കേരളം ഏറെ ചർച്ച ചെയ്ത ഒരു വിഷയമാണ് സ്കൂൾ വിദ്യാർഥിനികളുടെ മുടി രണ്ടായി പിരിഞ്ഞു കിട്ടുന്ന സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ ഉത്തരവ്. ഈ വിഷയത്തിൽ വിദ്യാർഥിനികളെ നിർബന്ധിക്കരുത് എന്നായിരുന്നു ഉത്തരവ്. അച്ചടക്കത്തിന്റെ ഭാഗമായാണ് ഈ പിന്നികെട്ടൽ, പിന്നെ കാലാകാലങ്ങളായി സ്കൂളുകളിൽ നടപ്പാക്കുന്നത്. ഇതിനെതിരെ ഒരു വിദ്യാർഥിനിയും നാളിതുവരെ ശബ്ദിച്ചില്ല എന്നത് മറ്റൊരു കാര്യം. എന്നാൽ കാലം മാറി. അതിനെതിരെ ശബ്ദിക്കാൻ ഇന്നൊരു പെൺശബ്ദം ഉണ്ടായി. ചീമേനിയിലെ ഉറച്ച ശബ്ദം, അൽഷ പി എസ്.
Q. പൊതുസമൂഹത്തിന്റെ ധാരണകളിൽ ഇല്ലാതിരുന്ന ഈ വിഷയത്തെ സമൂഹത്തിന്റെ മുൻധാരയിലേക്ക് കൊണ്ട് വരാൻ കാരണമെന്ത്?
മൂടി കെട്ടി വരുന്നതിൽ കൂട്ടുകാരൊക്കെ ബുദ്ധിമുട്ട് പറയുന്നുണ്ടായിരുന്നു.പക്ഷേ ഇക്കാര്യം ആരും ടീച്ചേഴ്സിനോട് പറയില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരുപാട് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. രാവിലെ തന്നെ മുടി കെട്ടിത്തരാൻ വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. കുളിച്ചു ഉണങ്ങാത്ത മുടിയും കെട്ടി സ്കൂളിലേക്ക് പോകുമ്പോൾ അത് അസ്വസ്ഥത തന്നെയായിരുന്നു. അധ്യാപകരോട് പറഞ്ഞപ്പോൾ ഇത് സ്കൂളിന്റെ നിയമമാണ്, ബോർഡിന്റെ ഭാഗമാണ്, അച്ചടക്കത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞു. പ്ലസ് വണിൽ നിന്നും പ്ലസ് ടു ക്ലാസ്സിൽ എത്തിയപ്പോൾ കൂടുതൽ വഷളായി. സ്പെഷ്യൽ ക്ലാസിനു പോലും മുടി കെട്ടണം എന്ന നിലയിലെത്തി . പിന്നീടാണ് ബാലാവകാശ കമ്മീഷന് പരാതി നൽകുന്നത്.
Q: ഈ വിഷയം മുന്നോട്ടുകൊണ്ടുപോയത് വ്യക്തിപരമായ നിലയിലാണോ, മറിച്ച് ആരുടെയെങ്കിലും പ്രേരണയുടെ ഭാഗമായാണോ?
രണ്ടും അല്ല മറിച്ച് ഞാൻ സ്കൂൾ പാർലമെന്റിന്റെ ചെയർപേഴ്സണ് ആയിരുന്നു. എല്ലാ വിദ്യാർത്ഥികൾക്ക് വേണ്ടിയും ഈ വിഷയം സ്കൂളിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
Q: സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുമുള്ള മറുപടിയിൽ തൃപ്തയല്ലാത്തത് കൊണ്ടാണോ നിയമനടപടിയിലേക്ക് നീങ്ങിയത്?
എന്റെ സ്കൂളിൽ മാത്രമല്ല മിക്കവാറും സ്കൂളുകളിൽ ശാസ്ത്രീയമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിനെ എതിർക്കുകയായിരുന്നു . രാവിലെ കുളിച്ച് ശേഷം നനഞ്ഞമുടിയുണക്കാൻ കഴിയാത്തതുകൊണ്ടു മാത്രം ദുർഗന്ധം ഉണ്ടാകുകയും ഫംഗസ് ബാധിക്കുകയും തലയോട്ടിയിൽ കാരണം താരൻ കട്ടി പിടിക്കുന്നതിനും കാരണമായി . പക്ഷേ എന്റെ അഭിപ്രായത്തെമാനിക്കാത്ത അതിന്റെ ഭാഗമായാണ് വിദ്യാർഥികളുടെ ഒപ്പുശേഖരിച്ചു ബാലാവകാശ കമ്മീഷന് നിവേദനം നൽകാൻ തീരുമാനിക്കുന്നത്.
Q: കമ്മീഷന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടായപ്പോൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടുകയാണ് ചെയ്തത്. അനുകൂല വിധി ഉണ്ടായപ്പോൾ സന്തോഷം തോന്നിയോ?
സന്തോഷം തോന്നി കാലാകാലങ്ങളായുള്ള സംഭവമാണ് ഇത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ മാത്രം കണ്ടിരുന്ന ഈ പരിപാടി അച്ചടക്കത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിലും എത്തി. അസ്വസ്ഥത പലതും അനുഭവിച്ചിട്ടും വിദ്യാർത്ഥികൾ പ്രതികരിക്കാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായത് . ഇന്റേണൽ മാർക്കിനെ ബാധിക്കും എന്ന് കരുതി പലപ്പോഴും വിദ്യാർത്ഥിനികൾ പറയാൻ മടിക്കുകയായിരുന്നു.
Q: മാതാപിതാക്കളുടെ പൂർണപിന്തുണ ഉണ്ടായിരുന്നോ?
വീട്ടുകാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു പ്രതികരിക്കുമ്പോൾ . അതുപോലെ തന്നെ കമ്മീഷൻ വിധി വന്നപ്പോൾ ഉന്നത തലത്തിലുള്ള ആളുകൾ വിളിച്ച് അഭിനന്ദിക്കുകയുണ്ടായി.