരിദ്ര്യത്തിന്‍റെ ചില തുരുത്തുകളില്‍ ഇതിനപവാദമായ അവസ്ഥ ഉണ്ടായേക്കാം).
എന്നാല്‍ നമ്മുടെ കുട്ടികള്‍ വളരേണ്ട രീതിയില്‍ത്തന്നെയാണോ വളരുന്നത്? വീടിനും നാടിനും പ്രയോജനപ്രദമായ രീതിയില്‍ ജീവിക്കാനാവശ്യമായ അനുഭവമാണോ ജീവിതത്തില്‍നിന്നും വിദ്യാഭ്യാസത്തില്‍നിന്നും അവര്‍ക്ക് ലഭിക്കുന്നത്?
1.2 നമ്മളെങ്ങനെ നമ്മളായി?
ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളം എങ്ങനെ വ്യത്യസ്തമായി എന്നറിയാതെയാണ് ഇന്ന് കേരളത്തിലെ കുട്ടികള്‍ വളരുന്നത്. ജനങ്ങളുടെ സംഘടിത ഇടപെടലും അനേകം സമരമുന്നേറ്റങ്ങളുമാണ് കേരളത്തെ മാറ്റിത്തീര്‍ത്തതെന്ന യാഥാര്‍ഥ്യം ഇന്നത്തെ തലമുറ മറന്നുകഴിഞ്ഞ മട്ടാണ്. വരുംതലമുറയ്ക്ക് ഇതാരും പകര്‍ന്നുകൊടുക്കുന്നുമില്ല. നമ്മളെങ്ങനെ നമ്മളായി എന്ന് തിരിച്ചറിയാതെയാണ് കുട്ടികള്‍ വളരുന്നത്. അരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെ പിടിയിലമരാന്‍ ഇത് അനുകൂല സാഹചര്യമൊരുക്കുന്നു.
ചോദ്യംചെയ്യപ്പെടാത്ത ആധിപത്യമാണ് ആഗോളകമ്പോള വ്യവസ്ഥ ആവശ്യപ്പെടുന്നത്. എല്ലാം നേടിക്കഴിഞ്ഞു എന്ന് വിചാരിക്കുന്ന സമ്പന്നവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സമരവും സംഘടനയും അലോസരമുണ്ടാക്കുന്ന അനാവശ്യങ്ങളാണ്. ഈ ഉപരിവര്‍ഗപ്രത്യയശാസ്ത്രത്തെ സാധാരണക്കാരന്‍റെ സാമാന്യബോധമാക്കി മാറ്റാന്‍ മാധ്യമങ്ങളും ചില അരാഷ്ട്രീയ ബുദ്ധിജീവികളും എഴുത്തുകാരും നിരന്തരം ശ്രമിക്കുന്നു. നിലവിലുള്ള ജീവിതവ്യവസ്ഥയോട് പുതുതലമുറകളെ ഇണക്കിച്ചേര്‍ക്കല്‍ ദൗത്യമായി അംഗീകരിക്കുന്ന ഔപചാരികവിദ്യാഭ്യാസവും ഇതിന് കരുത്തു പകരുന്നു. സ്വകാര്യ വിദ്യാലയങ്ങളിലും പൊതുവിദ്യാലങ്ങളിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ദുര്‍ബലമാവുകയാണ്. ഇത് അരാഷ്ട്രീയവല്‍ക്കരണത്തിന് അനുകൂല സാഹചര്യമായി മാറുന്നു.
അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന സമൂഹം ആഗ്രഹിക്കുന്നതും സംഘടനാ പ്രവര്‍ത്തനവും സമരവുമില്ലാത്ത വിദ്യാലയങ്ങളാണ്. രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളുടെ യാതൊരനുഭവവും ലഭിക്കാതെയാണ് നമ്മുടെ കുട്ടികള്‍ വളരുന്നത്.
1.3 കമ്പോളത്തിന്‍റ പ്രലോഭനങ്ങള്‍
സ്വാഭാവികമായും ആഗോളകമ്പോളത്തിന്‍റ പ്രലോഭനങ്ങള്‍ക്ക് കുഞ്ഞുങ്ങളും വിധേയരാകുന്നു. 'അടിപൊളി' ജീവിതം പുതിയ തലമുറയുടെ ഹരമായി മാറിയിരിക്കയാണ്. മൊബൈലും ബൈക്കും വിലകൂടിയ വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ഷൂസുമെല്ലാം കുട്ടികളെ വല്ലാതെ മോഹിപ്പിക്കുന്നു. ടി വി പരസ്യങ്ങള്‍ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളെയും ആവശ്യങ്ങളെയും സ്വാധീനിക്കുന്നു, ജീവിതസങ്കല്‍പ്പങ്ങളെ രൂപപ്പെടുത്തുന്നു. കുട്ടികളും ഉപഭോഗസംസ്കാരത്തിന്‍റെ പിടിയിലമരുന്നു.
