കേരളത്തിന്‍റെയും ഇന്ത്യയുടെയും ആധുനികകാല ചരിത്രത്തില്‍ കുട്ടികളും അവരുടേതായ സംഘടനകളും തങ്ങളുടേതായ അടയാളങ്ങള്‍ അവശേഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഔദ്യോഗിക ചരിത്രനിര്‍മ്മാതാക്കളുടെ ശ്രദ്ധയില്‍ അവയില്‍ പലതും സ്ഥാനം പിടിച്ചിട്ടില്ല. നമ്മുടെ ചരിത്ര നിര്‍മ്മിതിയുടെ ഒരു വലിയ ദൗര്‍ബല്യമാണിത്. കുട്ടികളുടെ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വത്തിനും ഭൂപ്രഭുത്വത്തിനും ജാതിപരമായ ഉച്ചനീചത്വങ്ങള്‍ക്കും എതിരെ നിന്ന് ധീരമായ പോരാട്ടങ്ങളില്‍ പങ്കെടുത്ത് കുട്ടികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നത് ചരിത്രത്തെ നേരായി മനസ്സിലാക്കുന്നതിനു മാത്രമല്ല ഇന്നത്തെയും നാളത്തെയും പുതുതലമുറകള്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനപാത കണ്ടെത്തുന്നതിനും ആവശ്യമാണ്. അത്തരത്തിലുള്ള തിരിച്ചറിവോടെ ഇന്ത്യയുടെ തെക്കു പടിഞ്ഞാറെ അറ്റത്തെ കോണിലുള്ള ചെറുതെങ്കിലും സാമൂഹിക നീതി സാക്ഷാല്‍ക്കരിക്കുന്ന കാര്യത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള കേരളത്തില്‍ കുട്ടികളുടെ സംഘടന കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യത്തെ പകുതിയില്‍ തന്നെ എങ്ങനെ രൂപപ്പെട്ടെന്നും അത് പലകാലത്ത് പലപേരിലും സംഘടിപ്പിക്കപ്പെട്ട് ഏറ്റവുമൊടുവില്‍ എങ്ങനെ ഇന്നത്തെ ബാലസംഘം ആയെന്നും കുട്ടികളുടെ ആ പ്രസ്ഥാനം കേരളത്തിന് എന്തുസംഭാവന നല്കിയെന്നും ചരിത്രപരമായി പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
അതിനുമുമ്പായി ഇന്നു കേരളത്തില്‍ കുട്ടികളുടെ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളെയും അവയുടെ സ്വഭാവത്തെയും ചെറുതായൊന്നു പരിശോധിക്കാം.
കുട്ടികളുടെ രംഗത്ത് എത്രയെത്ര സംഘടനകള്‍?
കുട്ടികളുടെ രംഗത്ത് നിരവധി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ബാലജനസഖ്യം, മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ തുടങ്ങിയ ചില സംഘടനകള്‍ സ്വതന്ത്രവും, രാഷ്ട്രീയനിരപേക്ഷവും എന്നു സ്വയം വിശേഷിപ്പിക്കുന്നവയും മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളുടെ തണലില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. ബാലഗോകുലം, സുന്നിബാലസംഘം തുടങ്ങി ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ പോറ്റിവളര്‍ത്തുന്ന സംഘടനകളും ഈ രംഗത്തുണ്ട്. മദ്രസകള്‍, യത്തീം ഖാനകള്‍ തുടങ്ങിയ മുസ്ലിം മതസ്ഥാപനങ്ങളും ക്രിസ്ത്യന്‍പള്ളികള്‍ നടത്തുന്ന സണ്‍ഡെ സ്കൂളുകളും അമ്പലങ്ങള്‍ കേന്ദ്രീകരിച്ചുള്ള മതപാഠശാലകളും കുട്ടികള്‍ക്കിടയില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന സ്ഥാപനങ്ങളാണ.് കൂടാതെ വിവിധ ജാതിസംഘടനകള്‍ക്കു കീഴില്‍ അവയുടെ വനിതാവിഭാഗങ്ങളുടെ അനുബന്ധങ്ങളായി പ്രവര്‍ത്തിക്കുന്ന ബാലജനയോഗങ്ങള്‍പോലുള്ള കുട്ടികളുടെ സംഘടനകളും കേരളത്തിലുണ്ട്. ഈ സംഘടനകളെല്ലാംതന്നെ കുട്ടികളെ ചെറുപ്പത്തിലേ പിടികൂടുക എന്ന ഫാസിസ്റ്റ് സമീപനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്.
ഈ സംഘടനകളുടെ നിരയിലേക്ക് ഏറ്റവും ഒടുവില്‍ ജയഹിന്ദ് ബാലവേദി എന്നൊരു സംഘടനയുമായി കോണ്‍ഗ്രസും കടന്നുവന്നിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസിന്‍റെ തന്നെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബാലതരംഗം എന്ന പ്രസ്ഥാനത്തിന്‍റെ നിലയും മറ്റൊന്നല്ല.
ശാസ്ത്രസാഹിത്യപരിഷത്ത് നേതൃത്വം നല്കുന്ന ബാലവേദികളും സംസ്ഥാനത്തു നിലവിലുണ്ട്. കുട്ടികള്‍ക്കിടയില്‍ ശാസ്ത്രീയ സമീപനം പുലര്‍ത്തുന്നതിനുവേണ്ടി നിലനില്ക്കുന്ന പരിഷത്ത് ബാലവേദികളുടെ പ്രവര്‍ത്തനം പൊതുവില്‍ പുരോഗമനപരമാണെങ്കില്‍പ്പോലും കുട്ടികളെ രാഷ്ട്രീയബോധമുള്ളവരാക്കുക ഇവയുടെ ലക്ഷ്യമല്ല.
അടുത്ത കാലത്തായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലസഭകളും രംഗത്തുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ ജനപ്രതിനിധികള്‍ക്കോ കുട്ടികളുടെ സംഘടനകളുടെ പ്രതിനിധികള്‍ക്കുപോലുമോ ഒരുതരത്തിലുള്ള പങ്കുമില്ല. ഏതാനും ഉദ്യോഗസ്ഥന്മാരാണ് അവയെ നിയന്ത്രിക്കുന്നത്. അതുമൂലം അരാഷ്ട്രീയ സ്വഭാവമാണ് പൊതുവില്‍ അവയ്ക്കുള്ളത്. മോശമല്ലാത്ത സാമ്പത്തിക പിന്തുണ നല്കാന്‍ കുടുംബശ്രീക്കു കഴിയുമെന്നതിനാല്‍ അവയിലേക്ക് കുട്ടികളും കുട്ടികളുടെ രംഗത്തെ മുതിര്‍ന്ന പ്രവര്‍ത്തകരും ആകര്‍ഷിക്കപ്പെടുന്ന സ്ഥിതിയും ഉണ്ട്. ഇവയ്ക്കൊക്കെ പുറമെ വിദേശത്തുനിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍നിന്നും മറ്റും പണംപറ്റിയും അല്ലാതെയും കുട്ടികളുടെ ക്ഷേമത്തിന്‍റെയും അവകാശങ്ങളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന നിരവധി എന്‍ ജി ഒകളും (സര്‍ക്കാരിതര സംഘടനകള്‍) നമ്മുടെ നാട്ടില്‍ കുട്ടികളുടെ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവയില്‍നിന്നൊക്കെ വ്യത്യസ്തമായി സമൂഹത്തോടുള്ള ഉറച്ച പ്രതിബദ്ധതയോടെ, മനുഷ്യരാശിയുടെ മുന്നേറ്റത്തെപ്പറ്റി ശാസ്ത്രീയവും ചരിത്രപരവുമായ ഉള്‍ക്കാഴ്ചയുള്ള ധാരണയോടെ യുക്തിചിന്തയിലും അന്ധവിശ്വാസങ്ങളുടെ നിരാസത്തിലും അടിയുറച്ചുനില്ക്കുന്ന കുട്ടികളുടെ പ്രസ്ഥാനമാണ് ബാലസംഘം.
ഉണര്‍ന്നെണീറ്റ കേരളവും കുട്ടികളും
നവോത്ഥാനാനന്തരകേരളത്തില്‍ ദേശീയസ്വാതന്ത്ര്യത്തിനും സാമൂഹ്യ സമത്വത്തിനും വേണ്ടിയും ബ്രിട്ടീഷ് ഭരണത്തിനും അയിത്തം തുടങ്ങിയ ദുരാചാരങ്ങള്‍ക്കും ജന്മിത്വത്തിനും എതിരായും ജനങ്ങള്‍ ഉണര്‍ന്നെണീറ്റു പട പൊരുതാന്‍ തുടങ്ങുകയുണ്ടായല്ലോ. ജനങ്ങളുടെ മനസ്സില്‍ ആവേശം നിറഞ്ഞുനിന്ന ആ പുതുയുഗപ്പിറവിയിലാണ് ആ പുത്തനുണര്‍വ്വിന്‍റെ അനുരണനമെന്നോണം കേരളീയ ഗ്രാമങ്ങളില്‍ ബാലസംഘടനകള്‍ പിറവി കൊണ്ടത്. മുതിര്‍ന്നവര്‍ തങ്ങളുടെ ഈ പോരാട്ടങ്ങളില്‍ അവയെയും പങ്കാളികളാക്കി. യുവജനസംഘടനകളിലും കുട്ടികളുടെ സാന്നിദ്ധ്യവും പങ്കാളിത്തവും പ്രകടമായിരുന്നു. ഇതില്‍നിന്നെല്ലാം കുട്ടികളെ പ്രത്യേകമായി സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും അതിനുള്ള സാദ്ധ്യതകളും സഖാവ് പി കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കള്‍ തിരിച്ചറിഞ്ഞു. അവര്‍ മുന്‍കൈയെടുത്തു വളര്‍ത്തിക്കൊണ്ടുവന്ന ബാലസംഘടനകളുടെ സമകാലീനകേരളത്തിലെ നേരവകാശിയാണ് ബാലസംഘം.
1920 കളുടെ അവസാനത്തിലും 1930 കളുടെ തുടക്കത്തിലും മലബാര്‍ പ്രദേശത്ത് ഉയിര്‍ത്തെണീറ്റ ദേശീയ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സമ്മേളനങ്ങളിലും സമരങ്ങളിലും കുട്ടികള്‍ പങ്കെടുത്തതായി കാണാം. 1928 ല്‍ പയ്യന്നൂരില്‍ ജവഹര്‍ലാല്‍ നെഹ്റു അദ്ധ്യക്ഷനായി ചേര്‍ന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ കാഞ്ഞങ്ങാട്ടുനിന്ന് ദേശീയ വിദ്യാലയത്തിലെ ഒരു സംഘം കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി. ഇന്നത്തെ കാസര്‍ഗോഡ് ജില്ലയില്‍പ്പെട്ട പിലിക്കോട്ട് 1936 ല്‍ ബാലസേവാ വാര്‍ഷികാഘോഷത്തിന് ചെറിയ കുട്ടികള്‍ ദൂരെ ദിക്കുകളില്‍നിന്നും കൊടിയും പിടിച്ച് ജയാരവങ്ങളുമായി എത്തിയതും എ കെ ജി ആ സമ്മേളനം ഉദ്ഘാടനം ചെയ്തതും പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന എ സി കണ്ണന്‍നായര്‍ തന്‍റെ ഡയറിയില്‍ എഴുതിയിട്ടുണ്ട്. ബാലസേവാസമിതിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ അതിന്‍റെ ഭാരവാഹിയായിരുന്ന സി കൃഷ്ണന്‍ നായരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഘടനയുടെ ഒരു ശാഖ കയ്യൂരിലും രൂപീകരിക്കുകയുണ്ടായി. ദേശസേവാ ബാലഭാരതസംഘം എന്നും ചില രേഖകളില്‍ ഈ സംഘത്തെ വിളിക്കുന്നുണ്ട്. 12 നും 18 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് ഈ സംഘടനയില്‍ അംഗങ്ങളായിരുന്നത്. പിലിക്കോട് പ്രദേശത്തെ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാവായിരുന്ന പി സി കുഞ്ഞിരാമന്‍ അടിയോടിയാണ് (പി സി കെ ആര്‍) സംഘടനയുടെ രൂപീകരണത്തിനു മുന്‍കൈയെടുത്തതും അതിനു ഭരണഘടന തയ്യാറാക്കിയതും. പെരിയ നാരായണന്‍ നമ്പ്യാര്‍ ആയിരുന്നു സെക്രട്ടറി, പ്രസിഡന്‍റ് പയ്യാടക്കന്‍ കുഞ്ഞമ്പു നായരും. 12 കാരനായ സി കൃഷ്ണന്‍ നായര്‍ ജോയിന്‍റ് സെക്രട്ടറിയായി. പി സി നാരായണന്‍ അടിയോടി, പി സി കുഞ്ഞികൃഷ്ണന്‍ അടിയോടി എന്നിവര്‍ പ്രധാന പ്രവര്‍ത്തകരായിരുന്നു. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയും ജന്മിത്വത്തിനും ജാതീയതയ്ക്കും എതിരായുമാണ് സംഘടന നിലകൊണ്ടത്. "പിലിക്കോട് കേന്ദ്രമാക്കി സി കൃഷ്ണന്‍ നായര്‍, ചന്ദ്രശേഖരന്‍, പയ്യാടക്കന്‍ കുഞ്ഞമ്പുനായര്‍ തുടങ്ങിയ സഖാക്കളുടെ ഉത്സാഹത്തില്‍ ബാലഭാരതസംഘം എന്നൊരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. അതിന്‍റെ ഒരു ശാഖ കയ്യൂരില്‍ ഞാന്‍ സെക്രട്ടറിയായിക്കൊണ്ട് രൂപീകരിച്ചു." ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ അനുസ്മരിക്കുന്നു.
