ഇല്ല മറക്കില്ലിയ്യം നമ്മുടെ കരളിലിരിക്കും മുത്തശ്ചൻ ..
(സോവിയറ്റ് യൂണിയനില്‍ നടന്ന പങ്കെടുത്ത പ്രമോദേട്ടന്‍െറ ഓര്‍മ്മകള്‍.)
കുട്ടികളുടെ സാര്‍വ്വദേശീയസംഗമത്തില്‍ പഴയ സോവിയറ്റ് യൂണിയനിലെ യാള്‍ട്ട (ഇപ്പോള്‍ ഉക്രൈനില്‍ പെട്ട സ്ഥലം)യില്‍ 1988 ജൂലൈ മാസത്തിലെ ഒരു വൈകുന്നേരത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റിന്‍െറ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും, മലയാളിയുമായ സാക്ഷാല്‍ ഇ എം എസിനെ കാണാന്‍ ആകാംക്ഷാ പൂര്‍വ്വം കാത്തുനിന്നതിന്‍െറ ഓര്‍മ്മകള്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു.
28 വര്‍ഷം മുമ്പ് അന്ന് 12 വര്‍ഷം മാത്രം പ്രായമായിരുന്ന ഞാനും (ബാലസംഘത്തിന്‍െറ പാലക്കാട് ജില്ലയിലെ അദ്യത്തെ കുട്ടികളുടെ കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു) തിരുവനന്തപുരത്തുകാരനായ ഷാജിയും (12 വയസ്സ്) (പ്രമുഖ കാര്‍ഡിയോതൊറാസിക് സര്‍ജ്ജന്‍), കണ്ണൂരുകാരനായ പ്രശാന്ത് രാജും (12 വയസ്സ്) ഞങ്ങളെ നയിച്ചിരുന്ന ബാലസംഘം സഥാനരക്ഷാധികാരി സമിതി സെക്രട്ടറി ആയിരുന്ന ടി നാരായണനുമടങ്ങുന്ന സംഘം സോവിയറ്റ് സര്‍ക്കാരിന്‍െറ ക്ഷണം അനുസരിച്ച് യാള്‍ട്ടക്കടുത്തുള്ള ആര്‍ത്തക്ക് കടല്‍ തീരത്ത് ക്യാമ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ബാലസംഘം പ്രതിനിധിയായി പോയതായിരുന്നു. ആര്‍ത്തക്ക് ക്യാമ്പില്‍ നിന്ന് കിലോമീറ്ററുകൾ മാത്രം ദൂരെ സോവിയറ്റ് നേതാക്കന്മാര്‍ക്കും പൗരന്മാര്‍ക്കും വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ആരോഗ്യകേന്ദ്രമാണ് യാള്‍ട്ട ആരോഗ്യകേന്ദ്രം. കേന്ദ്രത്തില്‍ വിദേശകമ്മ്യൂണിസ്റ്റ് പാര്‍ടി നേതാക്കളെയും പ്രവര്‍ത്തകരെയും വിശ്രമത്തിനും വിനോദത്തിനും വേണ്ടി ക്ഷണിക്കാറുള്ളതായി ഞങ്ങളൂടെ ദ്വിഭാഷി പെളോദിയില്‍ നിന്നറിഞ്ഞു. മാത്രമല്ല ഇപ്പൊ അവിടെ ജന.