1.4 നവമാധ്യമങ്ങള്‍
മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയവ കുട്ടികളുടെ മുമ്പില്‍ വിവരശേഖരണത്തിന്‍റ അനന്തസാധ്യതകളാണ് തുറന്നിടുന്നത്. എന്നാല്‍ കുട്ടികളില്‍ വലിയൊരു ശതമാനം ഈ നവമാധ്യമങ്ങളുടെ ദുരുപയോഗത്തിന്‍റെ നീരാളിപ്പിടുത്തത്തിലാണ്. ഇത് അരാജക പ്രവണതകളിലേക്ക് വഴുതിവീഴാന്‍ കാരണമാവുന്നു. അരാഷ്ട്രീയ ക്യാമ്പസുകള്‍ ഈ സാധ്യത വര്‍ധിപ്പിക്കുന്നു.
1.5 ഇരുട്ട് പരക്കുമ്പോള്‍
മതസാമുദായിക സംഘടനകള്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ പിടികൂടുന്നു. മതസ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവ ഇതിനുപയോഗിക്കപ്പെടുന്നു. അരാഷ്ട്രീയ ക്യാമ്പസുകളിലും സാമുദായിക സംഘടനകള്‍ വേരുറപ്പിക്കുന്നു. മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരില്‍ നിരവധി ബാലസംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന വ്യാജസങ്കല്‍പ്പം മതഭക്തരായ രക്ഷിതാക്കളുടെ പിന്തുണ നേടാന്‍ സഹായിക്കുന്നു. കുട്ടികളുടെ രംഗത്തുള്ള മതസാമുദായിക സംഘടനകള്‍ കേരളത്തിന്‍റെ മതനിരപേക്ഷ ജീവിതത്തിന് കനത്ത വെല്ലുവിളിയാണ്.
1.6 അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും
എതിരെ പൊരുതി വളര്‍ന്ന കേരളം അതിവേഗം ഒരു തിരിച്ചുപോക്ക് നടത്തുകയാണോ എന്ന് ആശങ്കപ്പെടുന്നു. മന്ത്രവാദവും (മാട്ടും മാരണവും) ഏലസും ജ്യോതിഷവും ആള്‍ദൈവങ്ങളും സമൂഹത്തെ വലിയഅളവില്‍ സ്വാധീനിക്കുന്നു. കുട്ടികളെയും ഈ ദുഷ്പ്രവണതകള്‍ പിടികൂടുന്നു. നമ്മുടെ ഔപചാരികവിദ്യാഭ്യാസത്തിന് പുതുതലമുറകളെ ഈ ദൂഷിതവലയത്തില്‍നിന്ന് മോചിപ്പിക്കാനാവുന്നില്ല.
1.7 ലഹരിയില്‍ മുങ്ങുന്ന കേരളം
അരി വാങ്ങാന്‍ ചെലവഴിക്കുന്നതിനെക്കാള്‍ കുടുതല്‍ പണം മദ്യം വാങ്ങാന്‍ ചെലവഴിക്കുന്ന ജനത എന്ന കുപ്രസിദ്ധി കേരളത്തിനുള്ളതാണ്. ഇത് വലിയൊരു സാമൂഹിക ദുരന്തമാണ്. ഇതും കുഞ്ഞുങ്ങളെ കാര്യമായി ബാധിക്കുന്നു. മദ്യപാനികളായ രക്ഷിതാക്കളുടെ വീട്ടില്‍ കുട്ടികള്‍ സുരക്ഷിതരല്ല.
എന്നുമാത്രമല്ല ലഹരിക്ക് കുട്ടികളും അടിമപ്പെടുന്നു. പാന്‍പരാഗ് പോലുള്ള ലഹരിവസ്തുക്കള്‍ക്ക് സ്കൂള്‍ പരിസരങ്ങളില്‍ നല്ല ചെലവാണ്. മെഡിക്കല്‍ഷോപ്പുകളില്‍നിന്നും ലഹരിപദാര്‍ഥങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന കുട്ടികള്‍ കുറവല്ല. ലഹരിക്കടിമകളായ പല കുട്ടികളും മയക്കുമരുന്ന് മാഫിയകളുടെ ഇരകളുമാണ്.
