test

ചിരി മങ്ങുന്ന ബാല്യങ്ങൾ...

ചുറ്റുമൊന്ന് നോക്കുക. മുഖത്തെ പുഞ്ചിരി മങ്ങുന്ന ബാല്യങ്ങളാണ് ഏതുകോണിലും.
"നല്ലതെല്ലാം കുഞ്ഞുങ്ങൾക്ക്" എന്ന യു.എൻ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുന്ന കാലത്താണ്, ഗാസയിലും സിറിയയിലും യമനിലും സാത്ത് താഴ്വരയിലുമെല്ലാം  
കുഞ്ഞുങ്ങൾക്കു നേരെ വെടിയുണ്ടകൾ പാഞ്ഞടുക്കുന്നത്. 
തീ തുപ്പുന്ന പീരങ്കികൾക്കും ഇടിമുഴക്കത്തിൻറെ ഗാംഭീര്യത്തിൽ വന്നുവീഴുന്ന ബോംബുകൾക്കും ചിതറിത്തെറിച്ച ശവശരീരങ്ങൾക്കും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾക്കും ഇടയിൽ അനാഥമാക്കപ്പെടുന്ന ബാല്യമാണ് ഇന്ന് ലോകത്തിൻറെ കാഴ്ച.
  രാജ്യാതിർത്തികളുടെ പേരിൽ, വർഗ്ഗത്തിന്റെയും, വർണ്ണത്തിന്റെയും, മതത്തിന്റെയും, ജാതിയുടെയും  പേരിൽ തരം തിരിഞ്ഞ് ആക്രമണം നടത്തുമ്പോൾ അവിടെ അനാഥമാക്കപ്പെടുന്നത് കുഞ്ഞുങ്ങളാണ്.
ഗാസയും ഇസ്രായേലും ബർമയും പാലസ്തീനും മ്യാൻമറുമെല്ലാം ഇതിനുള്ള തീതുപ്പുന്ന ഉദാഹരണങ്ങളും...
പാലായനങ്ങൾക്ക് മരണത്തിൻറെ ഗന്ധമുണ്ടെന്ന് തെളിയിച്ച,
  അഭ്യന്തര യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരകളാകുന്ന കുഞ്ഞുങ്ങൾ അയ്ലൻ കുർദ്ദിയിൽ അവസാനിക്കുമെന്ന് പ്രത്യാശിച്ചവർക്ക് തെറ്റി, 2017 പിറന്നപ്പോൾ ലോക മനസാക്ഷിയെ ഞെട്ടിച്ചാണ് മുഹമ്മദ്‌ ഷൊഹായത്ത് എന്ന മൂന്നു 
വയസ് പ്രായമുള്ള പിഞ്ചോമന നാഫ് നദി ചുംബിച്ച് ചലനമറ്റ് കിടക്കുന്ന ചിത്രം പുറത്തുവന്നത്. 
 
         കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കണമെന്ന് അടിവരയിട്ട് പറഞ്ഞ, ലോകത്തിന് മാതൃകയാക്കാൻ കഴിയുന്ന ഭരണഘടന നിലവിലുള്ള രാജ്യമാണ് ഇന്ത്യ.    
 വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കുതിക്കുന്ന നമ്മുടെ രാജ്യത്ത് പട്ടിണി കിടക്കുന്ന കുരുന്നുകളുടെ എണ്ണം വിരലിലെണ്ണാവുന്നതല്ല.
ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിക്കാത്ത,  വർഷത്തിൽ ഒരു തവണയെങ്കിലും പുതുവസ്ത്രം ധരിക്കാൻ കഴിയാത്ത, പള്ളിക്കൂടവും പാഠപുസ്തകവും വിദൂര സ്വപ്നമാകുന്ന കുരുന്നുകളുടെ നാടാണ് ഇന്ന് ഇന്ത്യ.
   പ്രാഥമിക ചികിത്സയുടെ ഭാഗമായി നൽകേണ്ട ഓക്സിജൻ കിട്ടാതെ നൂറുകണക്കിന് പിഞ്ചോമനകൾ പിടഞ്ഞപ്പോൾ കൈകെട്ടിയിരുന്ന യോഗി ആദിത്യനാഥിന്റെ ഇന്ത്യ.
    ഇസ്ലാം കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ ഹിന്ദു തീവ്രവാദിയാൽ എട്ട് വയസ്സുകാരൻ കൊലചെയ്യപ്പെട്ട രാജ്യം.
   
     സ്വന്തം അച്ഛന്റെ മടിയിൽ പോലും സുരക്ഷിതരല്ലാത്ത പെൺമക്കളുടെ നാടായി നമ്മുടെ നാട് മാറുന്നു.
വിശ്വാസത്തിന്റെയും  അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെ  പേരിൽ കുരുന്നുകളുടെ ജീവൻ കവരുന്ന നാട്ടിലാണ് നാമിന്ന് കഴിയുന്നത്.
   കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും പീഢനങ്ങൾക്കുമെതിരെ  പടയണി തീർക്കാൻ നമുക്ക് സാധിക്കണം. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്. ജവഹർലാൽ നെഹ്റുവിന്റെ വാക്ക് കടമെടുത്താൽ, *"മനോഹരമായ പൂന്തോട്ടത്തിലെ അതി മനോഹരമായ പൂക്കളാണ് കുഞ്ഞുങ്ങൾ"*
ആ ചെറുപുഷ്പങ്ങളുടെ ചിരിമായാത്ത നാടിനെ കെട്ടിപ്പടുക്കാൻ, എല്ലാ ആയുധങ്ങളും തുരുമ്പെടുക്കുന്ന, എല്ലാ യുദ്ധത്തടവറകളിലും ചിലന്തിവല കെട്ടുന്ന കാലത്തിനായ് ,
 കുഞ്ഞുങ്ങളെ നല്ല വർണ്ണവും സുഗന്ധവും നിറഞ്ഞ പൂക്കളായി മാറ്റാൻ ഒരു മനസ്സോടെ നമുക്കൊരുമിക്കാം....