സംഘത്തിന്‍റെ വാര്‍ഷികത്തിന് പിലിക്കോട് യു പി സ്കൂള്‍ മൈതാനിയില്‍ ടിക്കറ്റ് വച്ച് നാടകം കളിക്കുകയുണ്ടായി. നാടകത്തില്‍ സംഘം പ്രവര്‍ത്തകരായ കിഴക്കേമഠത്തില്‍ അപ്പുമാഷും (പി സി നാരായന്‍ അടിയോടി) സി കൃഷ്ണന്‍ നായരും വേഷമിട്ടിരുന്നു.
പിലിക്കോട്ടെ സംഘം രൂപീകരണത്തെത്തുടര്‍ന്ന് കാസര്‍ഗോഡ്, ചിറയ്ക്കല്‍, കോട്ടയം, കുറുമ്പ്രനാട് എന്നിങ്ങനെ വടക്കെ മലബാറിലാകെ ബാലസംഘം വളര്‍ന്നു വന്നതായി എന്‍ ഇ ബലറാം പറയുന്നുണ്ട്.
(അവലംബം: വടക്കന്‍ പെരുമ-- കാസര്‍ഗോഡ് ജില്ലയുടെ ജനപക്ഷചരിത്രം: കാസര്‍ഗോഡ് ഇ എം എസ് പഠനകേന്ദ്രത്തിന്‍റെ പ്രസിദ്ധീകരണം പേജ് 237 - 238)
മലബാറിലെ ബാലസംഘടനകളുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രകാശ് കാരാട്ട് ഇങ്ങനെ പറയുന്നു.
കര്‍ഷക സംഘടനകളുടെ സര്‍വ്വാശേഷിയായ വളര്‍ച്ച എടുത്തു കാട്ടുന്നതാണ് ബാല സംഘടനകളുടെ വളര്‍ച്ച. ചിറയ്ക്കല്‍ താലൂക്കില്‍ മാത്രം 1938 ല്‍ അത്തരം 70 സംഘടനകള്‍ ഉണ്ടായിരുന്നു. ആ വര്‍ഷം ഏപ്രിലില്‍ നീലേശ്വരം ഫര്‍ക്കാ ബാലസേവാ സമിതിയുടെ രണ്ടാം വാര്‍ഷിക സമ്മേളനം ചേര്‍ന്നു. 500 കുട്ടികളെ പ്രതിനിധീകരിച്ച് 11 സമിതികള്‍ അതില്‍ പങ്കെടുത്തു. മാതമംഗലത്തും കല്യാശ്ശേരിയിലും ഇതുപോലുള്ള സമ്മേളനങ്ങള്‍ ചേര്‍ന്നു. കൃഷിക്കാര്‍ക്കെതിരായ കേസുകളില്‍ അവര്‍ക്കെതിരെ കള്ളത്തെളിവുകള്‍ നല്കാന്‍ പൊലീസ് തങ്ങളെ നിര്‍ബ്ബന്ധിക്കുന്നതിനെതിരായ പ്രമേയം കല്യാശ്ശേരി സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ടു. സമരങ്ങളില്‍ പത്തുമുതല്‍ പതിനാലുവയസ്സുവരെ പ്രായക്കാരായ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ വീടുകള്‍ക്കു മുന്നില്‍ ഈ കുട്ടികള്‍ രാവും പകലും നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി ശല്യം ചെയ്യുകയാണെന്ന് ജന്മിമാര്‍ പരാതിപ്പെട്ടു. കാസര്‍ഗോഡ് പ്രദേശത്ത് കര്‍ഷകരെത്തേടിയെത്തുന്ന പൊലീസുകാരുടെ നീക്കങ്ങളെപ്പറ്റി കുട്ടികള്‍ വിവരം എത്തിക്കുന്നെന്ന് അക്കാലത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ട്. ഈ കുട്ടികളില്‍ നിരവധിപേര്‍ കര്‍ഷക സംഘടനകളുടെ ഗായകസംഘങ്ങളില്‍ ചേരുകയുണ്ടായി. പില്ക്കാലത്ത് അവരില്‍ പലരും പ്രസ്ഥാനത്തിന്‍റെ നേതാക്കളാകുകയും ചെയ്തു. (മലബാറിലെ കാര്‍ഷിക ബന്ധങ്ങളും കര്‍ഷക പ്രസ്ഥാനവും).
ഈ ബാലസംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ചരിത്രപ്രാധാന്യം കയ്യൂര്‍ സമരചരിത്രം വെളിവാക്കുന്നുണ്ട്. കയ്യൂരില്‍ കര്‍ഷകസംഘം യൂണിറ്റിനോടൊപ്പം തന്നെ ബാലഭാരതസംഘം യൂണിറ്റും രൂപീകരിക്കുകയുണ്ടായി. ബാലസംഘം പ്രവര്‍ത്തകര്‍ കയ്യൂര്‍ കേസില്‍ പ്രതികളാക്കപ്പെടുകയും ചെയ്തു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷ ജീവപര്യന്തം തടവാക്കിമാറ്റിക്കിട്ടിയ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ബാലഭാരതസംഘം കയ്യൂര്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നു. യൂണിറ്റ് ട്രഷററായിരുന്ന മലയരുവത്ത് കുഞ്ഞിപ്പൊക്കന്‍ 38-ാം പ്രതിയായിരുന്നു. സംഘത്തിന്‍റെ ക്ലായിക്കോട് യൂണിറ്റ് സെക്രട്ടറി കേസിലെ 22-ാം പ്രതിയായിരുന്നു. കയ്യൂര്‍ കേസില്‍ തൂക്കിലേറ്റപ്പെട്ട ചിരുകണ്ടന്‍ തുടക്കത്തില്‍ ബാലഭാരതസംഘം പ്രവര്‍ത്തകനായിരുന്നു. (ഇവിടെ ചെറിയൊരു ആശയക്കുഴപ്പത്തിനു വകയുണ്ട്. പ്രകാശ് കാരാട്ടും അതുപോലെ തന്നെ എ സി കണ്ണന്‍ നായര്‍, സി കൃഷ്ണന്‍ നായര്‍ എന്നിവരും സംഘടനയുടെ പേര് 'ബാലസേവാസമിതി' എന്നു രേഖപ്പെടുത്തുമ്പോള്‍, ചൂരിക്കാട്ടു കൃഷ്ണന്‍ നായര്‍ ഓര്‍മ്മിക്കുന്നത് ബാലഭാരതസംഘം എന്നാണ്. (തേജസ്വിനി നീ സാക്ഷി എന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ ആത്മകഥ: പേജ് 30 കാണുക.) എന്‍ ഇ ബാലറാം തന്‍റെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന കൃതിയില്‍ 1936 ല്‍ പിലിക്കോട് ഒരു ബാലസമാജം ആവിര്‍ഭവിച്ചതായി പറയുന്നുണ്ട്.)
"ഇന്നതില്‍ ബാലസംഘത്തിങ്കല്‍
ചെന്നു ചേര്‍ന്നീടുവിന്‍ ബാലന്മാരേ!
കൊച്ചനിയത്തിമാരെല്ലാരുമൊന്നിച്ച്
ചെന്നു ചേര്‍ന്നീടുവിന്‍ സംഘത്തിങ്കല്‍"
എന്ന ബാലസംഘം രൂപീകരിക്കാനുള്ള ആഹ്വാനമടങ്ങുന്ന കെ എ കേരളീയന്‍റെ പാട്ട് ആണ്ടലാട്ട് രേഖയില്ലാത്ത ചരിത്രത്തില്‍ ഉദ്ധരിക്കുന്നുണ്ട്. തുടക്കത്തില്‍ ബാലസേവാസമിതി, ബാലസമാജം, ബാലഭാരതസംഘം, ബാലസംഘം തുടങ്ങിയ പല പേരുകളില്‍ കുട്ടികളുടെ സംഘടനകള്‍ രൂപീകരിക്കുകയുണ്ടായി എന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായുണ്ട്.
ഇന്നത്തെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇതേപോലെതന്നെ ബാലസംഘടനകള്‍ രൂപപ്പെട്ടുവരികയും കര്‍ഷക തൊഴിലാളി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിടത്തെല്ലാം കുട്ടികളെ അണിനിരത്തുകയും ചെയ്തു.
കേരളത്തിലെ കുട്ടികളുടെ പ്രസ്ഥാനത്തിന്‍റെ വിത്തുവിതയ്ക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതില്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചത് പി കൃഷ്ണപിള്ളയായിരുന്നു. അന്നത്തെ കാസര്‍ഗോഡ് താലൂക്കില്‍ 1938 ല്‍ നടന്ന ചരിത്രപ്രസിദ്ധമായ കൊടക്കാട് സമ്മേളനത്തിന്‍റെ ഭാഗമായി കുട്ടികളുടെ സമ്മേളനവും ചേരുകയുണ്ടായി. അതില്‍ അദ്ധ്യക്ഷത വഹിച്ചത് പി കൃഷ്ണപിള്ളയായിരുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും കേരളത്തിന്‍റെ മറ്റുപല ഭാഗങ്ങളിലും കൃഷ്ണപിള്ളയുടെ മുന്‍കൈയോടെ ബാലസംഘടനകള്‍ രൂപംകൊണ്ടു. തന്‍റെ മറ്റു പ്രവര്‍ത്തനങ്ങളുമായി ചെന്നെത്തുന്ന എല്ലാ പ്രദേശങ്ങളിലും കുട്ടികളുടെ സംഘടന രൂപീകരിക്കുന്നതില്‍ കൃഷ്ണപിള്ള കാണിച്ച ജാഗ്രത അന്യാദൃശമായിരുന്നു.
ദേശീയ ബാലസംഘം പിറവിയെടുക്കുന്നു
1938 ല്‍ ബക്കളത്തുവച്ചു ചേര്‍ന്ന 10-ാം രാഷ്ട്രീയ സമ്മേളനത്തിന്‍റെ വിഷയനിര്‍ണ്ണയ കമ്മിറ്റിയില്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നതും ദേശീയ കാഴ്ചപ്പാടുള്ളതുമായ കുട്ടികളുടെ സംഘടന രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഇം എം എസ് പ്രതിപാദിക്കുകയുണ്ടായി. ഇ എം എസിന്‍റെ ഈ നിര്‍ദ്ദേശമാണ് അത്തരത്തിലൊരു ബാലസംഘടനയുടെ രൂപീകരണത്തിന് കാരണമായത്.
1938 ഡിസംബര്‍ 28 നാണ് ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ ദേശീയ ബാലസംഘം രൂപംകൊള്ളുന്നത്. ഇ കെ നായനാര്‍ പ്രസിഡന്‍റും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സെക്രട്ടറിയുമായി രൂപം കൊണ്ട ഈ സംഘടന ദേശീയ കാഴ്ചപ്പാടോടെ സംഘടിപ്പിക്കപ്പെട്ട ലക്ഷണമൊത്ത ആദ്യത്തെ ബാലസംഘടനയായിരുന്നു.(ദേശീയ ബാലസംഘത്തെ പ്രതിനിധീകരിച്ച് കുഞ്ഞനന്തന്‍ നായര്‍ ബോംബെയില്‍ വച്ചുചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തെന്നും ആ കോണ്‍ഗ്രസില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി കുഞ്ഞനന്തന്‍ നായര്‍ ആയിരുന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.) ആ സാഹചര്യം സ: നായനാര്‍ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്.
"ചിറയ്ക്കല്‍ താലൂക്കിലും ബാലസംഘം രൂപീകരിക്കണമെന്ന് തീരുമാനമുണ്ടായി. കല്യാശ്ശേരിയിലെ ശ്രീ ഹര്‍ഷന്‍ വായനശാലയില്‍ കുട്ടികളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. പി കൃഷ്ണപിള്ളയായിരുന്നു സാംഘാടകന്‍. അദ്ദേഹം യോഗത്തിന്‍റെ ഉദ്ദേശ്യം വിശദീകരിച്ചു. 'ഇന്ത്യയില്‍ വെള്ളക്കാരുടെ ഭരണം അവസാനിപ്പിക്കാനുള്ള സമരം ശക്തിപ്പെടുകയാണ്. തൊഴിലാളികളും കൃഷിക്കാരും സമരത്തില്‍ അണിനിരക്കുമ്പോള്‍ കുട്ടികളും അവരുടേതായ പങ്കുവഹിക്കണം. സോവിയറ്റ് യൂണിയനിലെ യങ് പയനീര്‍ സംഘടനയുടെ മാതൃകയില്‍ നമുക്കും കുട്ടികളുടെ സംഘടന രൂപീകരിക്കാം.' "
(കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം: പാട്യം സ്മാരക പഠന ഗവേഷണ കേന്ദ്രം, കണ്ണൂര്‍ പേജ് 349-50) 1938 ഒക്ടോബറില്‍ നടന്ന ഈ കൂടിയാലേചനായോഗത്തെ തുടര്‍ന്നാണ് ദേശീയ ബാലസംഘം രൂപീകരിക്കുന്ന സമ്മേളനം ചേര്‍ന്നത്. 400 ലേറെ കുട്ടികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. കെ എ കേരളീയന്‍, വിഷ്ണുഭാരതീയന്‍, എ വി കുഞ്ഞമ്പു, എന്‍ സി ശേഖര്‍, എം പി നാരായണന്‍ നമ്പ്യാര്‍, കെ പി ആര്‍ ഗോപാലന്‍ തുടങ്ങിയ നേതാക്കള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തത് ബാലസംഘം രൂപീകരിക്കുന്നതിനു നല്കപ്പെട്ട പ്രാധാന്യം വ്യക്തമാക്കുന്നു. കൃഷ്ണപിള്ളയുടെ സന്ദേശം ഈ യോഗത്തില്‍ വായിച്ചു. ദേശീയ ബാലസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ 1939 ഏപ്രില്‍ 15 വരെ ചിറയ്ക്കല്‍ താലൂക്കില്‍ സംഘടനയുടെ പ്രചാരണം നടന്നു. ഇതിന്‍റെ നേതൃത്വം എം പി നാരായണന്‍ നമ്പ്യാര്‍ക്കായിരുന്നു.
