test

കുട്ടികളുടെ അവകാശ മേഖലയിലെ പോരാട്ടങ്ങള്‍

Akhil Nasim

കുട്ടികളുടെ അവകാശ മേഖലയിലെ
പോരാട്ടങ്ങള്‍

"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍,
ഞങ്ങള്‍ നിങ്ങളുടെ വയലുകളില്‍ പണിക്കിറങ്ങില്ല."

- അയ്യങ്കാളി

വിദ്യാഭ്യാസത്തിനുള്ള അവകാശം നേടിയെടുക്കുന്നതിനായി 1907-ല്‍ കര്‍ഷകതൊഴിലാളികള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ കൂപ്പുകുത്തിയത് വിവേചനങ്ങളുടെ മതില്‍കെട്ടുകളായിരുന്നു. ഇന്ത്യ എന്ന ജനാധിപത്യ മഹാരാജ്യത്ത് കുട്ടികള്‍ക്ക് നിരവധി അവകാശങ്ങളാണുള്ളത്. ഏതാണ്ട് 1.34 ബില്ല്യണ്‍ ജനസംഖ്യയുള്ള ഈ രാജ്യത്ത് ഒരു മിനുട്ടില്‍ 51 കുഞ്ഞുങ്ങള്‍ ജനിക്കുന്നു എന്നാണ് ശരാശരി കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ആകെ ജനസംഖ്യയുടെ 41 ശതമാനവും 18 വയസ്സിനു താഴെയുള്ളവരാണ്. എങ്കിലും ഈ വിഭാഗത്തില്‍പെടുന്നവര്‍ വലിയ തോതില്‍ അവകാശനിഷേധമാണ് അനുഭവിക്കുന്നത്.
സ്വാതന്ത്ര്യസമരകാലത്ത് തന്നെ കുട്ടികളുടെ അവകാശങ്ങള്‍ക്കായി നിരവധി പോരാട്ടങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മുകളില്‍ സൂചിപ്പിച്ചത് പോലുള്ള വിദ്യാഭ്യാസാവകാശ സമരം തന്നെ, പലതിനും നേതൃത്വം നല്‍കിയത് മഹാത്മ അയ്യങ്കാളിയും. 1907 ല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാളാണ് ആദ്യമായി സ്കൂള്‍ പ്രവേശനത്തിന് ഉത്തരവിടുന്നത്.എന്നാൽ ജന്മിമാര്‍ അവരുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സമ്പത്ത് കൂട്ടാനും വയലില്‍ പണിയെടുക്കുന്ന അധസ്ഥിത വിഭാഗത്തെ ദുരുപയോഗപ്പെടുത്തിയതിന്‍റെ ഭാഗമായി ഈ ഉത്തരവ് നടപ്പിലായില്ല. ഈ സമയത്ത് തന്നെ അയ്യങ്കാളി അവകാശം പോരാട്ടം ആരംഭിച്ചിരുന്നു.

 


തുടര്‍ന്ന് 1910 ല്‍ വീണ്ടും സ്കൂള്‍ പ്രവേശന ഉത്തരവ് പുറപ്പെടുവിപ്പിച്ചപ്പോള്‍ അത് നടപ്പില്‍ വരുത്താനായി അയ്യങ്കാളി വിവിധ സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. അങ്ങനെ ഊരൂട്ടമ്പലം സ്കൂളിലേക്ക് ഒരു പൂജാരിയുടെ മകളുമായി അദ്ദേഹം എത്തി. എന്നാല്‍ കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്നു മാത്രമല്ല, സ്കൂള്‍ അശുദ്ധമാക്കിയെന്നാരോപിച്ച് ജാതികോമരങ്ങള്‍ ഉറഞ്ഞുതുള്ളി. ജാതീയതയുടെ കൊടും തീയാല്‍ സ്കൂള്‍ എരിഞ്ഞമര്‍ന്നു.


വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ജന്മിമാരെ വിറപ്പിച്ച സമരമാണ് 1913-14 കാലത്തെ കണ്ടല സമരം. ഈ സമരത്തിന്‍റെയും അമരത്ത് അയ്യങ്കാളി തന്നെ. കര്‍ഷകര്‍ പണിമുടക്കി. സമരം ശക്തമായതോടെ അയ്യങ്കാളിയെ പിടിച്ചു നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചു. സമരത്തിന്‍റെ കെടാത്ത തീച്ചൂളയില്‍ ജന്മിസമൂഹത്തിന് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു.