1.8 ബാല്യം കവര്‍ന്നെടുക്കുമ്പോള്‍
കുട്ടികളെ വ്യക്തികളായി അംഗീകരിക്കുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യ സമൂഹമായി മാറാന്‍ കേരളം ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. തന്‍റെ അഭീഷ്ടം സാധിക്കാനുള്ള ഉരുപ്പടികളാണ് പലര്‍ക്കും കുട്ടികള്‍. വളരെവേഗം ഉദ്ദിഷ്ട നേട്ടങ്ങളിലെത്താന്‍ കനത്ത സമ്മര്‍ദമാണ് കുട്ടികളില്‍ ചെലുത്തുന്നത്. പ്രീ-പ്രൈമറി ഘട്ടം മുതല്‍ വിദ്യാഭ്യാസകാലം മുഴുവന്‍ പീഡനകാലമായി മാറാന്‍ ഇത് ഇടവരുത്തുന്നു. ഇതുണ്ടാക്കുന്ന പല സങ്കീര്‍ണങ്ങളായ മാനസിക പ്രശ്നങ്ങള്‍ക്കും കുട്ടി വിധേയമാകുന്നു. ഗുരുതരമായ സാംസ്കാരിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഈ പ്രവണതയുടെ ഗൗരവം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സാമൂഹികപ്രതിബദ്ധതയില്ലാത്ത, നാടിനോടോ കുടുംബത്തോടോ സ്നേഹമില്ലാത്ത, പണം ചുരത്തുന്ന പ്രൊഫഷണലുകളായി, പലപ്പോഴും വിദേശത്ത് ഭാഗ്യമന്വേഷിക്കുന്ന 'എക്സ്പോര്‍ട്ട് ക്വാളിറ്റി പ്രോഡക്റ്റുക'ളായി പുറത്തുവരുന്ന ഒരു തലമുറ കേരളീയ ജീവിതത്തിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ അചിന്ത്യമാണ്.
1.9 അരക്ഷിതബാല്യം
ഇതിനപ്പുറത്താണ് കുട്ടികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍. കുട്ടികള്‍ക്കുനേരെ നടക്കുന്ന ക്രൂരതകള്‍ വളര്‍ന്നുവരികയാണ്. പ്രൈമറി ക്ലാസിലെ കുട്ടികള്‍വരെ ലൈംഗികപീഡനത്തിനിരയാകുന്നു. യാത്രാവേളകള്‍ കുട്ടികള്‍ക്ക് മഹാപീഡനമാണ് സമ്മാനിക്കുന്നത്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. വീട്ടില്‍പ്പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകള്‍ ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമല്ല. കഠിനമായി ശിക്ഷിച്ച് മൃഗങ്ങളെ പരിശീലിപ്പിക്കുന്ന വ്യവഹാരരീതിയില്‍ കുട്ടികളെ പഠിപ്പിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയങ്ങളും അനാഥാലയങ്ങളുമെല്ലാം പീഡിതമായ നിഷ്കളങ്ക ബാല്യത്തിന്‍റ നിസ്സഹായമായ തേങ്ങലുകളുയരുന്ന തടവറകളാണ്.
1.10 ബാലസംഘടനകള്‍
അച്ചടിദൃശ്യമാധ്യമങ്ങള്‍ (നവമാധ്യമങ്ങളടക്കം) കുട്ടികളില്‍ പല രീതിയിലുള്ള പ്രതിലോമസ്വാധീനങ്ങള്‍ ചെലുത്തുന്നതായി നാം കണ്ടു (അരാഷ്ട്രീയവാദം, അടിപൊളി സംസ്കാരം, അന്ധവിശ്വാസങ്ങള്‍). ഇതിനും പുറമെ ചില മാധ്യമങ്ങള്‍ കുട്ടികളെ സംഘടിപ്പിക്കുകയും ചെയ്യുന്നു. മനോരമ ബാലജനസഖ്യവും മാതൃഭൂമി സ്റ്റഡീസര്‍ക്കിളും ഈ അരാഷ്ട്രീയ സംഘടനകളില്‍ ചിലതാണ്.