കുട്ടികളുടെ സംഘടിത പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വിപുലപ്പെടുത്തുന്നതിലും അവയ്ക്ക് ലക്ഷ്യബോധം നല്കുന്നതിലും ഈ പുതിയ ബാലസംഘടന വലിയ സംഭാവനകള്‍ നല്കുകയുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്വവും ജാതിജന്മിനാടുവാഴി മേധാവിത്വവും നാടിനെയും നാട്ടുകാരെയും ഭീതിയിലും ദുരിതങ്ങളിലും അസമത്വങ്ങളിലും അനാചാരങ്ങളിലും തളച്ചിടാന്‍ ശ്രമിച്ച അക്കാലത്ത്, അവയുടെ സ്ഥാനത്ത് ഒരു പുതുജീവിതം പണിയാന്‍ വേണ്ടി ഉയര്‍ന്നെണീറ്റ യുവജനങ്ങളോടൊപ്പം കുട്ടികളെ സംഘടിപ്പിക്കുകയും അവരുടെ സമരങ്ങളെ ആവോളം സഹായിക്കുകയുമാണ് ദേശീയ ബാലസംഘം ചെയ്തത്.
കുട്ടികളേ, നിങ്ങള്‍ ഭയക്കാതിരിക്കുവിന്‍!
കുട്ടികളേ, നിങ്ങള്‍ പഠിക്കുവിന്‍!
കുട്ടികളേ, നിങ്ങള്‍ മനുഷ്യരാകുവിന്‍!
എന്ന ഉജ്ജ്വലമായ ആഹ്വാനം ബാലസംഘം മുഴക്കി. ഈ ആഹ്വാനമനുസരിച്ച് പ്രകാശ് കാരാട്ട് സുചിപ്പിച്ചതുപാലെ, കേരളത്തില്‍, വിശേഷിച്ചും വടക്കേ മലബാറില്‍, ജന്മിമാരെയും നാടന്‍ പ്രഭുക്കളെയും വിറളിപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കുട്ടികളെ സജ്ജരാക്കി. ആമാലന്മാര്‍ ചുമക്കുന്ന മഞ്ചലേറി അവര്‍ നാട്ടുവഴികളിലൂടെ ധിക്കാരപൂര്‍വ്വം നീങ്ങുമ്പാള്‍ മാടമ്പിമാരുടെ ദുഷ്പ്രഭുത്വത്തെയും ധൂര്‍ത്തിനെയും കളിയാക്കിക്കൊണ്ട് കുട്ടികള്‍ അവരുടെ മുമ്പില്‍ നട്ടുച്ചയ്ക്ക് ചൂട്ടുകത്തിച്ചും മറ്റും നടത്തിയ പ്രകടനങ്ങള്‍ എങ്ങനെ അവരെ വിറളിപിടിപ്പിക്കാതിരിക്കും! ഒളിവില്‍ കഴിയുന്ന കര്‍ഷകസംഘം നേതാക്കന്മാരെ ഒരിടത്തുനിന്നും മറ്റൊരിടത്തെത്തിക്കുക, അവര്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുക തുടങ്ങിയ ഗൗരവമേറിയ ചുമതലകളും കുട്ടികള്‍ നിര്‍വ്വഹിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതാകട്ടെ, ബ്രിട്ടീഷ് ഭരണാധികാരികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.
ദേശീയ ബാലസംഘം യൂണിറ്റുകള്‍ രൂപീകരിക്കുന്നതില്‍ പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് തുടങ്ങിയ നേതാക്കള്‍ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. ബാലസംഘം യൂണിറ്റുകളില്‍ പങ്കെടുത്ത് ബ്രിട്ടീഷ് ഭരണത്തിന്‍റെ ദുഷ്ചെയ്തികളെപ്പറ്റിയും സ്വാതന്ത്ര്യം നേടിയെടുത്ത് ജന്മിത്തം അവസാനിപ്പിക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റിയും സംസാരിക്കുന്നതില്‍ പി കൃഷ്ണപിള്ള കാണിച്ചിരുന്ന ഔത്സുക്യം അനുഭവസ്ഥര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
കുട്ടികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ എന്തുചെയ്തു?
കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ഉജ്ജ്വലമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ നടന്ന പലയിടത്തും കുട്ടികള്‍ തങ്ങളുടേതായ പങ്കു നിര്‍വ്വഹിക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ അവ പലപ്പോഴും ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയി. ഇന്ദിരാഗാന്ധിയുടെ വാനരസേനയെപ്പറ്റി മാത്രമേ ചരിത്രം പ്രതിപാദിക്കുന്നുള്ളു. അതും വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ. ആ സംഭവങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് ആവേശകരമായ അനുഭവമാണ്. സമത്വസുന്ദരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്ന യത്നത്തില്‍ മാര്‍ഗ്ഗദര്‍ശകവുമാണ്. അന്നത്തെ കുട്ടികളുടെ തലമുറ വളര്‍ന്ന് ജീവിതത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്നെങ്കിലും അതു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു നിര്‍ഭാഗ്യകരമായിരിക്കും.
ജയലക്ഷ്മിയുടെ കഥ
കേരളത്തില്‍ നിന്നുതന്നെ ഒരു സന്ദര്‍ഭമെടുക്കാം. ഉപ്പുസത്യഗ്രഹത്തിന്‍റെ കാലം. കോഴിക്കോട്ടെ കടപ്പുറം ഉപ്പുസത്യഗ്രഹത്തിന്‍റെ ഒരു കേന്ദ്രമായിരുന്നു. അവിടെ എ വി കുട്ടിമാളുഅമ്മയുടെ നേതൃത്വത്തില്‍ വനിതകള്‍ ഉപ്പു കുറുക്കി ജയിലിലായി. അവരോടൊപ്പം അവരില്‍ പലരുടെയും കൈക്കുഞ്ഞുങ്ങളും. അന്നു കെ പി സി സി പ്രസിഡന്‍റായിരുന്ന മഞ്ചേരി സുന്ദരയ്യരുടെ മകള്‍ ജയലക്ഷ്മി കോഴിക്കോട് ഗണപത് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ സ്കൂളിലെത്തി സഹപാഠികളോട് തങ്ങളുടെ അമ്മമാരെ ജയിലിലടച്ച കാര്യം അറിയിച്ചു. സംഭവത്തിന്‍റെ ഗൗരവം അവരെ ബോദ്ധ്യപ്പെടുത്തി. സ്കൂളില്‍ ബെല്ലടിച്ചപ്പോള്‍ അന്ന് ആരും ക്ലാസില്‍ കയറിയില്ല. പകരം ജയിലിലേക്കു കൂട്ടമായി നീങ്ങി. ജയില്‍ കവാടത്തില്‍ സത്യഗ്രഹമിരുന്നു. അധികാരികളെ ആ സംഭവം അമ്പരപ്പിച്ചു. അവര്‍ വൈകിട്ട് വനിതാ നേതാക്കളെ ജയിലില്‍നിന്നും വിട്ടു. അവരെ സ്വീകരിച്ചശേഷമേ ജയലക്ഷ്മിയും കൂട്ടുകാരികളും ജയില്‍ കവാടത്തില്‍നിന്നും പിരിഞ്ഞുള്ളൂ.
ചന്ദ്രശേഖര്‍ 'ചന്ദ്രശേഖര്‍ ആസാദ്' ആയ കഥ
മദ്ധ്യപ്രദേശിലെ ജാബുവാ ഗ്രാമത്തില്‍ ജനിച്ച ചന്ദ്രശേഖര്‍ (1906-1931) വാരണാസിയിലെ സംസ്കൃത സ്കൂളില്‍ പഠിക്കുന്ന കാലത്താണ് 14-ാം വയസ്സില്‍ നിസ്സഹകരണ സമരത്തില്‍ പങ്കെടുത്തു നിയമം ലംഘിച്ചതിന് അറസ്റ്റിലായത്. കോടതിയിലെ ചോദ്യങ്ങള്‍ക്ക് ചന്ദ്രശേഖര്‍ എന്ന ആ കുട്ടിയുടെ മറുപടി എന്തായിരുന്നെന്നോ?
പേര് ? : ആസാദ് (സ്വതന്ത്രന്‍)
അച്ഛന്‍റെ പേര് ? : സ്വാധീനത (ജനാധിപത്യം)
വീട് ? : ജയില്‍
ക്ഷുഭിതമായ കോടതി കുട്ടിയെ 50 ചാട്ടവാറടിക്കു ശിക്ഷിച്ചു. മുതുകില്‍ ഓരോ അടി വീഴുമ്പോഴും ചന്ദ്രശേഖര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. "ഭാരത് മാതാ കീ ജയ്", "സാമ്രാജ്യത്വം തുലയട്ടെ." 1931 ല്‍ പൊലീസുമായി അദ്ദേഹം ഏറ്റുമുട്ടിയ അഹമ്മദാബാദിലെ ആല്‍ഫ്രഡ് പാര്‍ക്ക് ഇന്ന് ആസാദ് പാര്‍ക്ക് എന്ന് അറിയപ്പെടുന്നു.
റാം മുഹമ്മദ് സിങ് ആയി മാറിയ ഉദ്ധംസിങ്
1919 ഏപ്രില്‍ 13 ന് നടന്ന ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ പരിക്കേറ്റപ്പോള്‍ ഉദ്ധംസിങ്ങിന് വയസ്സ് 14. സ്വാതന്ത്ര്യം ചോദിച്ചതിന് തന്‍റെ നാട്ടുകാരായ നൂറുകണക്കിനാളുകളെ നിര്‍ദ്ദയം ചുട്ടുകൊന്ന ബ്രിട്ടീഷ് ഉദ്ദ്യോഗസ്ഥനോട് പകരം ചോദിക്കുമെന്ന് അന്ന് ആ കുട്ടി പ്രതിജ്ഞയെടുത്തു. 1940 മാര്‍ച്ച് 12 ന് ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍നിന്നും യോഗം കഴിഞ്ഞിറങ്ങുന്ന മുന്‍ പഞ്ചാബ് ഗവര്‍ണര്‍ ഡയറിനുനേരെ ഉദ്ധംസിങ് വെടിയുതിര്‍ത്തു. ഡയര്‍ കൊല്ലപ്പെട്ടു. അറസ്റ്റിലായ ഉദ്ധംസിങ് തന്‍റെ പേര് റാം മുഹമ്മദ് സിങ് എന്നു രേഖപ്പെടുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ഡയറെ കൊല ചെയ്തതിലൂടെ തന്‍റെ മാത്രമല്ല ജാലിയന്‍വാലാബാഗില്‍ മരിച്ചുവീണ ഹിന്ദുവിന്‍റെയും മുസല്‍മാന്‍റെയും സിഖുകാരന്‍റെയും പ്രതികാരമാണ് ചെയ്തത്. എന്തുകൊണ്ട് തന്‍റെ പേര് റാം മുഹമ്മദ് സിങ് എന്ന് ആക്കണം എന്നു വിശദീകരിച്ചുകൊണ്ട് ഉദ്ധംസിങ് പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ എല്ലാ മതത്തില്‍പ്പെട്ടവരും പങ്കാളികളായിരുന്നു എന്നു തെളിയിക്കാനാണ് ഉദ്ധംസിങ് ശ്രമിച്ചത്.
