ബാലസംഘം ഭരണഘടന
1. പേര് : സംഘടനയുടെ പേര് ബാലസംഘം എന്നായിരിക്കും.
2. ലക്ഷ്യം : കുട്ടികള്‍ക്കിടയില്‍ ശാസ്ത്ര മനോഭാവവും യുക്തിചിന്തയും ചരിത്രബോധവും വളര്‍ത്തിയെടുക്കുന്ന സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം. ചൂഷണരഹിതവും നീതിനിഷ്ഠവുമായ ഒരു ലോകത്തിന്‍റെ സൃഷ്ടിക്കുവേണ്ടി ബാലസംഘം പ്രവര്‍ത്തിക്കും. ഇതിന്‍റെ ഭാഗമായി ചുവടെ ചേര്‍ക്കുന്ന ലക്ഷ്യങ്ങള്‍ ബാലസംഘം ഉയര്‍ത്തിപ്പിടിക്കും.
1. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ജാതി-മത-വംശ-വര്‍ണ പ്രാദേശിക സങ്കുചിത ചിന്തകളില്‍നിന്നും കുട്ടികളെ വിമുക്തരാക്കുക.
2. ലിംഗ സമത്വം ഉയര്‍ത്തിപ്പിടിക്കുകയും ലിംഗ വിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുക.
3. കുട്ടികളില്‍ അധ്വാനത്തോട് മതിപ്പുണ്ടാക്കുകയും അതില്‍ അവരെ പങ്കാളികളാക്കുകയും ചെയ്യുക.
4. ശാസ്ത്രീയവും യുക്തിക്കധിഷ്ഠിതവുമായ വീക്ഷണവും പാരമ്പര്യത്തിന്‍റെ നല്ല അംശങ്ങളെ സ്വീകരിക്കാനും അല്ലാത്തവയെ തള്ളിക്കളയാനുമുള്ള വിവേചന ശീലവും വളര്‍ത്തിയെടുക്കുക.
5. കുട്ടികളില്‍ സാര്‍വദേശീയ ബോധവും സമാധാന വാഞ്ഛയും യുദ്ധവിരുദ്ധ - സാമ്രാജ്യത്വ വിരുദ്ധ മനോഭാവവും വളര്‍ത്തുകയും ചെയ്യുക.
6. തന്‍റേയും താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്‍റേയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കുട്ടികളെ സജ്ജരാക്കുക.
7. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രാപ്തരാക്കുക.
8. കുട്ടികളെ സാമൂഹ്യവല്‍ക്കരിക്കുന്നതിനും സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാന്‍ സന്നദ്ധരാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുക.
9. കുട്ടികളില്‍ ഉല്‍കൃഷ്ടമായ മാനവിക മൂല്യങ്ങളിലുള്ള വിശ്വാസവും ഉയര്‍ന്ന സദാചാര ബോധവും മെച്ചപ്പെട്ട പെരുമാറ്റ രീതികളും വളര്‍ത്തിയെടുക്കുക.
10. കുട്ടികളുടെ കായികവും കലാപരവും ഭൗതികവുമായ സര്‍ഗശേഷിയെ പോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.
11. കായിക ക്ഷമത നേടുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഇതിന്‍റെ ഭാഗമായി നീന്തല്‍ പരിശീലനം, വ്യായാമ മുറകളുടെ പരിശീലനം തുടങ്ങിയ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുക.
12. കുട്ടികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ചൂഷണം, ബാലവേല തുടങ്ങിയവയെ ചെറുക്കുകയും ചെയ്യുക.
3. പ്രവര്‍ത്തന പരിധി
കേരള സംസ്ഥാനവും പോണ്ടിച്ചേരി സംസ്ഥാനത്തിലെ മാഹിയും ഉള്‍പ്പെടുന്നതായിരിക്കും സംഘടനയുടെ പ്രവര്‍ത്തന പരിധി.
4. പതാക
നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആകത്തക്കവിധത്തില്‍ ചതുരാകൃതിയില്‍ വെളുത്ത നിറത്തിലുള്ളതായിരിക്കും ബാലസംഘം പതാക. ഇതിന്‍റെ മുകളില്‍ ഇടതുഭാഗത്തായി അഞ്ചുകോണുകളുള്ള ചുവന്ന നക്ഷത്രവും താഴെ വലതുഭാഗത്ത് വിലങ്ങനെ ബാലസംഘം എന്ന് നീലനിറത്തിലും ആലേഖനം ചെയ്തിരിക്കണം.