ബോധപൂര്‍വമായ രാഷ്ട്രീയ ഇടപെടലില്ലാതെ വന്നാല്‍ കുടുംബശ്രീ ബാലസഭകളും അരാഷ്ട്രീയ പ്രസ്ഥാനമായി മാറാനുള്ള സാധ്യത കുറവല്ല. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ബാലവേദികള്‍ പുരോഗമന സ്വഭാവമുള്ള സംഘടനയാണ്. പക്ഷേ, അതിന്‍റെ പ്രവര്‍ത്തനം വേണ്ടത്ര വ്യാപകമല്ല. പ്രധാനമായും സ്കൂള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മാത്രവുമല്ല, ശാസ്ത്രീയ കാഴ്ചപ്പാടിനെ രാഷ്ട്രീയവുമായി കണ്ണിചേര്‍ക്കല്‍ ബാലവേദികളുടെ ലക്ഷ്യമല്ല.
1.11 വിദ്യാഭ്യാസത്തിന്‍റ രാഷ്ട്രീയം
ഈ ദു:സ്വാധീനങ്ങളില്‍ നിന്നെല്ലാം കുഞ്ഞുങ്ങളെ വിമോചിപ്പിച്ച് കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റ ധര്‍മ്മം. വിമോചനത്തിനായുള്ള സാംസ്കാരിക പ്രവര്‍ത്തനം എന്നാണ് പൗലോഫ്രെയര്‍ വിദ്യാഭ്യാസത്തെ നിര്‍വചിച്ചത്. എല്ലാത്തരം ഭൃത്യതകളില്‍ നിന്നുമുള്ള മോചനമായാണ് ഗാന്ധിജിയും വിദ്യാഭ്യാസത്തെ കണ്ടത്.
എന്നാല്‍ ഔപചാരിക വിദ്യാഭ്യാസം നിലവിലുള്ള സാമൂഹികവ്യവസ്ഥയുമായി പുതുതലമുറകളെ ഇണക്കിച്ചേര്‍ക്കാനുള്ളതാണ്. അധീശവര്‍ഗത്തിന്‍റ ആശയപരവും സാംസ്കാരികവുമായ അധീശത്വം സമൂഹത്തില്‍ ഉറപ്പിക്കാനുള്ള ഉപാധിയാണ് ഔപചാരിക വിദ്യാഭ്യാസം. അത് വിധേയന്മാരെ സൃഷ്ടിക്കുന്ന പ്രക്രിയയാണ്. അതിന് ഏകമുഖമായ ബോധനസമ്പ്രദായമാണ് അനുയോജ്യം. വ്യവഹാര മനഃശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്ന രീതിയില്‍ ആവര്‍ത്തനവും അഭ്യാസവും (ചാട്ടവാറും അനിവാര്യമാണല്ലോ) വഴിയുള്ള-ശിക്ഷണ-സമ്പ്രദായമാണ് അഭികാമ്യം. അധ്യാപകന്‍റെ വിശദീകരണ പ്രഭാഷണങ്ങള്‍ക്കുമുമ്പില്‍ കുട്ടികള്‍ ഉദാസീന ശ്രോതാക്കളാവുന്നു. അവന്‍റെ സംശയങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ ഇടമില്ല. പാഠപുസ്തകങ്ങളിലെ വസ്തുതകള്‍ മനഃപാഠമാക്കലാണ് പഠനം. മനഃപാഠമാക്കാനുള്ള കഴിവ് പരിശോധിക്കുന്ന പരീക്ഷകളാണ് മികവിന്‍റെ അളവുകോല്‍.
വിധേയന്മാരെ സൃഷ്ടിക്കുക എന്ന ധര്‍മം നിര്‍വഹിക്കേണ്ട ഈ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിലാണ് ജനാധിപത്യകേരളം നിര്‍ണായകമായ ചില ഇടപെടലുകള്‍ നടത്തിയത്. വിദ്യാഭ്യാസത്തിന്‍റെ സാര്‍വത്രികവല്‍ക്കരണം ജനാധിപത്യവല്‍ക്കരണത്തിന്‍റെ ഒരു തലമാണ്. വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് പാഠ്യപദ്ധതി നവീകരണങ്ങളിലൂടെ നാം ശ്രമിച്ചത്. അതില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞു.