സെക്രട്ടറി എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും ഞങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. യാള്‍ട്ട ആരോഗ്യകേന്ദ്രത്തില്‍ ഭാര്യ ആര്യയോടൊപ്പം വിശ്രമത്തിലായിരുന്ന സഖാവ് ഇ എം എസ് ഇന്ത്യയില്‍ നിന്നുള്ള സഖാക്കള്‍ പ്രത്യേകിച്ച് മലയാളികള്‍ തൊട്ടടുത്ത ക്യാമ്പിനായി എത്തിയിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങളെ കാണാനു പരിചയപ്പെടാനും പ്രത്യേകം താല്‍പര്യപ്പെട്ടു. അങ്ങനെയാണ് സഖാവ് ഇ എം എസ് യാള്‍ട്ട ആരോഗ്യകേന്ദ്രത്തില്‍ നിന്ന് മോസ്കോ വിമാനത്താവളത്തിലേക്ക് തിരിച്ചുപോവുമ്പോള്‍ സിംവറൊപോളിലേക്കുള്ള വഴിയില്‍ വെച്ച് കാത്തുനിന്ന ഞങ്ങളെ വാഹനം നിര്‍ത്തി നിറഞ്ഞ ചിരിയോടെ ആ നീളന്‍ കാറിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി പരിചയപ്പെടുകയും ക്യാമ്പിലെ സൗകര്യങ്ങളെ കുറിച്ചും വീട്ടുകാരെയും നാടിനെ കുറിച്ചും വിശദമായി ചോദിച്ചറിയുകയും ചെയ്തത്.നമ്മുടെ നാട്ടില്‍ ഇന്നുകാണുന്ന വോള്‍വോ ബസ്സുകളുടെ ഉള്‍വശം പോലെ വിശാലമയ വലിയ കാറിലാണ് ഇ എം എസ്സും സംഘവും സഞ്ചരിക്വ്ചിരുന്നത്.ഞങ്ങളെ ഓരോരുത്തരെയായി കാറില്‍ ഉള്ളിലേക്ക് കയറ്റി പരിചയപ്പെട്ടു.എന്‍െറ ഊഴവുമെത്തി.അദ്ദേഹം ചോദിച്ചു.എന്താ ....പേ....ര്‍...? ബാലകൃഷ്നന്‍. സ്ഥ...ലം.? പട്ടാമ്പി പാലക്കാട് ജില്ലയിലെ പട്ടാമ്പി പള്ളിപ്പുറത്തുകാരനായ ഞാന്‍ പള്ളിപ്പുറം എന്നുപറഞ്ഞാല്‍ ഇ എം എസ്സിനെ പോലൊരാള്‍ക്ക് അറിയുമൊ എന്ന് സംശയിച്ചാണ് പട്ടാമ്പിയെന്ന് പറഞ്ഞത്. എന്നാല്‍ പട്ടാമ്പി എന്ന് പറഞ്ഞമാത്രയില്‍ അടുത്തിരുന്ന ഭാര്യ ആര്യ അന്തര്‍ജ്ജനത്തോടു നിഷ്കളങ്കമായ ചിരിയോടെ ഇങ്ങനെ പറഞ്ഞു."ഇയാള്‍ പട്ടാമ്പിക്കാരനാ.." എന്നിട്ട് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ചോദ്യം കൂടി- പട്ടാമ്പിയിലെവിടാ? ഞാന്‍ അദ്ദേഹത്തിന് അറിയില്ലെന്ന ധാരണയോടെ പറഞ്ഞു പള്ളിപ്പുറം.
ഉടനെ ഇ എം എസ്സിന്‍െറ മറുപടി അവിടെ മുമ്പൊരു പൊതുയോഗത്തില്‍ സംസാരിച്ചിട്ടുണ്ട്.പിന്നീട് നാട്ടിലെത്തി സംസാരിച്ചപ്പോള്‍ അറുപതുകളില്‍ ഇ എം എസ് ഞങ്ങളുടെ നാട്ടില്‍ പ്രസംഗിച്ച കര്യം പഴയാളുകള്‍ പറഞ്ഞറിഞ്ഞു.എല്ലാവരെയും പരിചയപ്പെട്ട് ഇനി തിരുവനന്തപുരത്തെത്തുമ്പോള്‍ കാണണം എന്നുപറഞ്ഞ് നിറഞ്ഞചൊരിയോടെ കൈവീശി സിംവറൊപോള്‍ വിമാനത്താവളത്തിലേക്കുള്ള മനോഹരമായ പാതയിലൂടെ ആ മഹാന്‍ കടന്നുപോയി.