ഇക്കാലത്ത് തന്നെ നാട്ടില്‍ ബാലവേലയും ശക്തമായി. ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ച ഇംഗ്ലീഷുകാര്‍ കുട്ടികളെ ഫാക്ടറികളിലും മറ്റും ക്രൂരമായി പണിയെടുപ്പിച്ചു. പുക കുഴലുകള്‍ വൃത്തിയാക്കാനായി അതിലേക്ക് കുട്ടികളെ ഇറക്കിയും, കുട്ടികള്‍ അവിടെ കിടന്ന് ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. ഇവിടെയാണ് ഇന്ത്യന്‍ ഭരണഘടനയിലെ ബാലവേല നിരോധന നിയമത്തിന്‍റെ പ്രാധാന്യം.

14 വയസ്സിനു താഴെയുള്ള കുട്ടികളെ നിര്‍ന്ധിച്ച് ജോലി ചെയ്യിക്കുന്നത് നിയമപരമായി തെറ്റാണ്. അത് കുട്ടികളുടെ അവകാശമായിതന്നെയാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുന്നതാണ് ബാലവേല കൂടാന്‍ കാരണം. ഇന്ത്യയില്‍ ബാലവേല ചെയ്യുന്ന 50 ശതമാനവും പണിയെടുക്കുന്നത് ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്. ഇതില്‍ തന്നെ കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്. അവരാണ് കേരളത്തില്‍ വന്ന് അവരെ മാതൃകയാക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നത്.


കുട്ടികളുടെ അവകാശങ്ങളെ പറ്റി പറയുമ്പോള്‍ വിട്ട് പോകാന്‍ പാടില്ലാത്ത ആളാണ് ബച്പൻ ബചാവോ ആന്ദോളന്‍റെ സ്ഥാപകന്‍ കൈലാഷ് സത്യാര്‍ത്ഥി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ അദ്ദേഹത്തെ നോബൽ പ്രൈസ് തേടിയെത്തി. ഒരു പേനയ്ക്ക് ഒരു പുസ്തകത്തിന് ഒരു കുട്ടിയ്ക്ക് ഒരു അധ്യാപകന് ഈ ലോകത്തെ മാറ്റി മറിക്കാന്‍ കഴിയും എന്ന മലാല യൂസഫ് സായിയുടെ പ്രസ്താവന കുട്ടികള്‍ക്ക് പ്രത്യാശ നല്‍കുന്നതാണ്. അതിനാലാണ് വെടിയുണ്ട ഇരച്ച് കയറിയിട്ടും തളരാതെ പോരാടിയ ആ 16 വയസ്സുകാരിയുടെ ജډദിനം ലോക ബാലദിനമായി യു.എന്‍.ഒ. ആചരിക്കുന്നത്.

ബാലവിവാഹത്തിനെതിരേ പോരാടിയ നുജൂദും ഒരു കെടാവിളക്കായി പ്രകാശിക്കുന്നു. ബാലസംഘം കോഴിക്കോട് മുന്‍ ജില്ലാ പ്രസിഡന്‍റ് ഷിനിലേട്ടന്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ട്..... ഷിനിലേട്ടനും ആഷിനേട്ടനും കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മുമ്പിലൂടെ പോയ സമയത്ത് (2011-2012) റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്‍റെ പണി എടുത്തിരുന്നത് കുട്ടികളടങ്ങിയ സംഘമായിരുന്നത്രെ... 10-12 വയസ്സ് പ്രായമുള്ള കുട്ടികള്‍ വലിയ ഭാരമുള്ള കോണ്‍ക്രീറ്റ് കട്ടകള്‍ എടുക്കുന്ന ദയനീയമായ കാഴ്ച... തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കുകയും കലക്ടര്‍ നടപടി എടുക്കുകയും ചെയ്തു.


ഈ ആധുനിക കാലത്തും അതിഥിമാര്‍ ഫഹദുമാര്‍ ശ്രീലക്ഷ്മിമാര്‍ സൃഷ്ടിക്കപ്പെടുന്നു. ഫഹദും അതിഥിയും കൊല്ലപ്പെട്ടപ്പോഴും , ഗോരഘ്പൂര്‍ എന്ന ഗോക്കള്‍ക്ക് മാത്രം രക്ഷയുള്ള ഇടത്ത് നൂറോളം കൈകുഞ്ഞുങ്ങള്‍ പ്രാണവായുപോലും കിട്ടാതെ പിടഞ്ഞ് മരിക്കുമ്പോഴും ബാലസംഘം കൂട്ടുകാര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. ഞങ്ങള്‍ക്കൊന്നേ ചോദിക്കാനുള്ളൂ".. ചൈന പോലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഭാവി തലമുറക്കു വേണ്ടി മികച്ച ഫണ്ടുകള്‍ മാറ്റിവെക്കുമ്പോള്‍ ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അത് എന്തുകൊണ്ട് സാധ്യമാവുന്നില്ല??? "

എം.എം.അഖില്‍ നാസിം