പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് (1957-59) കുട്ടികളുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങളില്‍ ആദ്യമായി മാന്യമായ സ്ഥാനം നല്കിയത്. എന്നാല്‍ അന്ന് ആവിഷ്കരിക്കപ്പെട്ടു നടന്നുവന്ന കുട്ടികളുടേതായ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അവരുടേതായ തനിമ ഒട്ടുംതന്നെ ഇല്ലായിരുന്നു. മുതിര്‍ന്നവര്‍ ഉണ്ടാക്കുന്ന ചട്ടങ്ങള്‍ക്കനുസരിച്ച് രൂപം കൊടുത്തവയായിരുന്നു അവ. ഈ കുറവു നികത്തുന്നതിനുവേണ്ടിയുള്ള ബദല്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അന്വേഷണം 1982 മുതല്ക്കേ ബാലസംഘത്തിന്‍റെ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലയിലെ കിളിക്കൂട്ടം, പാലക്കാട് ജില്ലയിലെ കളിവണ്ടി, കണ്ണൂര്‍ ജില്ലയിലെ കളിവഞ്ചി തുടങ്ങിയ കുട്ടികളുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടേതായ കൂട്ടായ്മകള്‍ ബാലസംഘം മുന്‍കൈയെടുത്ത് ആരംഭിച്ച കുട്ടികളുടെ രംഗകലാപരിപാടികളായിരുന്നു.
ഇവയുടെ തുര്‍ച്ചയായാണ് 1990 ല്‍ വേനല്‍ത്തുമ്പികള്‍ എന്ന പേരിലുള്ള കുട്ടികളുടെ കലാജാഥാപരിപാടിക്ക് ബാലസംഘം സംസ്ഥാനാടിസ്ഥാനത്തില്‍ രൂപം കൊടുത്തത്. കുട്ടികളുടെ മേഖലയില്‍ രംഗകലാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും അതിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നവരെയും സംസ്ഥാനാടിസ്ഥാനത്തില്‍ വിളിച്ചുകൂട്ടി അവരുടെ നേതൃത്വത്തില്‍ ഒരു ജില്ലയിലെ കുട്ടികളുടെ ഒന്നോ രണ്ടോ ട്രൂപ്പുകള്‍ക്ക് കുട്ടികളുടേതായ തനിമയുള്ള ഏതാനും ദൃശ്യശില്പങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പരിശീലനം നല്കുകയും അവിടെ നിന്നുകിട്ടുന്ന അനുഭവങ്ങള്‍ വച്ച് അവര്‍ സ്വന്തം ജില്ലകളില്‍ച്ചെന്ന് അവിടെയുള്ള ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്കി അതതു ജില്ലകളില്‍ കലാജാഥകള്‍ പര്യടനം നടത്തുകയും - ഈ രീതിയില്‍ വേനല്‍ത്തുമ്പി കലാജാഥകള്‍ രൂപകല്പന ചെയ്ത് 1990 ല്‍ ആയിരുന്നു.
എത്രനാളത്തെ തലപുകഞ്ഞുള്ള ആലാചനയ്ക്ക് ശേഷമാണ് വേനല്‍ത്തുമ്പികള്‍ എന്ന പേരില്‍ ഈ പരിപാടിയുടെ സംഘാടകരില്‍ മുന്നിട്ടുനിന്നവര്‍ എത്തിയതെന്നോ? അങ്ങനെ തലപുകഞ്ഞാലോചിച്ചവരില്‍ ഗംഗാധരന്‍ മാഷും (പ്രൊഫ. പി ഗംഗാധരന്‍) ടി കെ നാരായണ ദാസും എം ശിവശങ്കരനും ജി രാധാകൃഷ്ണനും ഈ ലേഖകനും ഉള്‍പ്പെടുന്നു.