എന്നാല്‍ ഈ ജനാധിപത്യവല്‍ക്കരണത്തെ പുറകോട്ടടുപ്പിക്കാന്‍ പല രീതിയിലും ശ്രമം നടക്കുന്നു. വിദ്യാഭ്യാസത്തിന്‍റ സ്വകാര്യവല്‍ക്കരണവും കച്ചവടവല്‍ക്കരണവും അധീശവര്‍ഗത്തിന്‍റ കടന്നാക്രമണത്തിന്‍റെ ഒരു മുഖമാണ്. മതമേധാവികളും സാമുദായികശക്തികളും പാഠ്യപദ്ധതിയിലും പാഠപുസ്തക രചനയിലും ഇടപെടുന്നത് ഈ ആക്രമണത്തിന്‍റെ മറ്റൊരു തലമാണ്. ആധുനിക മനഃശാസ്ത്രത്തിന്‍റെയും വിദ്യാഭ്യാസ തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ഈ പാഠ്യപദ്ധതിതന്നെ ശരിയല്ലെന്ന പ്രചരണവും ദശാബ്ദങ്ങള്‍ക്കുമുമ്പുള്ള പഠനബോധനസമീപനങ്ങളുള്‍ക്കൊള്ളുന്ന സി ബി എസ് ഇ സിലബസാണ് അഭികാമ്യമെന്നുള്ള നിലപാടും അതിനനുസരണമായ നടപടികളും ചരിത്രത്തെ പുറകോട്ടുതിരിക്കുന്ന കടുത്ത കടന്നാക്രമണങ്ങളാണ്.
ഈ പശ്ചാത്തലത്തില്‍ ഔപചാരികവിദ്യാഭ്യാസ സംവിധാനത്തിനു സമാന്തരമായി ജനാധിപത്യ വിദ്യാഭ്യാസപ്രസ്ഥാനത്തിന് രൂപംകൊടുത്ത് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അത്തരം ഒരു ജനാധിപത്യ വിദ്യാഭ്യാസ - സാംസ്കാരിക പ്രസ്ഥാനമായി മാറാനാണ് ബാലസംഘം ശ്രമിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് ഒരു ബദല്‍ ഉയര്‍ത്തുകയാണ് നാം ചെയ്യേണ്ടത്.
2. ബദല്‍ വിദ്യാഭ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങള്‍:
ചുറ്റുമുള്ള ജീവിതത്തില്‍ ഇടപെട്ട് പുതുക്കിപ്പണിയാന്‍ ത്രാണിയും തന്‍റേടവുമുള്ളവരായി കുട്ടികള്‍ വളര്‍ന്നുവരണം. കുട്ടികളെ അതിനു സഹായിക്കുന്നതായിരിക്കണം, ജനാധിപത്യവിദ്യാഭ്യാസം. ജാതി-മത ഭിന്നതകള്‍ക്കതീതമായി രക്ഷിതാക്കളുടെ രാഷ്ട്രീയ നിലപാടുകള്‍ പരിഗണിക്കാതെ ഒത്തുകൂടാന്‍ കഴിയുന്ന കേരളത്തിലെ മുഴുവന്‍ കുട്ടികളുടെയും പൊതുകൂട്ടായ്മയാണ് ബാലസംഘം വിഭാവനം ചെയ്യുന്നത്.
ഒരു ബദല്‍ വിദ്യാഭ്യാസ - സാംസ്കാരിക പ്രസ്ഥാനമെന്നനിലയില്‍ ബാലസംഘം താഴെപ്പറയുന്ന പ്രവര്‍ത്തനലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുന്നു.
- ശാസ്ത്രീയ ജീവിതവീക്ഷണവും ചരിത്രബോധവുമുള്ളവരായി കുട്ടികള്‍ വളര്‍ന്നുവരണം.
- മനുഷ്യസ്നേഹവും സാമൂഹികപ്രതിബദ്ധതയും സന്നദ്ധതയുമുള്ളവരായി കുട്ടികള്‍ വളരണം.
- പരിസ്ഥിതി അവബോധമുള്ളവരും പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുമാകണം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടവരാകണം.
$ അധ്വാനത്തിന്‍റെ മഹത്വത്തെ അംഗീകരിക്കാനും അധ്വാനിക്കുന്ന മനുഷ്യരെ ആദരിക്കാനും കഴിയുന്നവരായി വളരണം. സാമൂഹികാധ്വാനത്തിന്‍റെ മഹത്തായ നേട്ടങ്ങളില്‍ അഭിമാനംകൊള്ളാന്‍ കഴിയുന്നവരാകണം.