ചോരപുരണ്ട ഒരു പിടിമണ്ണ്
ജാലിയന്‍വാലാബാഗ് സംഭവം നടക്കുമ്പോള്‍ ഭഗത്സിങ്ങിന് 12 വയസ്സ്. ജനനം 1907 സെപ്തംബര്‍ 28 ന്. സംഭവത്തിന്‍റെ പിറ്റേന്ന് മുത്തച്ഛനോടൊപ്പം ഭഗത്സിങ് മൈതാനത്തെത്തി. ചിതറിക്കിടക്കുന്ന ചെരിപ്പുകള്‍, തൂവാലകള്‍, രക്തം പുരണ്ടു കറുത്ത മണല്‍ത്തരികള്‍.... "എന്തിനാണു മുത്തച്ഛാ വെടിവെപ്പുണ്ടായത്," ഭഗത് ചോദിച്ചു. "സ്വാതന്ത്യം ചോദിച്ചതിന്" എന്നായിരുന്നു മറുപടി. "സ്വാതന്ത്ര്യം ചോദിച്ചതു തെറ്റാണോ മുത്തച്ഛാ?" ഭഗത്തിന്‍റെ നിഷ്കളങ്കമായ ചോദ്യം. ചോരപുരണ്ട മണല്‍ത്തരികള്‍ കൈക്കുടന്നയില്‍ വാരിയെടുത്ത് ഭഗത് വീട്ടില്‍ കൊണ്ടുപോയി ഒരു ഒഴിഞ്ഞ മഷിക്കുപ്പിയിലാക്കി വച്ചു. ദിവസവും ആ മഷിക്കുപ്പി നെഞ്ചോടുചേര്‍ത്ത് അവന്‍ പ്രതിജ്ഞ ചെയ്തു. ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊലയ്ക്ക് ഞാന്‍ പകരം വീട്ടും. ഭഗത്സിങ് പ്രതിജ്ഞ പാലിച്ചു. വളര്‍ന്നു വന്നപ്പാള്‍ ധീരവിപ്ലവകാരിയായി. സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതാനായി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷന്‍ സ്ഥാപിച്ചു. മതേതരമായ ഒരു സോഷ്യലിസ്റ്റ് ഇന്ത്യയെപ്പറ്റി സ്വപ്നം കണ്ടു. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ബോംബെറിഞ്ഞ കേസില്‍ തൂക്കിലേറ്റപ്പെട്ടു. (1931 മാര്‍ച്ച് 23).
ശിക്ഷ ഏറ്റുവാങ്ങിയ പെണ്‍കുട്ടികള്‍
ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ഒരു സ്കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനികളായിരുന്നു ശാന്തിഘോഷ്, സുനിതാചൗധുരി എന്നീ ചുണക്കുട്ടികള്‍. 1931 ഡിസംബര്‍ 31 ന് ശാന്തിയും സുനിതയും കോമില്ല മജിസ്ട്രേറ്റിന്‍റെ വസതിയിലെത്തി. ഭഗത്സിങ്ങിന്‍റെയും കൂട്ടുകാരുടെയും കൊലപാതകത്തിനു പകരം ചോദിക്കാന്‍ മജിസ്ട്രേറ്റ് സ്റ്റീവെന്‍സണെ കാണണമെന്ന് അപേക്ഷിച്ചു. കുട്ടികളെ ആരും സംശയിച്ചില്ല. സ്റ്റീവന്‍സണെ കണ്ട ഉടന്‍ കുട്ടികള്‍ ഉടുപ്പില്‍ ഒളിപ്പിച്ചുവച്ചിരുന്ന തോക്കെടുത്തു നിറയൊഴിച്ചു. നിരവധി ദേശാഭിമാനികള്‍ക്കു മരണം വിധിച്ച മജിസ്ട്രേറ്റിനു മരണം വിധിച്ചു നല്കിയ പെണ്‍കുട്ടികളെ പ്രായക്കുറവു കണക്കിലെടുത്ത് തൂക്കിക്കൊല്ലുന്നതിനു പകരം ജീവപര്യന്തം നാടുകടത്താനായിരുന്നു കോടതിവിധി.
ദേശാഭിമാനി ബാലസംഘത്തിലേക്ക്
വീണ്ടും കേരളത്തിലെ കുട്ടികളുടെ സംഘടിത പ്രസ്ഥാനങ്ങളിലേക്കു നമുക്കു മടങ്ങിവരാം. കേരളമാകെ വ്യാപിച്ചിട്ടുള്ള കുട്ടികളുടെ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ അഭാവം 1972 ല്‍ ദേശാഭിമാനി ബാലസംഘം രൂപീകൃതമാവുന്നതുവരെ നിലനിന്നു. "1967 ല്‍ ദേശാഭിമാനി ദിനപത്രത്തിന്‍റെ വാരാന്ത പതിപ്പില്‍ കുട്ടികളുടെ സാംസ്കാരിക വാസനകള്‍ക്ക് രൂപംകൊടുക്കുന്നതിനുവേണ്ടി ആരംഭിച്ച ബാലസംഘം നാലുവര്‍ഷങ്ങള്‍ക്കുശേഷം 1971 ഒക്ടോബര്‍ 10 ന് കണ്ണൂരില്‍ ചേര്‍ന്ന മേഖലാ സമ്മേളനത്തോടു കൂടി ദേശാഭിമാനി ബാലസംഘമായി രൂപാന്തരപ്പെടുകയാണ് ഉണ്ടായത്."
(1980 മേയ് 18 ന് എറണാകുളത്തു ചേര്‍ന്ന ദേശാഭിമാനി ബാലസംഘത്തിന്‍റെ പ്രവര്‍ത്തക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിന്ന്) എ കെ ജി മുന്‍കൈയെടുത്താണ് ദേശാഭിമാനി ബാലസംഘം രൂപീകരിക്കപ്പെട്ടത്. ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്ന, ഉണ്യേട്ടനെന്ന പേരില്‍ ബാലപംക്തി കൈകാര്യം ചെയ്തിരുന്ന എം എന്‍ കുറുപ്പായിരുന്നു ദേശാഭിമാനി ബാലസംഘത്തിന്‍റെ ചുമതലക്കാരന്‍. വ്യക്തമായ ലക്ഷ്യങ്ങളും പരിപാടികളും നിര്‍ദ്ദേശിക്കുന്നതും കുട്ടികളുടെയും രക്ഷാധികാരികളുടെയും സംഘടനാരൂപം നിശ്ചയിക്കുന്നതുമായ ഒരു ഭരണഘടന ദേശാഭിമാനി ബാലസംഘത്തിന് ഉണ്ടായിരുന്നു.
പിന്തിരിപ്പന്‍ സംഘടനകള്‍ കുട്ടികളില്‍ ചെലുത്തുന്ന ദു:സ്വാധീനത്തെ ചെറുക്കുകയും ആ സംഘടനകളില്‍നിന്നും ഭിന്നമായി കുട്ടികളുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ വ്യായാമത്തിലൂടെ വളര്‍ത്തുകയും ചെയ്യുക, ബാലഹൃദയങ്ങളില്‍ ദേശാഭിമാനബോധവും ശാസ്ത്രബോധവും വളര്‍ത്തിയെടുത്ത് ദേശീയ ഐക്യത്തിന്‍റെ പൊതുധാരയിലേക്ക് കുട്ടികളെ കൊണ്ടുവരിക, അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവരുടെ കൂടി കലാ-സാംസ്കാരിക വാസനകള്‍ പോഷിപ്പിക്കുക തുടങ്ങിയവയായിരുന്നു സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍, അതിനാവശ്യമായ നാനാപരിപാടികളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പോരാട്ടങ്ങളില്‍ ഏര്‍പ്പെടാനും അതില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഏഴുവയസ്സുമുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അംഗങ്ങളാകാവുന്ന സംഘടനയ്ക്ക് യൂണിറ്റ്/വില്ലേജ്/താലൂക്ക്/ജില്ല/സംസ്ഥാന തലങ്ങളില്‍ കമ്മിറ്റികള്‍, സംസ്ഥാന എക്സിക്യൂട്ടീവ്, സംസ്ഥാനസമ്മേളനം എന്നിവ വിഭാവനം ചെയ്യപ്പെട്ടു. ഈ തലങ്ങളിലെല്ലാം രക്ഷാധികാരി കമ്മിറ്റികളും രൂപീകരിക്കാന്‍ ഭരണഘടന വ്യവസ്ഥ ചെയ്തു. സംഘടനയില്‍ മേല്‍കീഴ് ബന്ധങ്ങള്‍ കര്‍ക്കശമായി പാലിക്കാന്‍ വ്യവസ്ഥചെയ്ത ഭരണഘടന, അതിലെ വ്യവസ്ഥകള്‍ക്കു വിധേയമായി സംഘടനാ പ്രവര്‍ത്തനങ്ങളെപ്പറ്റി അഭിപ്രായം പറയാനും തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനും തനിക്കെതിരായ തീരുമാനങ്ങളില്‍ അപ്പീല്‍ ബോധിപ്പിക്കാനും ഓരോ അംഗത്തിനുമുള്ള അവകാശം ഉറപ്പുനല്കുകയും ചെയ്തു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിക്കാനും അവയ്ക്കു കീഴില്‍ യൂണിറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്താനും ദേശാഭിമാനി ബാലസംഘത്തിന് കഴിഞ്ഞു. പോണ്ടിച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മയ്യഴിയിലും സംഘടനയ്ക്ക് യൂണിറ്റുകള്‍ ഉണ്ടായിരുന്നു.
കുട്ടികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണകള്‍, പോസ്റ്റര്‍ പ്രചാരണം, പ്രകടനം തുടങ്ങിയ പരിപാടികള്‍ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. കൂടാതെ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍പെട്ടു വലഞ്ഞ നാട്ടുകാര്‍ക്കു വേണ്ടി നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങളിലും സംഘടന പങ്കാളിയായി.
കുട്ടികളുടെ കലാകായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും കലോത്സവങ്ങളും സാഹിത്യകലാമേളകളും നടത്തുന്നതിലും ദേശാഭിമാനി ബാലസംഘം മുന്‍നിന്നു പ്രവര്‍ത്തിച്ചു. സാമൂഹ്യ കലാസാംസ്കാരിക ശാസ്ത്രീയ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നടത്തി കുട്ടികളുടെ അറിവിന്‍റെ മേഖല വികസിപ്പിക്കുന്നതിലും സംഘടന ജാഗ്രത പുലര്‍ത്തി.
പഠിച്ചു ഞങ്ങള്‍ നല്ലവരാകും, ജയിച്ചു ഞങ്ങള്‍ മുന്നേറും എന്ന ദൃഢവിശ്വാസം കുട്ടികളില്‍ വളര്‍ത്തുന്നതായിരുന്നു ദേശാഭിമാനി ബാലസംഘത്തിന്‍റെ ഭരണഘടന. ചുവന്ന നക്ഷത്രം വരച്ചു ചേര്‍ത്തിട്ടുള്ളതും ഉആട എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ വെള്ളക്കൊടിയായിരുന്നു അതിന്‍റെ അംഗീകൃത പതാക.
സൗജന്യമായ പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം എന്നീ പ്രാഥമികാവശ്യങ്ങള്‍ക്കു വേണ്ടി ദേശാഭിമാനി ബാലസംഘം ശബ്ദമുയര്‍ത്തി. അടിയന്തരാവസ്ഥയുടെ കറുത്തനാളുകളിലും ദേശാഭിമാനി ബാലസംഘം ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ശബ്ദമുയര്‍ത്തുന്നതില്‍ ജാഗ്രതപുലര്‍ത്തി. അവകാശസമരങ്ങളുടെ പാതയിലൂടെ കുട്ടികളുടെ പ്രസ്ഥാനത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ദേശാഭിമാനി ബാലസംഘം കാര്യമായ പങ്കാണ് വഹിച്ചത്. സമരോത്സുകമായ പ്രവര്‍ത്തനങ്ങളുടെ ആവേശകരമായ ഓര്‍മ്മയാണ് കേരളമാകെ വ്യാപിച്ച ദേശാഭിമാനി ബാലസംഘം പ്രവര്‍ത്തകര്‍ക്ക് ഇന്നലെകളെക്കുറിച്ചുള്ളത്. അവരില്‍ പലരും പില്ക്കാലത്ത് സി പി ഐ (എം) ന്‍റെ പ്രവര്‍ത്തകരും നേതാക്കളുമായി ഉയരുകയും ചെയ്തു.
പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ കേരളത്തില്‍ വളര്‍ന്നു വികസിക്കാനാരംഭിച്ച പൊതുവിദ്യാഭ്യാസ പ്രസ്ഥാനം ഇവിടെ ഉദയംകൊണ്ട നവോത്ഥാന പ്രസ്ഥാനത്തിന്‍റെയും പുരോഗമന ജനാധിപത്യ സംഘടനകളുടെയും കര്‍ഷക തൊഴിലാളി മുന്നേറ്റങ്ങളുടെയും ഉല്പന്നമായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു സാക്ഷാല്‍ക്കരിക്കാന്‍ കഴിയാതെപോയ സൗജന്യവും സാര്‍വ്വത്രികവുമായ പൊതുവിദ്യാഭ്യാസം എന്ന ഭരണഘടനാ ലക്ഷ്യം കേരളത്തിലെ കുട്ടികള്‍ക്ക് 1957 ല്‍ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ കാലത്തു തന്നെ ലഭ്യമായത് ഇവയുടെ തുടര്‍ച്ച ആയിട്ടായിരുന്നു. പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പഠിക്കാനുള്ള അവസരം ഇതോടെ നമ്മുടെ നാട്ടില്‍ ഉണ്ടായി.
