തെരുവിൽ തീപെട്ടിയിൽ
ശബ്ദങ്ങളടച്ചു
വിരൽ കൊണ്ട് ജീവിതമോതുന്ന
ചെക്കൻ .
മുന്നിലെ മണൽത്തരിയിൽ
മനുഷ്യർ വലിച്ചെറിഞ്ഞ
പറക്കുന്ന രൂപങ്ങൾ തപ്പി .
ഇരുട്ടിൽ നിന്നും പെറുക്കിയെടുത്ത
നാണയങ്ങൾ പിടയുന്നു
ജീവിതത്തിൽ ഒന്നും രണ്ടും
കൂട്ടുമ്പോൾ
മൂന്നു കിട്ടുന്നതേയില്ല .
ചിഹ്നങ്ങൾ പതറുന്നുണ്ട് .
യൂക്ലിഡിനും ,പൈതഗോറസിനും
ഒരു സിദ്ധാന്തവും തെളിഞ്ഞില്ല .
പരാജയപ്പെട്ട അവന്റെ കണക്കിന്
ഉത്തരവുമുണ്ടായില്ല .
പിന്നെയും കാലം
കൂട്ടിയും കുറച്ചും കൊണ്ടിരുന്നു .