test

വിട്ട് കൊടുക്കുകയില്ലീ സമത്വ സുന്ദര ഭൂമിക

Sarod Changadath

വിട്ട് കൊടുക്കുകയില്ലീ സമത്വ സുന്ദര ഭൂമിക

- സരോദ് ചങ്ങാടത്ത്

(ബാലസംഘം സംസ്ഥാന സെക്രട്ടറി)

                കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെയും എെക്യബോധത്തെയും ഒരു വെെതാളിക ശക്തിക്ക് മുന്നിലും അടിയറ വെയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് അഞ്ചാമത് ബാലസംഘം സംസ്ഥാന സമ്മേളനം അടൂരില്‍ സമാപിച്ചത്.1938 ഡിസംബര്‍ 28ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കിലെ കല്ല്യാശ്ശേരിയില്‍ ഇ.കെ.നായനാര്‍ പ്രസിഡണ്ട് ആയും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സെക്രട്ടറിയായും രൂപം കൊണ്ട സംഘടന എണ്‍പത് വയസ്സ് പിന്നിടുമ്പോള്‍ ലോകത്തിലെ തന്നെ കുട്ടികളുടെ സമാനതകളില്ലാത്ത സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ് മാറിയിരിക്കുകയാണ്.കേരളത്തിലെ 14 ജില്ലകളിലെ 208 ഏരിയകള്‍ക്ക് കീഴില്‍ 2019 മേഖലാ കമ്മിറ്റികളിലായ് 26631 യൂണിറ്റുകളും അതില്‍ 966600 അംഗങ്ങളുമുള്ള കുട്ടികളുടെ ബൃഹത്തായ സംഘടിത പ്രസ്ഥാനമായ് തലയുയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ഒരു സമ്മേളനക്കാലയളവ് കൂടി അവസാനിക്കുന്നത്.ഏഷ്യയിലെ കുട്ടികളുടെ ഏറ്റവും വലിയ തിയ്യേറ്റര്‍ ട്രൂപ്പ് ആയ വേനല്‍തുമ്പി കലാജാഥയുടെ 28 വര്‍ഷത്തെ ചരിത്രത്തിലെ നാഴികക്കല്ലായ് മാറിയ വര്‍ഷമാണ് കടന്നുപോയത്.സംസ്ഥാനത്തുടനീളം 202 കലാജാഥാ സംഘങ്ങളിലായ് 4210 കുട്ടി കലാകാരന്‍മാരാണ് ഈ കഴിഞ്ഞ വര്‍ഷം വേനല്‍തുമ്പികളായ് ചിറക് വിടര്‍ത്തിയത്.2590 സ്വീകരണകേന്ദ്രങ്ങളിലായ് ഏഴേമുക്കാല്‍ ലക്ഷം കാണികള്‍ക്കിടയിലേക്കാണ് 2018 വര്‍ഷത്തെ വേനല്‍തുമ്പികള്‍ പറന്നിറങ്ങിയത്.
നേട്ടങ്ങളുടെ ഒരു കാലയളവ് കൂടി കടന്ന് പോവുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഇനിയും മുന്നോട്ട് പോവാന്‍ കരുത്ത് പകര്‍ന്ന് കൊണ്ടാണ് അഞ്ചാമത് സംസ്ഥാന സമ്മേളനം പര്യവസാനിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കം ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര സദസ്സുകളില്‍ ഒന്നായ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ വെച്ച് ലോകത്തില്‍ ആദ്യമായ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് പരശുരാമനാണ് എന്ന് പറഞ്ഞ് ശാസ്ത്ര സത്യങ്ങളെ വക്രീകരിക്കാനുള്ള ഗൂഢശ്രമങ്ങളുടെ നേതൃത്വമായ് മാറുമ്പോള്‍ ''ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പം'' എന്ന കാലികപ്രസ്ക്തമായ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് സംസ്ഥാന സമ്മേളനം കടന്നുപോയത്.
കേരളം കണ്ട മഹാപ്രളയം വലിയ തോതില്‍ ബാധിച്ച ജില്ലകളിലൊന്നായിരുന്നു പത്തനംതിട്ട.ശബരിമല വിഷയത്തിന്റെ പേരില്‍ സംഘപരിവാര്‍ കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടിയതും അവിടെ നിന്നായിരുന്നു.എല്ലാ പരിമിതികളെയും അതിജീവിച്ചുകൊണ്ട് എെക്യബോധത്തിന്റെ സംഘഗാഥ പാടിയാണ് സമ്മേളനത്തെ പത്തനംതിട്ട ജില്ല വരവേറ്റത്.സെമിനാറുകള്‍,ചലച്ചിത്രോത്സവം,എഴുത്തുകൂട്ടം,കാവ്യോത്സവം,വരയരങ്ങ്,നാടന്‍പാട്ട് മത്സരം,വോളിബോള്‍ മേള,ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്,കൂട്ടയോട്ടം,ശാസ്ത്ര ക്വിസ്സുകള്‍,ശാസ്ത്ര ജാഥകള്‍ തുടങ്ങി വെെവിധ്യമായ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നത്.