അതേസമയം, കേരളം വിദ്യാഭ്യാസരംഗത്തു കൈവരിച്ച ഈ മഹത്തായ നേട്ടത്തിന് കുട്ടികളുടെ സാമൂഹ്യവല്ക്കരണത്തില്‍ ഊന്നിയ സമഗ്രമായ വ്യക്തിത്വവികാസം എന്ന വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല. പരീക്ഷകളില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു പാഠ്യപദ്ധതി. പഠനത്തിന്‍റെ രീതിശാസ്ത്രത്തില്‍ ശിശുകേന്ദ്രീകൃതമായി വരേണ്ടിയിരുന്ന മാറ്റങ്ങള്‍ വന്നില്ല. ഇതിന്‍റെ ഫലമായി കൊഴിഞ്ഞു പോക്ക് ഒരു ശാപമായി മാറി. ശാസ്ത്ര-സാങ്കേതിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പഠിപ്പിക്കാന്‍ തുടങ്ങിയെങ്കിലും ശാസ്ത്രബോധമോ ചരിത്രബോധമോ കുട്ടികളില്‍ വളര്‍ത്താനുള്ള ശ്രമം ഉണ്ടായില്ല. അതുമൂലം ബാലമനസ്സുകളില്‍ നിന്ന് അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും വേരറുക്കാന്‍ കഴിയാതെ പോയി. നൂതന വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് കുട്ടിയുടെ ബഹുമുഖമായ ബുദ്ധിവികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനോ കുട്ടിയുടെ സാംസ്കാരികവും കായികവുമായ ശേഷിയെ പാഠ്യപദ്ധതിയുമായി കണ്ണിചേര്‍ത്തു വളര്‍ത്താനോ ഉള്ള ഫലപ്രദമായ യത്നങ്ങളും ഉണ്ടായില്ല. ഇതെല്ലാം കാരണമായി കേരളത്തിലെ പൊതുവിദ്യാഭ്യാസം കാതലായ നിലവാരത്തകര്‍ച്ചയെ നേരിടുന്നെന്ന ആക്ഷേപം നാനാകേന്ദ്രങ്ങളില്‍ നിന്നുണ്ടായി. ഈ പോരായ്മ പരിഹരിക്കാനെന്ന പേരില്‍ സ്വാര്‍ത്ഥമാത്ര പ്രേരിതമായ, വ്യക്തിഗതമായ ഉന്നതി ലക്ഷ്യമാക്കി വരേണ്യ വിഭാഗക്കാര്‍ക്കുവേണ്ടി നടത്തുന്ന പണച്ചെലവുള്ള ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോലും കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങി. വരുമാനം കുറഞ്ഞ രക്ഷിതാക്കള്‍ക്ക് അപ്രാപ്യമായ സ്വപ്നമായി മാറി അവ.
മാത്രവുമല്ല, സാമൂഹ്യ ബാദ്ധ്യതകള്‍ സംബന്ധിച്ച ധാരണകള്‍ വളര്‍ത്തുന്നതിലും അദ്ധ്വാനത്തിലെ പങ്കാളിത്തത്തില്‍ അഭിമാനബോധം ജനിപ്പിക്കുന്നതിലും പൊതുവിദ്യാഭ്യാസം നിഷ്കര്‍ഷിച്ചതേയില്ല. ഇതോടൊപ്പം തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകുകയും പലകാരണങ്ങളാലും വിദ്യാലയങ്ങളില്‍നിന്നും കൊഴിഞ്ഞുപായ കുട്ടികള്‍ കൃഷിയിടങ്ങളിലും ചെറുകിട തൊഴില്‍ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും കെട്ടിട നിര്‍മ്മാണസ്ഥലങ്ങളിലും ക്വാറികളിലും തൊഴില്‍ തേടി എത്താന്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്തു. ഈ ദുസ്ഥിതി സൃഷ്ടിച്ച പഴുതുകള്‍ക്കിടയിലുടെ ഭൂതകാലത്തിന്‍റെ ജഡഭാരങ്ങളായ ജാതിമത ചിന്തകളും അന്ധവിശ്വാസങ്ങളും കുട്ടികളില്‍ വ്യാപിക്കാനിടയായി. മൂല്യബോധത്തിലും സംസ്കാരത്തിലും വിവിധ തട്ടുകളില്‍ നില്ക്കുന്നവരായി കുട്ടികള്‍ വേര്‍തിരിക്കപ്പെട്ടു. വിദ്യാലയങ്ങളുടെ നാലുചുമരുകള്‍ക്കകത്ത് ഈ പോരായ്മകള്‍ പരിഹരിക്കുക അന്നത്തെ സാഹചര്യങ്ങളില്‍ അസാദ്ധ്യമായിരുന്നു. അതിനാല്‍ വിദ്യാലയങ്ങള്‍ക്കു പുറത്ത് കുട്ടികളുടെ ഒരു സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നത് വിദ്യാഭ്യാസത്തെ സാമൂഹ്യ മുന്നേറ്റത്തിനുള്ള ഒരായുധമായി കാണുന്നവര്‍ക്ക് അനിവാര്യമായിത്തീര്‍ന്നു.
ബാലസംഘം പിറവിയെടുക്കുന്നു
ദേശാഭിമാനി ബാലസംഘത്തിന് ഈ അനിവാര്യതയോടു നീതി പുലര്‍ത്താന്‍ കഴിയുകയില്ലായിരുന്നു. മാത്രവുമല്ല, ദേശാഭിമാനി പത്രവാരികകളുടെയും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെയും അനുബന്ധമാണെന്ന ധാരണയും ദേശാഭിമാനി ബാലസംഘത്തിന്‍റെ പരിമിതി ആയിരുന്നു. 1982 മാര്‍ച്ച് 12 ന് എറണാകുളത്തു കൂടിയ സംഘം പ്രവര്‍ത്തകരുടെ യോഗം ദേശാഭിമാനി ബാലസംഘത്തെ ബാലസംഘം എന്നു പേരുനല്കി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സംഘടനയാക്കി മാറ്റാന്‍ തീരുമാനിച്ചു. സംഘടനയുടെ ഘടനയിലും ലക്ഷ്യങ്ങളിലും പ്രവര്‍ത്തനശൈലിയിലും അതനുസരിച്ച മാറ്റങ്ങള്‍ വരുത്താനും തീരുമാനമായി.
"പഠിച്ചു ഞങ്ങള്‍ നല്ലവരാകും
ജയിച്ചു ഞങ്ങള്‍ മുന്നേറും
പടുത്തുയര്‍ത്തും ഭാരതമണ്ണില്‍
സമത്വസുന്ദര നവലോകം"
എന്ന മുദ്രാഗീതം അംഗീകരിച്ചു. സംഘടനയുടെ ഭരണഘടനയ്ക്കും പതാകയ്ക്കും രൂപംനല്കി. 3:2 അനുപാതത്തില്‍ നീളവും വീതിയും ഉള്ളതും വെളുത്ത പശ്ചാത്തലത്തില്‍ മുകളിലത്തെ അറ്റത്ത് ഇടതുമൂലയില്‍ ചുവപ്പുനിറത്തില്‍ അഞ്ച് ആരങ്ങളുള്ള നക്ഷത്രവും താഴെ അരികിനോട് ചേര്‍ത്ത് നീലനിറത്തില്‍ മലയാളത്തില്‍ ബാലസംഘം എന്ന് എഴുതിച്ചേര്‍ത്തിട്ടുള്ളതുമാണ് ബാലസംഘത്തിന്‍റെ പതാക.
ബാലസംഘം കുട്ടികളുടെ സമാന്തര-വിദ്യാഭ്യാസ-സാംസ്കാരിക സംഘടന
ഏഴു വയസ്സുമുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ അംഗങ്ങളായുള്ള യൂണിറ്റുകളായി അതോടെ ബാലസംഘത്തിന്‍റെ അടിസ്ഥാന ഘടകം. യൂണിറ്റുകളെ കൂട്ടിയിണക്കുന്ന മേഖല (വില്ലേജ്) കമ്മിറ്റികളും മേഖല (വില്ലേജ്) കമ്മിറ്റികള്‍ ചേര്‍ന്നുള്ള ഏരിയാ കമ്മിറ്റികളും ഏരിയാ കമ്മിറ്റികള്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റികളും അടങ്ങുന്നതായി ബാലസംഘത്തിന്‍റെ സംഘടനാ രൂപം. കുട്ടികളുടെ സംഘടനയ്ക്ക് സംസ്ഥാനകമ്മിറ്റി വേണ്ടെന്നും തീരുമാനിക്കപ്പെട്ടു. കുട്ടികളുടെ സംഘടനയായതുകൊണ്ടുതന്നെ യൂണിറ്റുകള്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ കമ്മിറ്റികള്‍ക്കും രക്ഷാധികാരിസമിതി ഉണ്ടായിരിക്കണമെന്നും പുതിയ ഭരണഘടന നിര്‍ദ്ദേശിച്ചു. സംസ്ഥാനതലത്തില്‍ ജില്ലാ രക്ഷാധികാരി സമിതികളുടെ ഒരു ഏകോപനസമിതി മാത്രമാണ് പുതിയ ഭരണഘടന വിഭാവനം ചെയ്തത്. 'ബാലസംഘം പ്രവര്‍ത്തനത്തെ സഹായിക്കുകയാണ് രക്ഷാധികാരിസമിതിയുടെ കടമ' എന്ന് പുതിയ ഭരണഘടന നിഷ്കര്‍ഷിച്ചു.
ബാലസംഘത്തെ കുട്ടികളുടെ ഒരു ബദല്‍ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാക്കി മാറ്റുന്നതിനുള്ള ആശയപരമായ ചര്‍ച്ചകളും പ്രായോഗിക പരീക്ഷണങ്ങളുമായിരുന്നു തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളില്‍ നടന്നത്.
പേരൂര്‍ക്കട, അരുവിപ്പുറം, കുനിശ്ശേരി ക്യാമ്പുകള്‍
ഈ അന്വേഷണത്തിന്‍റെ നാഴികക്കല്ലുകളായിരുന്നു പേരൂര്‍ക്കട (1983), അരുവിപ്പുറം (1985), കുനിശ്ശേരി (1986) ക്യാമ്പുകള്‍. പേരൂര്‍ക്കട ക്യാമ്പില്‍ ആശയപരമായ ചര്‍ച്ചയ്ക്കാണ് പ്രാമുഖ്യം ലഭിച്ചതെങ്കില്‍ ആ ചര്‍ച്ചകളുടെ വിപുലീകരണവും പ്രായോഗിക പരീക്ഷണങ്ങള്‍ക്കുള്ള അടിത്തറ പാകലുമാണ് അരുവിപ്പുറം ക്യാമ്പില്‍ നടന്നത്. പേരൂര്‍ക്കട, അരുവിപ്പുറം ക്യാമ്പുകളിലെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി കുട്ടികളെക്കൂടി പങ്കെടുപ്പിച്ച് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്കിയാണ് കുനിശ്ശേരി ക്യാമ്പു നടത്തിയത്.
ബാലസംഘം എന്ത്? എന്തിന്?
മേല്‍ക്കൊടുത്ത മൂന്നു ക്യാമ്പുകളുടെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് 1986 സെപ്തംബറില്‍ ബാലസംഘം എന്ത്? എന്തിന്? എന്ന പേരില്‍ ബാലസംഘം പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാനപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന പുസ്തകം പുറത്തിറക്കാന്‍ കഴിഞ്ഞത്. സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ തങ്ങളുടെ ഇടം തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് ശേഷി നല്കുക, കുട്ടികളില്‍ ഉല്‍കൃഷ്ടമായ മാനവിക മൂല്യങ്ങളിലുള്ള വിശ്വാസം വളര്‍ത്തുക, കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, അദ്ധ്വാനത്തോട് കുട്ടികളില്‍ മതിപ്പു വളര്‍ത്തുക, സമൂഹത്തോട് കുട്ടികളെ സമരസപ്പെടുത്തുക, കുട്ടികളില്‍ സാമൂഹ്യബോധം, സാര്‍വ്വദേശീയത, യുദ്ധവിരോധം, സമാധാന വാഞ്ഛ, പരിസ്ഥിതി സ്നേഹം എന്നിവ വളര്‍ത്തുക എന്നിവയാണ് ബാലസംഘത്തിന്‍റെ മുഖ്യലക്ഷ്യങ്ങളെന്ന് പുസ്തകം നിര്‍വ്വചിച്ചു.
ബാലസംഘത്തിന്‍റെ ലക്ഷ്യങ്ങളും പരിപാടികളും നിശ്ചയിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ വരച്ചുകാണിക്കുകയും രക്ഷാധികാരികള്‍ക്ക് ബാലസംഘത്തിലുള്ള പങ്ക് വിശദീകരിക്കുകയും മാത്രമല്ല യൂണിറ്റ് പ്രവര്‍ത്തനത്തിനുള്ള പഠനവിഷയങ്ങള്‍ ചൂണ്ടിക്കാട്ടുകയും അവ നടപ്പാക്കാന്‍ വേണ്ടി ദിനാചരണങ്ങള്‍, കഥകള്‍, കവിതകള്‍, നാടകങ്ങള്‍, കളികള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, പ്രകൃതിനിരീക്ഷണം, ശാസ്ത്ര പരീക്ഷണങ്ങള്‍, ബാലപ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നതായിരുന്നു ബാലസംഘം എന്ത് എന്തിന് എന്ന ലഘു പുസ്തകം. കുട്ടികള്‍ക്കു പാടാവുന്ന നാടന്‍പാട്ടുകളുടെയും മറ്റു പാട്ടുകളുടെയും ചെറുതല്ലാത്ത ഒരു ശേഖരവും 'ചലനം: പ്രപഞ്ചത്തിന്‍റെ മൗലിക സ്വഭാവം.' 'നമ്മുടെ ഇന്ത്യ' 'മനുഷ്യന്‍ ചരിത്രത്തിലൂടെ' തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാതൃകാ പാഠക്കുറിപ്പുകളും അടങ്ങുന്ന ഈ പുസ്തകം ബാലസംഘത്തെ പുതിയ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അടിസ്ഥാനരേഖതന്നെ ആയിരുന്നു.
