test

ബാലസംഘം എന്ത്? എന്തിന്?


പേരൂർക്കട(1983), അരുവിപ്പുറം(1985 ) അരുവിക്കര(1986 ) ക്യാമ്പുകളുടെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് 1986 സെപ്തംബറില്‍ ബാലസംഘം എന്ത്? എന്തിന്? എന്ന പേരില്‍ ബാലസംഘം പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാനപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന പുസ്തകം പുറത്തിറക്കാന്‍ കഴിഞ്ഞത്. സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ തങ്ങളുടെ ഇടം തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് ശേഷി നല്കുക, കുട്ടികളില്‍ ഉല്‍കൃഷ്ടമായ മാനവിക മൂല്യങ്ങളിലുള്ള വിശ്വാസം വളര്‍ത്തുക, കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, അദ്ധ്വാനത്തോട് കുട്ടികളില്‍ മതിപ്പു വളര്‍ത്തുക, സമൂഹത്തോട് കുട്ടികളെ സമരസപ്പെടുത്തുക, കുട്ടികളില്‍ സാമൂഹ്യബോധം, സാര്‍വ്വദേശീയത, യുദ്ധവിരോധം, സമാധാന വാഞ്ഛ, പരിസ്ഥിതി സ്നേഹം എന്നിവ വളര്‍ത്തുക എന്നിവയാണ് ബാലസംഘത്തിന്‍റെ മുഖ്യലക്ഷ്യങ്ങളെന്ന് പുസ്തകം നിര്‍വ്വചിച്ചു. 
ബാലസംഘത്തിന്‍റെ ലക്ഷ്യങ്ങളും പരിപാടികളും നിശ്ചയിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ വരച്ചുകാണിക്കുകയും രക്ഷാധികാരികള്‍ക്ക് ബാലസംഘത്തിലുള്ള പങ്ക് വിശദീകരിക്കുകയും മാത്രമല്ല യൂണിറ്റ് പ്രവര്‍ത്തനത്തിനുള്ള പഠനവിഷയങ്ങള്‍ ചൂണ്ടിക്കാട്ടുകയും അവ നടപ്പാക്കാന്‍ വേണ്ടി ദിനാചരണങ്ങള്‍, കഥകള്‍, കവിതകള്‍, നാടകങ്ങള്‍, കളികള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, പ്രകൃതിനിരീക്ഷണം, ശാസ്ത്ര പരീക്ഷണങ്ങള്‍, ബാലപ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നതായിരുന്നു ബാലസംഘം എന്ത് എന്തിന് എന്ന ലഘു പുസ്തകം. കുട്ടികള്‍ക്കു പാടാവുന്ന നാടന്‍പാട്ടുകളുടെയും മറ്റു പാട്ടുകളുടെയും ചെറുതല്ലാത്ത ഒരു ശേഖരവും 'ചലനം: പ്രപഞ്ചത്തിന്‍റെ മൗലിക സ്വഭാവം.' 'നമ്മുടെ ഇന്ത്യ' 'മനുഷ്യന്‍ ചരിത്രത്തിലൂടെ' തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാതൃകാ പാഠക്കുറിപ്പുകളും അടങ്ങുന്ന ഈ പുസ്തകം ബാലസംഘത്തെ പുതിയ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അടിസ്ഥാനരേഖതന്നെ ആയിരുന്നു.

ബാലസംഘത്തിന്റെ നാൾ വഴികൾ കാണാം