5. അംഗത്വം
6 മുതല്‍ 18 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ബാലസംഘത്തില്‍ അംഗങ്ങളാകാം. അംഗമായി ചേരുന്ന ഓരോ കുട്ടിയും അംഗത്വ ഫോറത്തില്‍ ഒപ്പുവയ്ക്കണം.
6. ഘടന
1. യൂണിറ്റുകള്‍
2. വില്ലേജ് കമ്മിറ്റികള്‍
3. ഏരിയാ കമ്മിറ്റികള്‍
4. ജില്ലാ കമ്മിറ്റികള്‍
5. സംസ്ഥാന കമ്മിറ്റി
7. യൂണിറ്റുകള്‍ - 15 മുതല്‍ 50 വരെ അംഗങ്ങള്‍ അടങ്ങിയതായിരിക്കും യൂണിറ്റ്. ഓരോ യൂണിറ്റും അംഗത്വഫീസായി 10 രൂപ മേല്‍കമ്മിറ്റിയെ ഏല്‍പ്പിക്കണം. ഇതില്‍ 3 രൂപ വീതം ഏരിയാ - ജില്ലാ കമ്മിറ്റികള്‍ക്കും 2 രൂപ വീതം വില്ലേജ് - സംസ്ഥാന കമ്മിറ്റികള്‍ക്കുമുള്ള വിഹിതമാണ്. യൂണിറ്റുകള്‍ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഒത്തുചേരുകയും നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യണം.
8. ഓരോ യൂണിറ്റിലും കുട്ടികള്‍ക്കൊപ്പം അഞ്ച് മുതിര്‍ന്ന ആളുകളെ അംഗങ്ങളായി ചേര്‍ക്കണം. ഇവരില്‍ രണ്ടുപേരെങ്കിലും വനിതകളായിരിക്കണം. മുതിര്‍ന്ന അംഗങ്ങള്‍ കുട്ടികള്‍ക്കൊപ്പം അംഗത്വഫോറത്തില്‍ ഒപ്പുവെച്ചിരിക്കണം.
9. വില്ലേജ് കമ്മിറ്റികള്‍ - 15 വരെ യൂണിറ്റുകള്‍ അടങ്ങിയതായിരിക്കും വില്ലേജ് കമ്മിറ്റികള്‍.
10. യൂണിറ്റുകള്‍ ഒഴികെയുള്ള മറ്റു കമ്മിറ്റികളുടെ അംഗസംഖ്യ ചുവടെ ചേര്‍ക്കും പ്രകാരം ക്രമീകരിച്ചിരിക്കേണ്ടതും അവരെ അതതു സമ്മേളനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതുമാണ്.
1. വില്ലേജ് കമ്മിറ്റി - 15 മുതല്‍ 30 വരെ
2. ഏരിയാ കമ്മിറ്റി - 25 മുതല്‍ 41 വരെ
3. ജില്ലാകമ്മിറ്റി - 41 മുതല്‍ 61 വരെ
4. സംസ്ഥാനകമ്മിറ്റി - 60 മുതല്‍ 80 വരെ
മേല്‍ നിബന്ധനയ്ക്കു വിധേയമായി അതതു കാലത്ത് ഓരോ കമ്മിറ്റിയിലും ഉണ്ടായിരിക്കാവുന്ന പരമാവധി അംഗസംഖ്യ സംസ്ഥാനകമ്മിറ്റിയുടെ കാര്യത്തില്‍ സംസ്ഥാന സമ്മേളനവും ജില്ലാകമ്മിറ്റിയുടെ കാര്യത്തില്‍ സംസ്ഥാനകമ്മിറ്റിയും മറ്റു കമ്മിറ്റികളുടെ കാര്യത്തില്‍ ജില്ലാ കമ്മിറ്റിയും തീരുമാനിക്കേണ്ടതാണ്.
വില്ലേജ് കമ്മിറ്റി മുതല്‍ മേലോട്ടുള്ള കമ്മിറ്റികളില്‍ അംഗമായിരിക്കുന്നവര്‍ അതതു കമ്മിറ്റികളുടെ അംഗത്വഫോറത്തില്‍ ഒപ്പുവെയ്ക്കേണ്ടതും ഒന്നിലേറെ കമ്മിറ്റികളില്‍ അംഗമായിരിക്കുന്നവര്‍ അവര്‍ അംഗമായിരിക്കുന്ന ഏറ്റവും ഉയര്‍ന്ന കമ്മിറ്റിയുടെ അംഗത്വഫോറത്തില്‍ ഒപ്പുവെക്കേണ്ടതുമാണ്.
