.....................*വൃദ്ധ*.................
ചിതലരിച്ച ചാരുകസേരയിൽ
ചാരിയിരുന്ന്
പൊളിഞ്ഞു വീഴാറായ
തറവാടുപുരയെ നോക്കി
വിതുമ്പുന്ന ഒരു മനസ്സുണ്ടെൻ വീട്ടിൽ
ഒന്നു തുപ്പാൻ
പോകണമെങ്കിൽ കൂടിയും
ആ കൈകളിലൊന്ന് മുറുകെപ്പിടിക്കണം
ഈ കൊച്ചു ഭൂമിയിൽ നമ്മെ
നിവരാൻ പഠിപ്പിച്ച കൈകൾക്ക്
നിവരാൻ ഞാനിപ്പോൾ
യെൻ കൈകൾ കൊടുക്കുന്നു...
തേഞ്ഞു പോയ ഓർമകളെ
വാർത്തെടുത്ത്
ചൊല്ലിത്തരാറുണ്ടെനിക്ക്
കേട്ടതൊക്കെ
പിന്നെയും പിന്നെയും
കേട്ടതെല്ലാം പിന്നെയും
പിന്നെയും കേട്ടിരിക്കും
ഞാൻ കാണാത്ത
എന്നുടെ നാടും
ഞാൻ കാണാത്ത
എന്നുടെ നാട്ടുകാരും
ഞാൻ കേൾക്കാത്ത
അറിവുകളും
എനിക്കൊരത്ഭുതമാകുകയാണ്
ആ വിണ്ടു കീറിയ കാലുകൾ
ഒരു കാലത്തെ ആവേശമായിരിക്കാം
ചുളിവന്ന കൈകൾ കൊണ്ട്
ആരൊക്കെ വയറുനിറച്ചിരിക്കാം
ഇടക്കിടക്ക് ഉറങ്ങുകയാവാം
ഇടക്കിടക്ക് എവിടെയൊക്കയോ
നോക്കിയിരിക്കുന്നത് കാണാം
പത്രത്താളുകൾ മറിച്ച്
നോക്കുന്നതും കാണാം
ആ ജീവിതം വീടിനുള്ളിൽ
ഒതുങ്ങിയതു പോലെ...
കൊച്ചുമകൾ വിളിച്ചാൽ
ആ കൈകൾ പിടിച്ച്
നടക്കാനിറങ്ങും
കുശലാന്വേഷണവും നടത്തും
പിന്നതാരാണെന്നും ചോദിക്കും
' എന്തിനാണെന്നെയിങ്ങനെ
ഇട്ടേക്കണെന്ന ചോദ്യവും'
ആ കൈകൾ ഞങ്ങളെ
ചാരുകസേരയിലിരുന്ന്
ഒന്നെഴുന്നേൽക്കാൻ
മാടിവിളിച്ചപ്പോൾ
അവരെ ഞങ്ങൾ
വൃദ്ധയെന്ന് വിളിച്ചു
എ കെ ഋതുൽ കുമാർ