ആദ്യത്തെ വേനല്‍ത്തുമ്പി കലാജാഥകള്‍ക്കുവേണ്ടിയുള്ള സംസ്ഥാനതല ശില്പശാല നടന്നത് 1990 ലെ മദ്ധ്യ വേനലവധിക്കാലത്തിനു തൊട്ടുമുമ്പ്, മുമ്പ് സൂചിപ്പിച്ചതുപോലെ കുട്ടികളുടെ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത് തൃശൂര്‍ വച്ചു ചേര്‍ന്ന യോഗത്തിനു പിന്നാലെ പാലക്കാട് ജില്ലയിലെ ബാലസംഘം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നിളാനദിയുടെ തീരത്തെ തൃത്താലയില്‍ വച്ചായിരുന്നു. പ്രൊഫ. പി ഗംഗാധരന്‍, ഡി പാണി, എം ശിവങ്കരന്‍, ഡോ. എന്‍ കെ ഗീത തുടങ്ങിയവര്‍ നേതൃത്വം നല്കിയ ആ ശില്പശാലയില്‍നിന്ന് ഉരുത്തിരിഞ്ഞ അതിമനോഹരമായ ഒരു ദൃശ്യശില്പമായിരുന്നു അപ്പമരം. തെക്കെ മലബാറിലെ പല തലമുറകളില്‍പ്പെട്ട കുട്ടികള്‍ അവരുടെ മുത്തശ്ശിമാരില്‍ നിന്ന് കേട്ട് ഒരേ സമയം പേടിക്കുകയും ആഹ്ലാദിക്കുകയും ചെയ്ത ഒരു നാടന്‍ കഥയില്‍നിന്ന് പാണിമാഷ് മെനഞ്ഞെടുത്ത ദൃശ്യശില്പമായിരുന്നു അത്. തുടര്‍ന്ന് സ്കൂള്‍ യുവജനോത്സവങ്ങളുടെ കണക്കില്ലാത്ത വേദികള്‍ മുതല്‍ സംസ്ഥാന സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ദേശീയ നാടകോത്സവത്തിന്‍റെ വേദിയില്‍വരെ കുട്ടികളും മുതിര്‍ന്നവരും ഒരേ താല്പര്യത്തോടെയും കുതൂഹലത്തോടെയും അപ്പമരം കണ്ട് ആസ്വദിക്കുകയുണ്ടായി. ഒന്നാമത്തെ വേനല്‍ത്തുമ്പി കലാജാഥാ പരിപാടിയില്‍ അപ്പമരത്തിന് പുറമേ ഭാസുരേന്ദ്ര ബാബു രചിച്ച നെല്‍സണ്‍ മണ്ടേലയെക്കുറിച്ചുള്ള കറുത്തപൂവ് തുടങ്ങിയ ചെറു നാടകങ്ങളും ഉള്‍പ്പെട്ടിരുന്നു. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ഒന്നാമത്തെ വേനല്‍ത്തുമ്പി കലാജാഥാ പരിപാടി ആവേശപൂര്‍വ്വം സ്വീകരിക്കപ്പെടുകയുണ്ടായി.
വേനല്‍ത്തുമ്പികള്‍ക്കുവേണ്ടി പാട്ടുകളും നാടകങ്ങളും എഴുതിയവരിലും പാട്ടുകള്‍ക്ക് ഈണം നല്കിയവരിലും തുമ്പികളുടെ ചുവടുകള്‍ വിന്യസിച്ചവരിലും കേരളത്തിലെ പ്രശസ്തരായ നിരവധി കവികളും നാടകകൃത്തുക്കളും ദൃശ്യ - ഗാന സംവിധായകരും ഉള്‍പ്പെടുന്നു.
പാട്ടുകള്‍ എഴുതിക്കൊടുത്ത് തുമ്പികളെ അനുഗ്രഹിച്ചവരില്‍ ചിരസ്മരണീയനായ ഒ എന്‍ വി കുറുപ്പ്, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ്മ, പിരപ്പന്‍കോട് മുരളി, പരേതരായ ശ്രീരേഖ, മുല്ലനേഴി എന്നിവര്‍ ഉള്‍പ്പെടുന്നു. ഒ എന്‍ വി എഴുതി നല്കിയ പാട്ടുകളില്‍ പുലര്‍വെട്ടം, എത്രസുന്ദരമെന്‍റെ മലയാളം, നറുമൊഴി, വേനല്‍ത്തുമ്പികള്‍ വരവായ്, തുഞ്ചന്‍റെ നാട്ടില്‍ എന്നിവ പെടുന്നു. ഏഴാച്ചേരിയുടെ നാളത്തെ ലോകം, റാമും മുഹമ്മദും എബ്രഹാമും, ഒരേ ശക്തിയാകാം; പ്രഭാവര്‍മ്മയുടെ കടങ്കഥപ്പാട്ട്, കേരളഗാനം, വൃന്ദഗാനം; പിരപ്പന്‍കോട് മുരളിയുടെ നമ്മള്‍ പറയിപെറ്റ മക്കള്‍, അ ആ ഇ ഈ, ശ്രീരേഖയുടെ മലയാളം, മലയാളം; മുല്ലനേഴിയുടെ നന്മ, അക്ഷരഗീതം എന്നീ പാട്ടുകളും എടുത്തുപറയേണ്ടതുണ്ട്. ഇവരെക്കൂടാതെ, സി ആര്‍ ദാസ്, ലളിതാ ലെനിന്‍, എം എസ് കുമാര്‍, എം വി മോഹനന്‍, ആര്യന്‍ കണ്ണനൂര്‍, ആലിന്തറ ജി കൃഷ്ണപിള്ള, എ ആര്‍ ചിദംബരം, ഇ രാമചന്ദ്രന്‍, കെ കെ കൃഷ്ണകുമാര്‍, ടി പി സ്നേഹചന്ദ്രന്‍, ഹരിശങ്കര്‍ മുന്നൂര്‍ക്കോട്, കെ കെ കൊച്ച്, ആനന്ദ് വി മോഹന്‍ തുടങ്ങി പ്രശസ്തരും അത്രയൊന്നും അറിയപ്പെടാത്തവരും ആയ എഴുത്തുകാര്‍ വേനല്‍ത്തുമ്പികള്‍ക്ക് ആടിപ്പാടാനും ദൃശ്യശില്പങ്ങളായി അവതരിപ്പിക്കാനും വേണ്ടി നിരവധി പാട്ടുകള്‍ എഴുതിക്കൊടുത്തവരില്‍ പെടുന്നവരാണ്.