കാല്‍ ലക്ഷത്തോളം കുട്ടികള്‍ അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്ര അടൂര്‍ പട്ടണത്തിന് ത്രസിപ്പിക്കുന്ന അനുഭവമായി.കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വര്‍ഗ്ഗീയ ശക്തികള്‍ വിത്തെറിയാന്‍ ശ്രമിച്ച അതേ മണ്ണില്‍ മതേതര കേരളത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന കുട്ടികളുടെ പ്രഖ്യാപനമായിരുന്നു ആ ഘോഷയാത്ര.കേരളത്തിന്റെ വ്യവസായ വകുപ്പ് മന്ത്രി സ.ഇ.പി.ജയരാജന്‍ പൊതുസമ്മേളനവും എഴുത്തുകാരന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ 966600 അംഗങ്ങളെ പ്രതിനിധീകരിച്ച് 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 433 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്.ആന്ധ്രപ്രദേശിലെ കാക്കിനഡയില്‍ നിന്നും ഗുണ്ടൂരില്‍ നിന്നും കുട്ടികളുടെ സംഘടനയെ പ്രതിനിധികരീച്ച് എത്തിയവര്‍ സമ്മേളനത്തിന് ആവേശം പകര്‍ന്നു.കഴിഞ്ഞ 2 വര്‍ഷക്കാലത്തെ സംഘടനാ പ്രവര്‍ത്തനങ്ങളെ പരിശോധിച്ച സമ്മേളനം ഇനി വരുന്ന കാലയളവിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഗതി നിര്‍ണ്ണയിക്കാനുതകുന്നതുമായിരുന്നു.കേരളത്തിന്റെ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഭാവി തലമുറയെ വര്‍ഗ്ഗീയ ശക്തികളുടെ കെെപ്പിടിയിലൊതുക്കാന്‍ അനുവദിക്കില്ലെന്ന ബാലസംഘത്തിന്റെ ധീരമായ പ്രഖ്യാപനത്തിനാണ് അടൂര്‍ സാക്ഷ്യം വഹിച്ചത്.
കേരളത്തിലെ ക്രഷ് സംവിധാനങ്ങളെ ഇല്ലാതാക്കാനും അഞ്ചാം ക്ലാസ്സ് മുതല്‍ പ്രമോഷന്‍ പരീക്ഷകള്‍ ഏര്‍പ്പെടുത്തി സ്ക്കൂള്‍ വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സമ്മേളനം പ്രതിഷേധിച്ചു.കേരളത്തിന്റെ മഹത്തരമായ ചരിത്ര പെെതൃകവും നവോത്ഥാന പാരമ്പര്യവും സംരക്ഷിക്കണമെന്നും ബാലാവകാശ സംരക്ഷണത്തിനായി സമഗ്ര ദേശീയ ശിശുസംരക്ഷണ നയം രൂപപ്പെടുത്തണമെന്നും സ്ക്കൂള്‍ ജനാധിപത്യ സംവിധാനങ്ങളെ പ്രവര്‍ത്തനക്ഷമമാക്കി കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്തിയെടുക്കണമെന്നും ശിശുസംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആദിവാസി മേഖലയിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പഠനമാധ്യമം മാതൃഭാഷയിലാക്കണമെന്നും പൊതുവിദ്യാഭ്യാസ മേഖലയിലെ ഭൗതിക ഉള്ളടക്കത്തോടൊപ്പം കരിക്കുലവും കരുത്തുറ്റതാക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
നിരവധിയായ പുതിയ തീരുമാനങ്ങള്‍ കെെക്കൊണ്ടാണ് അഞ്ചാമത് സംസ്ഥാന സമ്മേളനം സമാപിക്കുന്നത്.വെെവിധ്യമാര്‍ന്ന ഇടപെടലുകള്‍ കുട്ടികളുടെ മേഖലയില്‍ നടത്തുവാനും സമാന്തര വിദ്യാഭ്യാസ സാംസ്കാരിക സംഘടനാ പ്രവര്‍ത്തനത്തില്‍ ഇനിയുമേറെ മുന്നേറാനും സംസ്ഥാന സമ്മേളനം നല്‍കിയ കരുത്തും ഊര്‍ജ്ജവും വരുന്ന കാലയളവില്‍ സംഘടനയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാം.കേരളത്തിന്റെ പുരോഗമന സ്വഭാവം അണഞ്ഞുപോകാതെ കാത്തുസൂക്ഷിക്കാന്‍ ഭാവി തലമുറയെ സജ്ജമാക്കുന്ന വളരെ വലിയൊരു ചുമതലയാണ് കേരളത്തിലെ ബാലസംഘം കഴിഞ്ഞ കാലങ്ങളിലൊക്കെയും നിര്‍വ്വഹിച്ചു വന്നത്.പുരോഗമന കേരളത്തിന്റെ അടിവേരാണ് കേരളത്തിലെ പ്രബുദ്ധരായ കുട്ടികള്‍.ആ വേരുകള്‍ക്ക് ഇനിയും വെള്ളവും വളവും നല്‍കി ഇടമുറിയാത്ത വസന്തങ്ങള്‍ നമുക്ക് വിരിയിച്ചെടുക്കാം.