കൊല്ലം 'കളിയരങ്ങും' കയ്യൂര്‍ ക്യാമ്പും: ജനാധിപത്യപരമായ അദ്ധ്യയന രീതിയിലക്ക്.
ബാലസംഘം എന്ത്? എന്തിന്? എന്ന നയരേഖയുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തി സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളില്‍നിന്നും വന്നെത്തിയ നൂറുകണക്കിനു കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ ആദ്യത്തെ സംസ്ഥാന ക്യാമ്പായിരുന്നു കൊല്ലത്ത് 1989 മെയ് മാസത്തില്‍ നടത്തിയ 'കളിയരങ്ങ്' എന്നു നാമകരണം ചെയ്ത ക്യാമ്പ്. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി കേരളത്തിലും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും കുട്ടികള്‍ ഉള്‍പ്പെട്ടു നടന്ന സമരങ്ങളുടെ കഥകള്‍, ശാസ്ത്രകഥകള്‍ എന്നിവയെപ്പറ്റിയുള്ള കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു നടത്തുന്ന സംവാദങ്ങളില്‍ ഊന്നി നിന്ന 'കളിയരങ്ങ്' ക്യാമ്പ് ജനാധിപത്യപരമായ വിദ്യാഭ്യാസ രീതിക്ക് ബാലസംഘം നല്കിയ ആദ്യത്തെ സംഭാവനയായിരുന്നു.
തുടര്‍ന്ന് നമുക്കുചുറ്റുമുള്ള ലോകം കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതിനു വേണ്ടിയുള്ള പാഠക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനായി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ വച്ച് രക്ഷാധികാരി പ്രവര്‍ത്തകരുടെ ശില്പശാല നടന്നു. അതിലെ അനുഭവങ്ങള്‍ പ്രായോഗികതലത്തില്‍ അവതരിപ്പിക്കുന്നതിനുവണ്ടി കയ്യൂരില്‍ വച്ച് 1993 ഡിസംബറില്‍ വിപുലമായ ഒരു ക്യാമ്പും നടന്നു, ജനാധിപത്യപരമായ വിദ്യാഭ്യാസരീതി കൂടുതല്‍ മേഖലകളിലേക്ക് പകര്‍ത്തുന്നതിനുവേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു കയ്യൂര്‍ ക്യാമ്പ്. ബാലസംഘം പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗരേഖ വിപുലപ്പെടുത്തി സംവാദം, പാട്ട്, കഥ, അഭിനയം, തുടങ്ങിയവയെ പാഠ്യവിഷയം ഹൃദയാവര്‍ജ്ജകമായി കുട്ടികളില്‍ എത്തിക്കുന്നതിനു പ്രയോജനപ്പെടുത്തുക, പഠിതാവില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുക, പഠനത്തിന്‍റെ മൂല്യനിര്‍ണ്ണയത്തിനുള്ള മാനദണ്ഡങ്ങള്‍ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളില്‍ വിപുലമായ അറിവ് ബാലസംഘം പ്രവര്‍ത്തകര്‍ക്കു നല്കുന്നതായിരുന്നു കയ്യൂര്‍ക്യാമ്പ്.
വട്ടോളി-എടത്തറ ക്യാമ്പുകളും കല്യാശ്ശേരി വളന്‍റിയര്‍ ക്യാമ്പും
പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതാവണം ബാലസംഘം പ്രവര്‍ത്തനമെന്നും അതു നടക്കുന്നത് യൂണിറ്റുകളിലായിരിക്കണമെന്നുമുള്ള കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുക്യാമ്പുകള്‍ കയ്യൂര്‍ ശില്പശാലയുടെ തുടര്‍ച്ചയായി നടന്നു. 1998 ഒക്ടോബറില്‍ കോഴിക്കോട് ജില്ലയിലെ വട്ടോളിയിലും 2002 മേയില്‍ പാലക്കാട് ജില്ലയിലെ എടത്തറയിലും നടന്ന അറിവരങ്ങു ക്യാമ്പുകളാണവ.
ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ വിവിധ മേഖലകളിലെ പാഠ്യ വിഷയങ്ങള്‍ അന്വേഷണാത്മകവും പ്രക്രിയാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ പഠിതാക്കളില്‍ എത്തിക്കുന്നതില്‍ നടത്തിയ വിജയകരമായ പരീക്ഷണങ്ങളായിരുന്നു ഈ രണ്ടു ക്യാമ്പുകളും.
കുട്ടികളോടൊപ്പം ചിട്ടയായ വളന്‍റിയര്‍ പ്രവര്‍ത്തനത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്കുന്നതായിരുന്നു 2002 മേയില്‍ തന്നെ കല്യാശ്ശേരിയില്‍ വച്ചു നടന്ന വളന്‍റിയര്‍ ക്യാമ്പ്. പി ടി, യോഗ, ഡിസ്പ്ലേ എന്നിവയിലും ഈ ക്യാമ്പില്‍ പരിശീലനം നല്കുകയുണ്ടായി.
കോട്ടയം, തിരൂര്‍ ശില്പശാലകള്‍: അന്വേഷണാത്മകവും പ്രക്രിയാധിഷ്ഠിതവുമായ പഠനരീതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം
യൂണിറ്റ് പ്രവര്‍ത്തനത്തിന് സ്ഥിരമായ ഒരു ടൈംടേബിള്‍ രൂപപ്പെടുത്തുകയും അതനുസരിച്ചുള്ള പഠന മാതൃകകള്‍ തയ്യാറാക്കുകയും ചെയ്തതാണ് കോട്ടയത്തുവച്ച് 2003 ഫെബ്രുവരിയിലും തിരൂരിലെ തുഞ്ചന്‍പറമ്പില്‍ വച്ച് 2004 ആഗസ്തിലും രക്ഷാധികാരികള്‍ക്കായി നടന്ന രണ്ടു ശില്പശാലകളുടെ നേട്ടം. മുതിര്‍ന്ന കുട്ടികള്‍ കൂടി പങ്കാളികളായിരുന്ന ഈ ശില്പശാലകളില്‍ വച്ച് ബാലസംഘത്തിന്‍റെ സിലബസ് - കരിക്കുലങ്ങളില്‍ പുതിയ പാഠ്യ പദ്ധതിയുടെ പശ്ചാത്തലത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി, വിവിധ വിഷയങ്ങളിലെ പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുത്താനും ഈ ശില്പശാലകളിലൂടെ കഴിഞ്ഞു. ഈ പ്രോജക്ടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രാദേശിക ചരിത്രനിര്‍മ്മാണമായിരുന്നു. രണ്ടു ധര്‍മ്മങ്ങള്‍ ലക്ഷ്യമാക്കിയാണ് പ്രാദേശിക ചരിത്രനിര്‍മ്മാണ പ്രോജക്ടിന് രൂപം നല്കിയത്.
1. ചരിത്രത്തില്‍ അടയാളപ്പെടുത്താത്ത സംഭവങ്ങള്‍ പുറത്തുകൊണ്ടുവരിക, അതിലൂടെ സമൂഹമുന്നേറ്റത്തിന്‍റെ പടവുകള്‍ കണ്ടെത്തുക.
2. ചരിത്രനിര്‍മ്മാണത്തിന്- അതായത് പുതിയ സമൂഹത്തിന്‍റെ നിര്‍മ്മാണത്തിന് കുട്ടികളെ പ്രാപ്തരാക്കുക.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ സ്വഭാവമുള്ള പ്രാദേശിക ചരിത്ര നിര്‍മ്മാണപ്രവര്‍ത്തനം കുട്ടികളുടെ രാഷ്ട്രീയ ബോധം രൂപപ്പെടുത്തുന്നതിലും സമൂഹത്തിലുള്ള അവരുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിലും സുപ്രധാനമായ പങ്കുവഹിക്കുമെന്ന കാഴ്ചപ്പാടോടെയാണ് ബാലസംഘം ഈ രംഗത്ത് ഇറങ്ങിയത്. സമൂഹത്തിന്‍റെ ചരിത്രനിര്‍മ്മിതിയില്‍ സാധാരണക്കാര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന ഈ പ്രവര്‍ത്തനം ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നു.
വേനല്‍ത്തുമ്പികള്‍
കുട്ടികളുടെ തനതായ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിന് ബാലസംഘം നടത്തിയ ദീര്‍ഘമായ അന്വേഷണത്തിന്‍റെ ഫലമാണ് 'വേനല്‍ത്തുമ്പികള്‍' എന്നറിയപ്പെടുന്ന കുട്ടികളുടെ കലാജാഥകള്‍. കുട്ടികളുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളുടെ തനിമ നല്കുകയും അതിന്‍റെ ഭാഗമായി കുട്ടികളുടെ യഥാര്‍ത്ഥ തിയേറ്റര്‍ എന്തെന്ന് കേരളസമൂഹത്തിന് വിദ്യാലയങ്ങള്‍ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങളിലൂടെ കാട്ടിക്കൊടുക്കയുമാണ് വേനല്‍ത്തുമ്പികള്‍ ചെയ്തത്. സ്കൂള്‍ യുവജനോത്സവങ്ങള്‍ തുടങ്ങിയ കുട്ടികളുടെ ഔദ്യോഗിക സാംസ്കാരിക പ്രവര്‍ത്തനങ്ങളെ ഭാഗികമായെങ്കിലും കുട്ടികളുടേതാക്കുന്നതില്‍ വേനല്‍ത്തുമ്പികള്‍ നല്കിയ സംഭാവന ചെറുതല്ല.
കുട്ടികളുടെ തിയേറ്റര്‍ രംഗത്ത് ബാലസംഘത്തിന്‍റെ ആഭിമുഖത്തില്‍ വിവിധ ജില്ലകളില്‍ നടന്നുപോന്ന ശ്രമങ്ങള്‍ ഏകോപിപ്പിച്ച് 1990 ലാണ് വേനല്‍ത്തുമ്പി കലാജാഥയ്ക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ രൂപംനല്കിയത്. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ വച്ചാണ് വേനല്‍ത്തുമ്പി കലാജാഥയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ സംസ്ഥാന ക്യാമ്പ് നടന്നത്.
മലയാളത്തനിമയുള്ള മിത്തുകളുടെയും ഫാന്‍റസികളുടെയും സഹായത്തോടെ വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളിലെയും സമകാലീന സാമൂഹ്യ ജീവിതത്തിലെയും പിന്തിരിപ്പന്‍ പ്രവണതകളെ തിരിച്ചറിഞ്ഞ് വിമര്‍ശിക്കാനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനും ചരിത്രത്തെ പുരോഗമനപരമായി വിലയിരുത്താനും സര്‍വ്വോപരി കുട്ടികളുടെ സാംസ്കാരിക പ്രവര്‍ത്തനത്തിന് കുട്ടികളുടേതായ തനിമ നല്കാനുമുള്ള ശ്രമമാണ് വേനല്‍ത്തുമ്പികളിലൂടെ നടത്തപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ പാഠ്യപദ്ധതിയെ 'ശിശുകേന്ദ്രീകൃതവും', 'ശിശുസൗഹൃദപരവും' ആക്കിയെടുക്കുക എന്ന ലക്ഷ്യത്തിന് അംഗീകാരം നേടിക്കൊടുക്കുന്നതില്‍ വേനല്‍ത്തുമ്പികള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
തുടക്കത്തില്‍ ഏതാനും ജില്ലകളില്‍ മാത്രം ഒതുങ്ങിനിന്ന വേനല്‍ത്തുമ്പി പരിപാടി ഇപ്പോള്‍ എല്ലാ ജില്ലകളിലും ഏറക്കുറെ എല്ലാ പഞ്ചായത്തുകളെയും നഗരസഭാ വാര്‍ഡുകളെയും സ്പര്‍ശിക്കുന്ന പരിപാടിയായി വളര്‍ന്നിട്ടുണ്ട്. ബാലസംഘത്തിന്‍റെ സ്ഥിരം അവധിക്കാലപരിപാടിയായി പൊതുസമൂഹം കാണുന്ന വേനല്‍ത്തുമ്പി കലാജാഥകള്‍ ഇന്ത്യയില്‍ മാത്രമല്ല. ലോകത്താകെയെടുത്താലും കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയാണ്.
കളിക്കൂടുകളിലൂടെ എല്ലാ കുട്ടികളിലേക്കും
വേനല്‍ത്തുമ്പി കലാജാഥകളെ സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളുടെയും അവധിക്കാല സാംസ്കാരിക പരിപാടിയെന്ന് വിശേഷിപ്പിക്കാനാവില്ല. ഈ തിരിച്ചറിവിന്‍റെ ഫലമായാണ് എല്ലാ യൂണിറ്റ് പ്രദേശത്തും കുട്ടികളുടെ കളിക്കൂടുകള്‍ നിര്‍മ്മിച്ച് അവയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ സാംസ്കാരികോത്സവങ്ങള്‍ നടത്താനും അവയോട് വേനല്‍ത്തുമ്പികളെ കണ്ണിചേര്‍ക്കാനും 2004 മുതല്‍ ശ്രമമാരംഭിച്ചത്. ബാലസംഘം യൂണിറ്റുകളെ സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും നിരന്തരം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇടങ്ങളായി മാറ്റാന്‍ കളിക്കൂട് ബാലോത്സവപരിപാടികള്‍ക്ക് നിസ്സംശയം കഴിയും, അവ ശരിയായ രീതിയില്‍, ശിശുകേന്ദ്രീകൃതമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍.