വേനല്‍ത്തുമ്പി പാട്ടുകളിലധികവും ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ടവയാണ്. നൃത്തം, ചൊല്‍ക്കാഴ്ച എന്നിങ്ങനെ പാട്ടുകള്‍ വെറും പാട്ടുകളല്ലാതെ പാട്ടരങ്ങുകളായി മാറുകയാണ്. ഒരു തമാശപ്പാട്ടിനുപോലും രംഗാവിഷ്കാരം നടത്തും. പരിപാടിയുടെ സമാപനം അതതു പ്രദേശത്തുള്ള ഏതെങ്കിലും നാടന്‍ കലയുടെ അവതരണത്തോടുകൂടി ആയിരിക്കും. കാളകളിയോ തിത്തേരക്കുടയോ വട്ടപ്പാട്ടോ പടയണിപ്പാട്ടോ കുമ്മാട്ടിക്കളിയോ പോലെ. പാട്ടുകള്‍ക്ക് ഈണം നല്കുകയും അവയില്‍ പലതും ദൃശ്യശില്പങ്ങളായി ചിട്ടപ്പെടുത്തുകയും ചെയ്തവരില്‍ പ്രൊഫ. കലാമണ്ഡലം വാസുദേവപ്പണിക്കര്‍, ഗോപി കണയം, കെ എം ഉദയന്‍, കലാമണ്ഡലം ഗോപകുമാര്‍, ഡോ. എന്‍ കെ ഗീത എന്നിവര്‍ പേരെടുത്തു പറയേണ്ടവരാണ്.
ഇരുപതിലേറെ പേര്‍ എഴുതിയ നൂറിലേറെ നാടകങ്ങള്‍ കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷക്കാലയളവില്‍ വേനല്‍ത്തുമ്പി കലാജാഥകളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ലിയോ ടോള്‍സ്റ്റോയ്, മാക്സിം ഗോര്‍ക്കി, ആന്‍റണ്‍ ചെഖോവ്, ഓസ്കാര്‍ വൈല്‍ഡ്, രബീന്ദ്രനാഥടാഗോര്‍, സഫ്ദര്‍ ഹഷ്മി, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ് തുടങ്ങിയ എഴുത്തുകാരുടെ നാടകങ്ങളും അവരെഴുതിയ കഥകളുടെ നാടകരൂപങ്ങളും അവയില്‍പ്പെടുന്നു. സാര്‍വ്വദേശീയരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവരും സ്വാതന്ത്ര്യസമരം നയിക്കുകയും അതില്‍ പങ്കാളികളായി വീരചരമമടയുകയും ചെയ്തവരുമായവരുടെ ജീവിതകഥകള്‍, ജാതിക്കും വര്‍ഗ്ഗീയതയ്ക്കും സമൂഹത്തിലെ അനീതികള്‍ക്കും എതിരെ നടന്ന പോരാട്ടങ്ങളുടെ കഥകള്‍, സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍, പരിസ്ഥിതിപ്രശ്നങ്ങള്‍, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളും അവയ്ക്കു പരിഹാരമായുള്ള പുതുവിദ്യാഭ്യാസ സങ്കല്പങ്ങളും, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍, കുട്ടികളുടെ കളിമ്പങ്ങളും അഭിലാഷങ്ങളും ആകുലതകളും, കുട്ടികള്‍ക്ക് പഥ്യമായ നാടോടിക്കഥകളും മുത്തശ്ശിക്കഥകളും തുടങ്ങി ബാലസംഘത്തിന്‍റെ അജണ്ടയില്‍ ഉള്‍പ്പെട്ട നാനാവിഷയങ്ങള്‍ കുട്ടികളുടെ കണ്ണില്‍ക്കൂടി കണ്ടുകൊണ്ടുള്ളവയാണ് ഈ രംഗശില്പങ്ങള്‍.