- അഭിപ്രായങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന അന്യരുടെ വിശ്വാസപ്രമാണങ്ങളെ വിയോജിപ്പു നിലനിര്‍ത്തുമ്പോള്‍ത്തന്നെ ആദരിക്കാന്‍ കഴിയണം. മതനിരപേക്ഷ ജീവിതസംസ്കാരം ഉള്‍ക്കൊള്ളുന്നവരായിരിക്കണം.
- ലിംഗസമത്വം അംഗീകരിക്കാന്‍ കഴിയണം. എല്ലാത്തരത്തിലുമുള്ള ലിംഗവിവേചനത്തിനും എതിരായിരിക്കണം.
- യുദ്ധവിരുദ്ധ മനോഭാവമുള്ളവരും സമാധാനകാംക്ഷികളുമായ് വളരണം.
- കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു ബോധമുള്ളവരായിരിക്കണം.
- കേരളത്തിന്‍റെ തനതുകലാപാരമ്പര്യത്തില്‍ അഭിമാനമുള്ളവരായിരിക്കണം.
- കേരളത്തിന്‍റെ കായികസംസ്കാരം ഉള്‍ക്കൊള്ളുന്നവരും കായികക്ഷമതയുള്ളവരുമായി വളരണം.
- മാനവരാശിയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ആദരിക്കാനും മാനവരാശിയുടെ കൂട്ടായ സ്വത്തെന്ന നിലയില്‍ അഭിമാനിക്കാനും കഴിയണം.
- ചുറ്റുമുള്ള ജീവിതയാഥാര്‍ഥ്യങ്ങളെ വിമര്‍ശനപരമായി വിലയിരുത്താനും പ്രശ്നങ്ങള്‍ വിശകലനം ചെയ്തു പരിഹാരം തേടാനും അതനുസരിച്ച് ഇടപെടാനും കഴിവുള്ളവരാകണം.
- ഉയര്‍ന്ന നീതിബോധമുള്ളവരും എല്ലാത്തരം അനീതികള്‍ക്കും തിന്മകള്‍ക്കും എതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയുന്നവരുമാകണം.
- ചുറ്റുമുള്ള ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതായി പുതുക്കിപ്പണിയുന്നത് തന്‍റെകൂടി ചുമതലയാണെന്നും അതിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവുള്ളവരാകണം. ചുറ്റുപാടില്‍ സര്‍ഗാത്മകമായി ഇടപെടാനുള്ള കഴിവുള്ളവരായി കുട്ടികള്‍ വളരണം.
- ജനാധിപത്യ ജീവിതനൈപുണികള്‍ ആര്‍ജിച്ചവരായി കുട്ടികള്‍ വളരണം.
- സ്വാഭിപ്രായം ആര്‍ജവത്തോടും തന്‍റേടത്തോടുംകൂടി അന്യരെ ചിന്തിപ്പിക്കുംവിധം ആവിഷ്കരിക്കാനുള്ള കഴിവ്, അതിനായ് വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശേഷിയുള്‍പ്പെടെ-
- മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ശ്രദ്ധാപൂര്‍വം ശ്രവിക്കാനും, വ്യത്യസ്തത പുലര്‍ത്തുമ്പോഴും ആദരിക്കാനുമുള്ള സംസ്കാരം.
- മറ്റുള്ളവരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭിപ്രായങ്ങള്‍ പുനഃപരിശോധിക്കാനും, ആവശ്യമാണെങ്കില്‍ യുക്തിസഹമായി പരിഷ്കരിക്കാനുമുള്ള സന്നദ്ധത.
- മുഖ്യലക്ഷ്യത്തിനുവേണ്ടി ചില്ലറ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറത്ത് വ്യക്തികളെ ഏകോപിപ്പിക്കാനുള്ള നേതൃശേഷി.
ചുരുക്കത്തില്‍ പ്രകൃതിയിലും ചരിത്രത്തിലുമുള്ള സ്വന്തം ഇടം തിരിച്ചറിഞ്ഞ തന്‍റേടികളും മനസലിവുള്ളവരുമായി നമ്മുടെ കുഞ്ഞുങ്ങള്‍ വളരണം. അതിനു സഹായകരമായ അനുഭവങ്ങളായിരിക്കണം, അവര്‍ക്ക് ബാലസംഘം പ്രവര്‍ത്തനങ്ങളില്‍നിന്നു ലഭിക്കേണ്ടത്. അതിനുതകുന്ന പ്രവര്‍ത്തനപരിപാടികളാണ് ബാലസംഘം ആവിഷ്കരിക്കേണ്ടത്.