11. സംസ്ഥാന കമ്മിറ്റി ഒഴികെ വില്ലേജ് കമ്മിറ്റി മുതല്‍ മേലോട്ടുള്ള ഓരോ കമ്മിറ്റിയിലും ആകെ അംഗസംഖ്യയുടെ 40 ശതമാനം അധികരിക്കാത്ത എണ്ണം മുതിര്‍ന്നവരെ കൂടി അംഗങ്ങളാക്കാവുന്നതും എല്ലാ കമ്മിറ്റികളിലും കുട്ടികളിലും മുതിര്‍ന്നവരിലും മൂന്നിലൊന്നു വീതം വനിതകള്‍ ആയിരിക്കേണ്ടതുമാണ്.
12. ഭാരവാഹികള്‍
വിവിധ ഘടകങ്ങളുടെ ഭാരവാഹികള്‍ ചുവടെ ചേര്‍ക്കും പ്രകാരമായിരിക്കേണ്ടതും അവരെ അതതു കമ്മിറ്റികള്‍ തെരഞ്ഞെടുക്കേണ്ടതുമാണ്.
1. കുട്ടികളായ അംഗങ്ങളില്‍നിന്നും സംസ്ഥാന കമ്മിറ്റിക്ക് ഓരോ പ്രസിഡന്‍റും സെക്രട്ടറിയും മൂന്നുവീതം വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറിമാരും.
എ . സംസ്ഥാനതലം മുതൽ വില്ലേജ് തലം വരെ ഒരു മുഴുവൻ സമയ പ്രവർത്തകൻ . കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കണം (ഭരണഘടനാ ഭേദഗതി പെരിന്തൽമണ്ണ സമ്മേളനം )
2. മറ്റു ഘടകങ്ങള്‍ക്ക് ഓരോ പ്രസിഡന്‍റ്, സെക്രട്ടറിമാരും രണ്ടുവീതം വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറിമാരും.
3. വില്ലേജ് കമ്മിറ്റി മുതല്‍ മേലോട്ടുള്ള കമ്മിറ്റികള്‍ക്ക് മുതിര്‍ന്ന അംഗങ്ങളില്‍നിന്നും ഒരു കണ്‍വീനര്‍ രണ്ട് ജോയിന്‍റ് കണ്‍വീനര്‍മാരും. ജോയിന്‍റ് കണ്‍വീനര്‍മാരില്‍ ഒരാളെങ്കിലും വനിതയായിരിക്കണം.
4. കുട്ടികളായ ഭാരവാഹികളിലും മുതിര്‍ന്ന ഭാരവാഹികളിലും മൂന്നിലൊന്നുഭാഗം വനിതകളായിരിക്കണം.
5. യൂണിറ്റുകള്‍ക്ക് കുട്ടികളായ ഭാരവാഹികള്‍ക്കു പുറമെ മുതിര്‍ന്നവരില്‍നിന്നും ഓരോ കണ്‍വീനറേയും തിരഞ്ഞെടുക്കേണ്ടതാണ്.
13. എല്ലാ ഘടകങ്ങള്‍ക്കും ചുവടെ ചേര്‍ക്കും പ്രകാരം അംഗസംഖ്യയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ അതതു ഘടകങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
1. യൂണിറ്റുകള്‍
ഭാരവാഹികളും 5 മുതിര്‍ന്ന അംഗങ്ങളും അടങ്ങിയ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി
2. വില്ലേജ് എക്സിക്യൂട്ടീവ് കമ്മിറ്റി
ഭാരവാഹികള്‍ അടങ്ങിയ 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി
3. ഏരിയാ എക്സിക്യൂട്ടീവ് കമ്മിറ്റി
9 മുതല്‍ 11 വരെ അംഗങ്ങള്‍
4. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി
11 മുതല്‍ 15 വരെ അംഗങ്ങള്‍
5. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി
15 മുതല്‍ 21 വരെ അംഗങ്ങള്‍
14. സമ്മേളനങ്ങള്‍
ഓരോ തലത്തിലുമുള്ള ഏറ്റവും ഉയര്‍ന്ന വേദി അതതു തലങ്ങളിലെ സമ്മേളനമായിരിക്കും. യൂണിറ്റ് മുഴുവന്‍ അംഗങ്ങളും അടങ്ങിയതായിരിക്കും. മറ്റു തലങ്ങളില്‍ തൊട്ടു താഴെതലത്തിലെ സമ്മേളനം തെരഞ്ഞെടുക്കുന്ന പ്രതിനിധികളും സമ്മേളനം നടക്കുന്ന തലത്തിലെ കമ്മിറ്റി അംഗങ്ങളും അടങ്ങിയതായിരിക്കും സമ്മേളനങ്ങള്‍. മുതിര്‍ന്ന പ്രതിനിധികളുടെ എണ്ണം ആകെ പ്രതിനിധികളുടെ എണ്ണത്തിന്‍റെ 40 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലാത്തതും കുട്ടികളിലും മുതിര്‍ന്നവരിലും മൂന്നിലൊന്നു വീതം പ്രതിനിധികള്‍ വനിതകളായിരിക്കേണ്ടതുമാണ്.