കുട്ടികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി
കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ബോധവല്ക്കരണം ബാലസംഘത്തിന്‍റെ അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് 2002 ലെ തൃശൂര്‍ സമ്മേളനത്തില്‍ വച്ചായിരുന്നു. അതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതും മോഡ്യൂളുകള്‍ രൂപപ്പെടുത്തിയതും 2003 ലെ കോട്ടയം ശില്പശാലയില്‍ വച്ചായിരുന്നു. സാര്‍വ്വദേശീയതലത്തില്‍ 1989 ല്‍ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി (ഇഞഇ), 2000 ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള യു എന്‍ ഉന്നതാധികാര കമ്മിറ്റി ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മുമ്പാകെ വച്ച കുട്ടികളുടെ അവകാശ സംഹിത, 2000-2001 ല്‍ ബി ജെ പി ഗവണ്‍മെന്‍റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബാലാവകാശ സംരക്ഷണ കമീഷന്‍ ബില്‍, 2002 ല്‍ യു എന്‍ ജനറല്‍ അസംബ്ലി പുറപ്പെടുവിച്ച കുട്ടികള്‍ക്കിണങ്ങിയ ലോകം എന്ന രേഖ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് കുട്ടികളുടെ അവകാശങ്ങള്‍ സ്വന്തം അജണ്ടയില്‍ ബാലസംഘം ഉള്‍പ്പെടുത്തിയത്. 2003 ല്‍ മുതിര്‍ന്നവരോടുള്ള അഭ്യര്‍ത്ഥനയുടെ രൂപത്തില്‍ കൂട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്തു. കോട്ടയം വര്‍ക്ക്ഷോപ്പ് രൂപംനല്കിയ മോഡ്യൂള്‍ അനുസരിച്ച് കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള സംവാദങ്ങള്‍ തുടര്‍ന്ന് നാനാതലങ്ങളില്‍ നടക്കുകയുണ്ടായി. 2005 ല്‍ ബാലാവകാശ സംരക്ഷണ കമീഷന്‍ ബില്‍ വീണ്ടും പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ അതില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചകള്‍, കുട്ടികളുടെ പാര്‍ലമെന്‍റുകള്‍ തുടങ്ങിയ പരിപാടികള്‍ വഴി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചു. കമീഷന്‍റെ പദവി, അധികാരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ബാലസംഘം പ്രതിനിധികള്‍ ഡല്‍ഹിയില്‍ ചെന്ന് കേന്ദ്രമാനവവിഭവശേഷി വകുപ്പുമന്ത്രി അര്‍ജുന്‍സിങ്ങിന് നേരിട്ടു സമര്‍പ്പിക്കുകയും ചെയ്തു. 2005 ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ബില്ലില്‍ 2006 ജനുവരി 6 ന് രാഷ്ട്രപതി ഒപ്പുവച്ചതോടെ ബാലാവകാശ സംരക്ഷണ കമീഷന്‍ നിയമം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി രാജ്യത്തു നിലവിലുള്ള നിയമങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. 2007 ല്‍ മൂന്നംഗങ്ങളുള്ള ബാലാവകാശ സംരക്ഷണ കമീഷന്‍ ദേശീയതലത്തില്‍ നിലവില്‍ വന്നു.
ഈ സംഭവങ്ങളെത്തുടര്‍ന്ന്, കുട്ടികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഇന്ത്യന്‍ ഭരണഘടനയിലെ വാഗ്ദാനങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനം സമഗ്രമായ ഒരു ബാലനയം രൂപീകരിക്കണമെന്ന ആവശ്യം ബാലസംഘം മുന്നോട്ടുവച്ചു. 2006 സെപ്തംബര്‍ 26 ന് കുട്ടികളുടെ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളെക്കൂടി പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന സെമിനാറിന്‍റെ തുടര്‍ച്ചയായി 2007 നവംബര്‍ 29 ന് സംസ്ഥാന മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച നിവേദനം നല്കി. വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയുള്ള പ്രത്യേക നിവേദനങ്ങളും നല്കുകയുണ്ടായി. 2007 ഡിസംബര്‍ 28 ന്‍റെ ബാലദിനം സംസ്ഥാന വ്യാപകമായി ഏര്യാതല റാലികള്‍ നടത്തി ആചരിച്ചത് സമഗ്രമായ സംസ്ഥാന ബാലനയം ആവിഷ്കരിച്ചു നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്. വൈകിയാണെങ്കിലും, 2016 ജനുവരിയില്‍ സംസ്ഥാനം ഒരു ബാലനയരേഖയ്ക്കു രൂപം നല്കിയിരിക്കുകയാണ്. അതിനു മുന്നോടിയായി സര്‍ക്കാര്‍ പുറത്തിറക്കിയ കരടുരേഖ സംബന്ധിച്ച് ബാലസംഘം വിപുലമായ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയും അതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ഉണ്ടായി. എന്നാല്‍, സര്‍ക്കാര്‍ പുറപ്പെടുവിച്ച അന്തിമരേഖയും കുറ്റമറ്റതല്ല.
2007 ലെ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ തുടങ്ങിയ രംഗങ്ങളില്‍ യു ഡി എഫ് സര്‍ക്കാര്‍ കുട്ടികളുടെ അവകാശങ്ങള്‍ ചവിട്ടിമെതിച്ചതു വിഷയമാക്കി മേഖലകള്‍തോറും ബാലസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ നിയമസഭകള്‍ വിളിച്ചുകൂട്ടുകയുണ്ടായി. ഈ നിയമസഭകളെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് കത്തിവെച്ച യു ഡി എഫിനു വോട്ടുനല്കരുതെന്ന് മുതിര്‍ന്നവരോട് ആവശ്യപ്പെടുന്ന കാമ്പയിന്‍ വീടുകള്‍തോറും കയറിയിറങ്ങി നടത്തുകയും ഉണ്ടായി. തനതു പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തനതായ രീതിയില്‍ ഇടപെടുന്ന ബാലസംഘത്തിന്‍റെ പരോക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു പുതിയ ചുവടുവയ്പ്പായിരുന്നു ഇത്.
സംഘടനയുടെ വളര്‍ച്ച കേരളത്തില്‍
ഒരു പാര്‍ട്ടി ബ്രാഞ്ച് പ്രദേശത്ത് ചുരുങ്ങിയത് ഒരു യൂണിറ്റെങ്കിലും രൂപീകരിക്കാന്‍ 17-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന സി പി ഐ (എം) സംസ്ഥാന സമ്മേളനം നിര്‍ദ്ദേശിച്ചു. ഈ ലക്ഷ്യം സാക്ഷാല്ക്കരിക്കാന്‍, പക്ഷേ, ബാലസംഘത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി ബ്രാഞ്ചുകളുടെ എണ്ണത്തേക്കാളേറെ യൂണിറ്റുകളുള്ള കണ്ണൂര്‍ ജില്ലയില്‍പ്പോലും എല്ലാ പാര്‍ട്ടി ബ്രാഞ്ച് പ്രദേശത്തും യൂണിറ്റുകളില്ല.
അതേസമയം യൂണിറ്റുകളുടെ എണ്ണത്തില്‍ അനുക്രമമായ വളര്‍ച്ച സംസ്ഥാനത്തൊട്ടാകെ എടുത്താല്‍ ഉണ്ടായിട്ടുണ്ടെന്നു കാണാം. (1999 മുതലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വര്‍ഷംതോറും ക്രോഡീകരിക്കാന്‍ ആരംഭിച്ചത.്) 1999 നവംബറില്‍ 6290 യൂണിറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. യൂണിറ്റുകളുടെ എണ്ണം 2002 ഒക്ടോബറോടെ 9360 ആയും 2006 ഡിസംബറോടെ 11,086 ആയും വര്‍ദ്ധിക്കുകയുണ്ടായി. 2007 ഡിസംബറായപ്പോഴേക്കും യൂണിറ്റുകളുടെ എണ്ണം 12,444 ആയി വര്‍ദ്ധിച്ചു. 2006 അവസാനം 3,69,087 കുട്ടികളാണ് അംഗങ്ങളായുണ്ടായിരുന്നത്. 2007 ല്‍ 3,51,630 കുട്ടികള്‍ അംഗങ്ങളായിരുന്നു. 2006 അവസാനം 25,310 രക്ഷാധികാരികളാണ് യൂണിറ്റുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 2007 ല്‍ ഇവരുടെ എണ്ണം 36,794 ആയി വര്‍ദ്ധിക്കുകയുണ്ടായി, 2014 ല്‍ എത്തിയപ്പോഴേക്കു യൂണിറ്റുകളുടെ എണ്ണം 22465 ആയും അംഗങ്ങളുടെ എണ്ണം 6,97,514 ആയും വര്‍ദ്ധിച്ചു.
എന്നാല്‍ ജില്ലകള്‍ തിരിച്ചുള്ള കണക്കു പരിശോധിക്കുമ്പോഴും ഒരു ജില്ലയ്ക്കകത്തെ വിവിധ പ്രദേശങ്ങളുടെ നില വിലയിരുത്തുമ്പോഴും സംഘടനയുടെ വളര്‍ച്ച ഒരുപോലെയല്ല, എല്ലാ പ്രദേശങ്ങളിലും എല്ലാ ജില്ലകളിലുമെന്ന് കാണാനാവും.
എല്ലാ ജില്ലകളിലും എല്ലാ ഏരിയകളിലും സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ നിലവിലുണ്ടെങ്കിലും മേഖല/വില്ലേജ് തലത്തിലെത്തുമ്പോള്‍ ദൗര്‍ബല്യം പ്രകടമാണ്. 2002 ല്‍ (തൃശൂര്‍ ജില്ലയൊഴിച്ച്) 851 മേഖലകളില്‍ മാത്രമാണ് മേഖലാ കമ്മിറ്റികള്‍ നിലനിന്നത്. 2006 ല്‍ അവയുടെ എണ്ണം (കോഴിക്കോട്, വയനാട് ജില്ലകളൊഴിച്ച്) 971 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. 2016 ഓടെ യൂണിറ്റുകളുടെ എണ്ണം 23,562 ആയും അംഗസംഖ്യ 8,48,868 ആയും ഉയര്‍ന്നിരിക്കുന്നു. 205 ഏര്യകളിലെ 1919 വില്ലേജുകളില്‍ ബാലസംഘം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടത് മേഖലാകമ്മിറ്റികളാണ്. എല്ലാ മേഖലകളിലും കമ്മിറ്റികളില്ലെന്നത് സംഘടന ഇന്നും ദുര്‍ബ്ബലമാണെന്ന് വ്യക്തമാക്കുന്നു. എല്ലാ യൂണിറ്റുകളും ക്രമമായി കൂടുന്നവയോ കൂടിയാല്‍പ്പോലും ബാലസംഘം വിഭാവനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നവയോ അല്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. ഈ ദൗര്‍ബല്യവും പരിഹരിക്കേണ്ടതുണ്ട്.
കുട്ടികളുടെ സംഘടന മറ്റു സംസ്ഥാനങ്ങളില്‍
കേരളത്തിലെ ബാലസംഘത്തോടു താരതമ്യം ചെയ്യാവുന്ന കുട്ടികളുടെ സംഘടനകള്‍ പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങി ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവിലുള്ളത്. പശ്ചിമബംഗാളില്‍ 'കിഷോര്‍ബാഹിനി' (ജശീിലലൃ'െ ഛൃഴമിശമെശേീി) എന്നും ത്രിപുരയില്‍ 'കിഷോര്‍' എന്നും ആണ് അവയുടെ പേര്. കായികമേളകള്‍, സാംസ്കാരിക മത്സരങ്ങള്‍, ക്ലാസുകള്‍, ജാഥകള്‍ തുടങ്ങിയ പരിപാടികള്‍ കുട്ടികളുടേതായി അവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ രണ്ടു സംഘടനകളുടെയും പ്രതിനിധികള്‍ 2009 ലെ ബാലസംഘം കോട്ടയം സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. 2010 ജൂണ്‍ 25 ന് കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെന്നതുപോലെ മറ്റു സംസ്ഥാനങ്ങളിലും കുട്ടികളുടെ സംഘടന രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനുവേണ്ടി ഡല്‍ഹിയില്‍ ഒരു യോഗം വിളിച്ചുകൂട്ടുകയുണ്ടായി. മൂന്നു ബാലസംഘം പ്രതിനിധികള്‍ കേരളത്തില്‍നിന്ന് ആ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെന്നപോലെ മറ്റു സംസ്ഥാനങ്ങളിലും ജാതി-മത സംഘടനകള്‍ കുട്ടികളെ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ അശാസ്ത്രീയവും മൗലികവാദസ്വഭാവമുള്ളവയുമായ ആശയങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സി പി ഐ (എം) 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും കുട്ടികളുടെ സംഘടന കെട്ടിപ്പടുക്കേണ്ടതിന്‍റെ ആവശ്യകത മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ അതിന്‍റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി. തുടര്‍ന്ന് കുട്ടികളുടെ രംഗത്തും വിദ്യാര്‍ത്ഥി-യുവജന മഹിളാരംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി അനുഭവങ്ങള്‍ കൈമാറാനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ രൂപരേഖ ഉണ്ടാക്കാനും നിശ്ചയിക്കുകയുണ്ടായി. എന്നാല്‍ ഈ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും അടിയന്തരമായി ഇക്കാര്യം ഏറ്റെടുക്കേണ്ടതുണ്ടെന്നും 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. കാര്യമായ പുരോഗതി ഇക്കാര്യത്തില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ബാലദിനാഘോഷവും മറ്റു ദിനാചരണങ്ങളും
വേനല്‍ത്തുമ്പി കലാജാഥ കഴിഞ്ഞാല്‍ ബാലസംഘത്തിന്‍റെ പരക്കെ അറിയപ്പെടുന്ന ഒരു പരിപാടി ബാലദിനാഘോഷമാണ്. 1938 ല്‍ കല്യാശ്ശേരിയില്‍ വച്ചു നടന്ന ദേശീയബാലസംഘത്തിന്‍റെ പ്രഥമ സമ്മേളനത്തെ അനുസ്മരിച്ചുകൊണ്ട് എല്ലാ വര്‍ഷവും ഡിസംബര്‍ 28 ന് സംസ്ഥാന വ്യാപകമായി ബാലദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രകളും കുട്ടികളുടെ പ്രശ്നങ്ങളും അവകാശങ്ങളും ഉന്നയിക്കുന്ന പാട്ടുകളും പ്ലക്കാര്‍ഡുകളും ബാലദിനാഘോഷത്തിന് മോടികൂട്ടുന്ന പരിപാടികളാണ്.
