ബാലസംഘം സംസ്ഥാനകമ്മിറ്റിയും പി വി കെ കടമ്പേരി സ്മാരക ട്രസ്റ്റും ഏർപ്പെടുത്തിയ കടമ്പേരി സ്മാരക അവാർഡ് കോഴിക്കോട് കക്കോടി സ്വദേശിനി ഫാത്തിമ ബിസ്മിക്ക്. 10,000 രൂപയും പ്രശസ്തിപത്രവും ചിത്രൻ കുഞ്ഞിമംഗലം നിർമിച്ച ശില്പവുമാണ് പുരസ‌്കാരം. ഭിന്നശേഷിക്കാരായ ഒന്നാം ക്ലാസുകാരനെ ചേർത്തുപിടിച്ച‌് കുട്ടിത്തത്തിന്റെ കളിചിരികളിലേക്ക് കൈപിടിച്ച് നടത്തിയ 12 വയസ്സുകാരിയാണ‌് ഫാത്തിമ ബിസ്മി.കക്കോടി പടിഞ്ഞാറ്റുമുറിയിലെ മുഹമ്മദലിയുടെയും നബീസയുടെയും മകളായ ബിസ്മി പറമ്പിൽകടവ് എംഎഎം യുപി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോഴാണ് ഒന്നാം ക്ലാസ്സിൽ സെറിബ്രൽ പാൾസി ബാധിതനായ അനുഗ്രഹ് ചേരുന്നത്. അന്നുമുതൽ നാളിതുവരെ പരപ്രേരണകളൊന്നുമില്ലാതെ ഫാത്തിമ അനുഗ്രഹിന്റെ സഹായിയായി.
നിഷ്കളങ്കമായ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മകുടോദാഹരണമായ ഫാത്തിമാ ബിസ്മി മാനവിക മൂല്യങ്ങൾക്ക് ആവേശമാവുന്നുവെന്നും അവാർഡ് നിർണയസമിതി വിലയിരുത്തി. ആഗസ‌്ത‌് മൂന്നിന് ബക്കളത്ത് നടക്കുന്ന കടമ്പേരി അനുസ്മരണസമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. ബാലസംഘം വളർത്തിയെടുക്കുന്നതിൽ ആരംഭകാലം മുതൽ നേതൃത്വപരമായ പങ്കുവഹിച്ച കടമ്പേരി മാഷിന്റെ ഓർമയ‌്ക്കായി 2015 മുതലാണ് പുരസ‌്കാരം ഏർപ്പെടുത്തിയത‌്.