15. യൂണിറ്റ് - വില്ലേജ് - ഏരിയാ സമ്മേളനങ്ങള്‍ വര്‍ഷത്തിലൊരു തവണയും ജില്ലാ - സംസ്ഥാന സമ്മേളനങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കലും ചേരേണ്ടതാണ്. എല്ലാ സമ്മേളനങ്ങളുടെയും സമയക്രമം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്.
16. സംസ്ഥാന - ജില്ലാകമ്മിറ്റികള്‍ക്ക് ആവശ്യമാണെന്ന് തോന്നുന്നപക്ഷം ഉപസമിതികള്‍ രൂപീകരിക്കാവുന്നതും അവയുടെ ഘടനയും ചുമതലയും അതതു കമ്മിറ്റികള്‍ നിശ്ചയിക്കേണ്ടതും അവ അതതു കമ്മിറ്റികള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടതുമാണ്.
17. അക്കാദമിക് സമിതി
ബാലസംഘത്തിന്‍റെ വിദ്യാഭ്യാസ - സാംസ്കാരിക ബാലക്ഷേമ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശയപരവും പ്രായോഗികവുമായ പിന്തുണ നല്‍കുന്നതിനായി ജില്ലാ - സംസ്ഥാന തലങ്ങളില്‍ അക്കാദമിക് സമിതികള്‍ രൂപീകരിക്കാവുന്നതും അവയുടെ ഘടനയും ചുമതലകളും സംസ്ഥാന കമ്മിറ്റി നിശ്ചയിക്കും പ്രകാരമായിരിക്കുന്നതുമാണ്.
18. സാമ്പത്തികം
1. വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന കമ്മി റ്റിയുടെ അനുവാദത്തോടെ ഫണ്ടുകള്‍ ശേഖരിക്കാവുന്നതാണ്.
2. ഓരോ കമ്മിറ്റികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ സെക്രട്ടറിയുടെയും കണ്‍വീനറുടെയും പേരിലായിരിക്കേണ്ടതാണ്.
3. ഓരോ ഘടകവും അവയുടെ വരവു ചെലവു കണക്കുകള്‍ സൂക്ഷി ക്കുകയും രണ്ടുമാസത്തിലൊരിക്കല്‍ കമ്മിറ്റികളില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതുമാണ്.
19. ഈ ഭരണഘടനയ്ക്കു വിധേയമായി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചട്ടങ്ങളും ചിട്ടകളും നിശ്ചയിക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
20. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം സംസ്ഥാനസമ്മേളനത്തിനു മാത്രമായിരിക്കും. സംസ്ഥാന കമ്മിറ്റി നിര്‍ദേശിക്കുന്ന ഭേദഗതികള്‍ സമ്മേളനത്തിന് ഒരുമാസം മുമ്പ് ജില്ലാകമ്മിറ്റികള്‍ക്ക് സര്‍ക്കുലേറ്റ് ചെയ്യേണ്ടതാണ്. കീഴ്ഘടകങ്ങളില്‍ നിന്നോ അംഗങ്ങളില്‍ നിന്നോ ഉള്ള ഭേദഗതി നിര്‍ദേശങ്ങള്‍ സമ്മേളനത്തിന് രണ്ടുമാസം മുമ്പ് സംസ്ഥാന കമ്മിറ്റിക്കു ലഭിച്ചിരിക്കണം. ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് സമ്മേളന പ്രതിനിധികളില്‍ മൂന്നില്‍ രണ്ടുഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിരിക്കണം.