അപ്പമരമെന്ന നാടന്‍മിത്ത് ആധാരമാക്കിയ നാടകം (ഡി പാണി) കൂടാതെ കറുത്ത പൂവ് (നെല്‍സണ്‍ മണ്ടേലയുടെ ജീവിത കഥ, (എം ഭാസുരേന്ദ്ര ബാബു), രാജാവ് നഗ്നനാണ് (പി ഗംഗാധരന്‍), ജാലിയന്‍ വാലാബാഗ് - ചന്ദ്രശേഖര്‍ ആസാദ് ഒരു ചരിത്രപാഠം റാം മുഹമ്മദ് സിങ്, നാടിന്‍റെ ഉശിരുകള്‍, മംഗള്‍ പാണ്ഡെയുടെയും അയ്യങ്കാളിയുടെയും ജീവിതകഥകള്‍, ഞങ്ങള്‍ പാവകളല്ല, അമ്മുവിന്‍റെ പുള്ളിയുടുപ്പ്, മനുഷ്യന്‍റെ കഥ, സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ മരിക്കുന്നില്ല (ടി കെ നാരായണ ദാസ്), കാറ്റുപറഞ്ഞ കഥ, തീണ്ടല്‍പ്പലക, ഒറ്റമൂലി, ശ്യാമിന്‍റെ സ്വപ്നം, മൂക്കല്ലേ പോട്ടെ, നുണ, ശങ്കരച്ചാരുടെ വടി, പുഴയും കുട്ടിയും, മാവലി അറസ്റ്റില്‍, ചരിത്രത്തിലെ കള്ളന്‍ (എ ആര്‍ ചിദംബരം), കുടുകുടു കുട്ടിച്ചാത്തന്‍. നൂറ്റൊന്നു സ്വര്‍ണ്ണക്കുടങ്ങള്‍, ദേശാടനപ്പക്ഷികള്‍ മാജിക് സ്ലേറ്റ് (എം ശിവപ്രസാദ്), ശിശിരത്തിലെ ഓക്കുമരം, നൂലില്‍ തീര്‍ത്ത സ്വപ്നങ്ങള്‍. പളുങ്കുമണികള്‍ (ബി എസ് ശ്രീകണ്ഠന്‍), ഗോപിയും ബാഘയും, ഭൂമിവര്‍ണ്ണങ്ങള്‍, ചുവന്നപൂവ് (സഫ്ദര്‍ഹഷ്മി), ആനച്ചിലന്തികള്‍. പൂവന്‍കോഴി മുട്ടയിട്ടു. തുരു തുരപ്പപ്പെരുച്ചാഴി ശൂരമഹാരാജാവ് (ആലിന്തറ ജി കൃഷ്ണപിള്ള), പൂതപ്പാട്ടിനുശേഷം, പോസ്റ്റ്മാന്‍ (രബീന്ദ്രനാഥ ടാഗോര്‍ - നാടകാവിഷ്കാരം: ഗോപി കുറ്റിക്കോല്‍), വെളുത്ത കുട്ടി (ഉറൂബ് - നാടകാവിഷ്കാരം: ഡി പാണി.) കുറുക്കന്‍ രാജാവ് (കേലു), പഴുതുകള്‍ പഴുതുകള്‍ സര്‍വ്വത്ര, മിനിക്കുട്ടി പഠിക്കുന്നു (എം വി മോഹനന്‍), കറുത്തവറ്റ് (ആര്യന്‍ കണ്ണനൂര്‍), ഒഞ്ചിയം - ഒരു വീരഗാഥ (ശ്രീജിത് പൊയില്‍ക്കാവ്), വൃന്ദാവനം (കെ വി ഗണേഷ്), ഈ ഭൂമി നമുക്ക് സ്വന്തം (പി പി ലക്ഷ്മണന്‍), ചക്കരമാവും കുട്ടികളും (കെ പി പ്രിയദര്‍ശനന്‍) എന്നിവ അവയില്‍ ചിലതുമാത്രം. ഇവകൂടാതെ കുട്ടികളുടെ രചനകള്‍ കോര്‍ത്തുള്ള നാടകശില്പങ്ങളും വേനല്‍ത്തുമ്പികളില്‍ ദുര്‍ല്ലഭമായെങ്കിലും അവതരിപ്പിക്കപ്പെടുകയുണ്ടായിട്ടുണ്ട്.
കുട്ടികളുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളുടേതായ തനിമ നല്കാനുള്ള നിരന്തരമായ അന്വേഷണങ്ങളിലൂടെ കുട്ടികളുടെ തിയേറ്റര്‍ എന്തെന്ന് കേരള സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് വേനല്‍ത്തുമ്പി കലാജാഥകള്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്.