ജനുവരി 30 ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം, ഏപ്രില്‍ 13 ന് ജാലിയന്‍വാലാബാഗ് ദിനം, മെയ് 19 ന് നായനാര്‍ ദിനം, ജൂണ്‍ 1ന് സാര്‍വ്വദേശീയ ശിശുദിനം, ജൂണ്‍ 5 ന് ലോകപരിസ്ഥിതിദിനം, ജൂലൈ 21 ന് ചാന്ദ്രവിജയദിനം, ആഗസ്ത് 6, 9 ന് ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍, ആഗസ്ത്/സെപ്തംബറില്‍ ഓണം, ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി, നവംബര്‍ ഒന്നിന് കേരളപ്പിറവിദിനം എന്നിവയും ബാലസംഘം ആചരിക്കാറുണ്ട്. യൂണിറ്റ്, മേഖല, ഏരിയാ തലങ്ങളിലും ജില്ലാതലങ്ങളിലും, ഇതിനുപുറമേ, കുട്ടികളെ വിശേഷിച്ചും ബാധിക്കുന്ന സംഭവങ്ങളില്‍ പ്രതികരിക്കാനും ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളില്‍ തനതായ രീതിയില്‍ ഇടപെടാനും ബാലസംഘം ശ്രദ്ധിക്കാറുണ്ട്.
രക്ഷാധികാരി കണ്‍വെന്‍ഷനുകള്‍-സമ്മേളനങ്ങള്‍
1992, 1993, 1995, 1998, 2002 വര്‍ഷങ്ങളില്‍ യഥാക്രമം തൃശൂര്‍, ചങ്ങനാശ്ശേരി, പാലക്കാട്, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ രക്ഷാധികാരി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനുകളും സമ്മേളനങ്ങളും നടക്കുകയുണ്ടായി. 1992 ലെ തൃശൂര്‍ കണ്‍വെന്‍ഷനാണ് കുട്ടികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി തത്തമ്മ എന്ന കുട്ടികളുടെ മാസിക പുറത്തിറക്കാന്‍ തീരുമാനിച്ചത്. 1993 ല്‍ നടന്ന ചങ്ങനാശ്ശേരി കണ്‍വെന്‍ഷന്‍ സംഘടനയില്‍ ചില ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും അവ നടപ്പാക്കുന്നത് പിന്നീടാകാമെന്ന് തീരുമാനിക്കുകയാണുണ്ടായത്, 1995 ല്‍ കൂടിയ പാലക്കാട് കണ്‍വെന്‍ഷനാണ് പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ബാലസംഘത്തിന്‍റെ ഒരു പ്രധാന അജണ്ടയാക്കാന്‍ തീരുമാനിച്ചത്. 1998 ലെയും 2002 ലെയും സമ്മേളനങ്ങള്‍ സംഘടനയുടെ ആശയപരമായ അടിത്തറയെ ശരിവയ്ക്കുകയും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകമായി ചെയ്ത അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, യൂണിറ്റ് പ്രവര്‍ത്തനങ്ങളിലും മേഖലാ പ്രവര്‍ത്തനങ്ങളിലും വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതുമൂലം സംഘടനയില്‍ നിലനില്ക്കുന്ന സ്തംഭനാവസ്ഥയില്‍ ഈ സമ്മേളനങ്ങള്‍ ആകാംക്ഷ പ്രകടിപ്പിക്കുകയും ഉണ്ടായി. 2002 ലെ തൃശൂര്‍ സമ്മേളനം യൂണിറ്റുകളെ കുട്ടികളുടെ നിരന്തരമായ പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആഹ്വാനം ചെയ്തു. യൂണിറ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ട രീതിയില്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ സംഘടനയുടെ ഉപരിഘടകങ്ങളോട് തൃശൂര്‍ സമ്മേളനം ആവശ്യപ്പെട്ടു.
ചരല്‍ക്കുന്ന് സമ്മേളനം
2007 ജൂണ്‍ 9, 10 തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ ചരല്‍ക്കുന്നില്‍ വച്ചാണ് ഏറ്റവും ഒടുവിലത്തെ സംസ്ഥാന രക്ഷാധികാരി സമ്മേളനം നടന്നത്. അടിസ്ഥാനപരമായി കുട്ടികളുടെ സംഘടനയാണ് ബാലസംഘം എന്ന വസ്തുതയില്‍ ഊന്നി നിന്നുകൊണ്ട്, കുട്ടികളുടെ സംഘടനയെയും രക്ഷാധികാരി സംഘടനയെയും യൂണിറ്റ് തലം തൊട്ട് ജില്ലാതലം വരെ ഉദ്ഗ്രഥിക്കാനും സംസ്ഥാനതലത്തില്‍ കൂടി കുട്ടികളും രക്ഷാധികാരികളുമടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും മേല്‍ കീഴ് ബന്ധം പുലര്‍ത്തുന്ന സംഘടനാചട്ടക്കൂട് രൂപപ്പെടുത്താനും സമ്മേളനത്തില്‍ തീരുമാനമായി.
ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയ ഉദ്ഗ്രഥിത സംഘടനാ രൂപമാണ് ഇന്ന് ബാലസംഘത്തിനുള്ളത്. കുട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും അതേസമയം മുതിര്‍ന്നവരുടെ പങ്കാളിത്തവും മേല്‍നോട്ടവും ഉറപ്പാക്കുന്നതിനും പുതിയ സംഘടനാ രൂപം സഹായകമായിട്ടുണ്ട്. പുതിയ സംഘടനാ രൂപം സാക്ഷാല്‍ക്കരിച്ചതിനുശേഷം 2009 ല്‍ കോട്ടയത്തുവച്ചും 2011 ല്‍ കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട്ടുവച്ചും 2014 ല്‍ പാലക്കാട്ടുവച്ചും ഏറ്റവുമൊടുവില്‍ 2016 ഡിസംബര്‍ 30, 31 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍വച്ചും ബാലസംഘം സംസ്ഥാന സമ്മേളനങ്ങള്‍ ചേര്‍ന്നു.
പ്രസിദ്ധീകരണങ്ങള്‍
തൃശൂര്‍ കണ്‍വെന്‍ഷന്‍ തീരുമാനമനുസരിച്ച് 1992 മുതല്‍ 1994 വരെ തത്തമ്മ എന്ന കുട്ടികളുടെ മാസിക ബാലസംഘം പ്രസിദ്ധീകരിക്കുകയുണ്ടായി. തുടര്‍ന്ന് അതിന്‍റെ പ്രസിദ്ധീകരണം ദേശാഭിമാനി ഏറ്റെടുക്കുകയാണുണ്ടായത്.
നമ്മുടെ ഭാഷയുടെ, നമ്മുടെ നാടിന്‍റെ തന്നെ ജീനിയസിനെ പ്രതിഫലിപ്പിക്കുന്ന നാടന്‍ പാട്ടുകളുടെ ഒരു ശേഖരം 2000 മാര്‍ച്ചില്‍ ബാലസംഘത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ചില്‍ഡ്രന്‍സ് പബ്ലിക്കേഷന്‍ ട്രസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി.
തെരഞ്ഞെടുത്ത വേനല്‍ത്തുമ്പി നാടകങ്ങളുടെ രണ്ടു വാല്യങ്ങള്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. ചിന്ത പ്രസിദ്ധീകരിച്ച സംഘക്കളി (1985) എന്ന സവിശേഷത പുലര്‍ത്തുന്ന സോദ്ദേശ്യ കളികളുടെ സമാഹാരവും എടുത്തു പറയേണ്ടതുണ്ട്.
പുതിയ രീതിയിലുള്ള സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതിനുശേഷം 2008 ഫെബ്രുവരിയില്‍ സംഘടനയുടെ കാഴ്ചപ്പാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രസക്തി വിവരിക്കുന്ന ഒരു ലേഖന സമാഹാരം കുട്ടി നേരും നിനവും എന്ന പേരില്‍ ബാലസംഘം പുറത്തിറക്കുകയുണ്ടായി.
ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവസമൂഹത്തിന്‍റെ വളര്‍ച്ചയെപ്പറ്റിയും ഇന്ത്യയൂടെ നാളെയെപ്പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ നല്കാനും അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതനമനഃശ്ശാസ്ത്രസിദ്ധാന്തങ്ങള്‍, മനുഷ്യവിമോചനം ലാക്കാക്കിയുള്ള വിദ്യാഭ്യാസ സങ്കല്പങ്ങള്‍ എന്നിവ പരിചയപ്പെടുത്താനുമുദ്ദേശിച്ച് 2008 ജൂലൈയില്‍ ദിശ എന്ന പേരില്‍ മറ്റൊരു പുസ്തകം ബാലസംഘം പ്രസിദ്ധപ്പെടുത്തി. 2010 ല്‍ 'ശാസ്ത്രമാസം, ചരിത്രമാസം' എന്നിവ ആചരിക്കുന്നതിനുവണ്ടി ചലനം ചലനം സര്‍വ്വത്ര, നമുക്കുചുറ്റുമുള്ള ലോകം എന്നീ കൈപ്പുസ്തകങ്ങള്‍ സംഘടന നേരിട്ട് പുറത്തിറക്കുകയുണ്ടായി. 2012 മേയില്‍ ബാലസംഘം സംഘടനയും സമീപനവും എന്ന പേരില്‍ മറ്റൊരു കൈപ്പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു.
ശിശുസൗഹൃദം പുലര്‍ത്തുന്നതും ശാസ്ത്രീയവുമായ പാഠ്യപദ്ധതി പരിഷ്കാരം സംസ്ഥാനത്തു നടപ്പില്‍ വരുത്തുന്നതിലും കുട്ടികളുടെ സാംസ്കാരിക പ്രവര്‍ത്തനത്തിന് കുട്ടിത്തത്തിന്‍റെ മുഖം നല്കുന്നതിലും കാതലായ സംഭാവന നല്കാന്‍ കഴിഞ്ഞ മൂന്നരപതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനംകൊണ്ട് ബാലസംഘത്തിനു കഴിഞ്ഞിട്ടുണ്ട്. എട്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് പുരോഗമനമതേതര കാഴ്ചപ്പാടോടെ രൂപംകൊണ്ട ദേശീയ ബാലസംഘത്തിന്‍റെ നേരവകാശിയെന്ന നിലയില്‍ തലമുറകളിലൂടെ കേരളത്തിലെ കുട്ടികളുടെ സാമൂഹ്യ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കാനും സമൂഹത്തിലെ സമകാലിക സമസ്യകളോടു പുരോഗമനപരമായി പ്രതികരിച്ച് പിന്തിരിപ്പന്‍ ശക്തികളോടുള്ള പോരാട്ടത്തില്‍ സ്വന്തം നിലയ്ക്കും തനതായ രീതിയിലും കുട്ടികളെ പങ്കാളികളാക്കാനും ബാലസംഘം ആവോളം ശ്രദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കുട്ടികളുടെ വക്താവായി കുട്ടികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്ന സമഗ്രമായ സംസ്ഥാന ബാലനയത്തിനുവേണ്ടി ശബ്ദമുയര്‍ത്താനും ബാലസംഘം ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമങ്ങള്‍ തുടരുന്ന, കുട്ടികളുടെ കൂട്ടായ്മ ആയിരിക്കണം ഭാവിയിലും ബാലസംഘം. അങ്ങനെ മാത്രമേ ചരിത്ര നിര്‍മ്മിതിയില്‍ കുട്ടികളുടെ ഇടം കണ്ടെത്തിയ പ്രസ്ഥാനമെന്നഭിമാനിക്കാവുന്ന ബാലസംഘത്തിന് അതിന്‍റെ ശരിയായ പാത തുടരാന്‍ കഴിയൂ.
(2008 ജൂലൈയില്‍ ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ദിശ എന്ന പുസ്തകത്തിലെ ലേഖനം ഏതാനും ചെറിയ മാറ്റങ്ങളോടെ എടുത്തു ചേര്‍ത്തിട്ടുള്ളതാണ് ഈ ലേഖനം.)