സോവിയറ്റ് സന്ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോള്‍ സ. ഇ എം എസ് ഞങ്ങളെ എകെജി സെന്‍ററിലേക്ക് വിളിപ്പിച്ചു. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ രാജേന്ദ്രനെ വിളിപ്പിച്ച് ഇ.എം.എസിനൊപ്പം നിക്കുന്ന ഫോട്ടോയെടുപ്പിച്ചു. രാജേന്ദ്രനോടായി ഇങ്ങനെ പറയുകയും ചെയ്തു. ദേശാഭിമാനി വാരികയിലെ എന്‍െറ പംക്തിയിലേക്കുള്ളതാണ് ഇത്. ഉടനെ ഏല്‍പ്പിക്കണം. പിന്നീട് 1988 സെപ്റ്റംബര്‍ ലക്കം 12 ല്‍ അദ്ദേഹത്തിന്‍െറ പംക്തിയില്‍ സോവിയറ്റ് ആരോഗ്യകേന്ദ്രത്തിലെ സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി "യാള്‍ട്ട് നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ പോയാല്‍ ആര്‍ത്തെക്ക് എന്ന കൊച്ചുപ്രദേശമുണ്ട് അവിടെ യുവജനങ്ങള്‍ക്കുമാത്രമായി ഒരു ആരോഗ്യകേന്ദ്രമ്മുണ്ട്. അത് സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ പോയി. ഞങ്ങളുടെ കേന്ദ്രത്തില്‍ എന്ന പോലെ ഇവിടെയും സോവിയറ്റ് യൂണിയനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അന്യരാജ്യങ്ങളില്‍ നിന്നും ഉള്ള സഖാക്കള്‍ വന്ന് താമസിക്കുന്നുണ്ട്. അവിടെ വെറുതെ സന്ദര്‍ശിക്കുകയായിരുന്നതിനാല്‍ ഒരു ഓട്ടപ്രദക്ഷിണം നടത്താനെ കഴിഞ്ഞുള്ളു. അതിനിടക്കുതന്നെ ഇന്ത്യക്കാരായ ഏതാനും, ആളുകള്‍ അവിൂടെ ഉണ്ടെന്ന് ഞങ്ങൾ മനസിലാക്കി . എന്നാല്‍ അന്നവരെ കാണാന്‍ ഒത്തില്ല. അതുകൊണ്ട് യാള്‍ട്ടയില്‍ നിന്ന് മോസ്കോയിലേക്ക് മടങ്ങും വഴി റോഡില്‍ വക്കത്ത് അവര്‍ നിന്നിരുന്നു. അവരെ കണ്ടപ്പോഴാണ് മനസ്സിലായത്, ഇന്ത്യക്കാർ മാത്രമല്ല കേരളീയർ കൂടെയാണെന്ന്. 12 വയസ്സുള്ള ബാലകൃഷ്ണൻ, 13 കാരനായ ഷാജി 14 കാരനായ പ്രശാന്ത് രാജ് അവരെ നയിക്കുന്ന 48 കാരനായ നാരായണനെന്നിവരാണവര്‍. ഏതാനും സമയം മാത്രമെ അവര്‍ക്കൊപ്പം കഴിച്ചുകൂടാന്‍ ആയുള്ളു. അവരാഗസ്റ്റില്‍ നാട്ടില്‍ തിരിച്ചെത്തും."
ഇ എം എസ് സോവിയറ്റ് യാത്രാവിവരണം ലക്കങ്ങളൊളം തുടര്‍ന്നു. പക്ഷെ ഞങ്ങള്‍ അത്ഭുതപ്പെട്ടത് അന്ന് 80 നോടടുത്ത ഇ എം ഇന്‍െറ ഓര്‍മ്മശക്തിയും കാര്യഗ്രഹണശേഷിയുമാണ്. ഞങ്ങളെ പരിചയപ്പെടുമ്പോല്‍ ചോദിച്ചറിഞ്ഞ ഓര്‍മ്മ വെച്ചും യാള്‍ട്ടയിലും ആര്‍ത്തെക്കിലും യു എസ് എസ് ആറിലും കണ്ടറിഞ്ഞ കൊച്ചു കൊച്ചു കാര്യങ്ങള്‍ വരെ ഓര്‍ത്തും സമഗ്രമായി എഴുതിയിരുന്നു. സ.ഇ എം എസ്സ് വെറും ഓര്‍മ്മയല്ല. ഓര്‍മ്മപ്പെടുത്തലാണ്.