തീരത്ത് കടൽ കാർക്കിച്ച്
തുപ്പിയ നിനക്ക്
നനുത്ത മഞ്ഞിന്റെ
ചൂട് ഉണ്ടായിരുന്നു, ഉതിർന്നു വീണ ഷൂസിനു
ഒലിച്ചിറങ്ങിയ തൂവലുകളുടെ ചൂരും
വിഴുങ്ങുന്ന തിരകളെ ചുരുട്ടി മടക്കിവെക്കാൻ
നിനക്കൊരു കാറ്റ് പെട്ടി
ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
നിഴലിന്റെ ശവപ്പെട്ടിയിൽ പൂട്ടി വെച്ച നിന്റെ ചിറകുകളുടെ താക്കോലും
ഞാൻ ചുവന്ന ഇരുമ്പിൽ നിന്ന്,
പഴുപ്പിച്ചെട്ത്തിട്ടുണ്ട്
നിന്റെ തണുത്തുറഞ്ഞ വിരലുകളെ ചുട് പിടിപ്പിക്കാൻ
കവിതകൾ കത്തിച്ച കനലും, പറത്താൻ തുണ്ട് പേപ്പറുകൾ ഒട്ടിച്ച് പട്ടവും,
കടം വാങ്ങിയ കോലുമിഠായിയും , വെയിലിനു മൂക്ക് കയർ ഇടാൻ സ്വപ്നങ്ങളടെ നൂൽ ഉണ്ടയും
ആ തീരത്തേക്ക് ഞാൻ ഒഴുക്കി വിട്ടിരുന്നു
കടലിനെ നീ നിന്റെ കണ്ണിൽ ഒട്ടിച്ചു വച്ചതറിയാതെ
അവർ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടാകണം