എത്ര നാം മുതിർന്നാലും ഉള്ളിന്റെയുള്ളിൽ വീണ്ടും
മൊട്ടിടും കുട്ടിക്കാലമെത്രമേൽ ചേതോഹരം
പൂവിന്റെ ചിരിയായി വിടരും നാമെത്രമേൽ
മാമരങ്ങളായ് മഹാകാശത്തെത്തൊടുമ്പൊഴും
ശിഖരം തഴച്ചതിൽ ജീവിത യാഥാർത്ഥ്യങ്ങൾ
പകരും ചൂടാൽ മേനി വെന്തുവെന്തsർന്നാലും
ഒരു ശാഖി തൻ തുമ്പത്തുയരും സ്വപ്നത്തിന്റെ
മുകുളം വീണ്ടും നമ്മെ ബാല്യത്തിലെത്തിക്കുന്നു.
ചിറകുവിടർത്തി നാമേതനന്തതയിലേ -
യ്ക്കുയരെപ്പറക്കിലും ഓർമതൻ ചരടിനാൽ
താഴോട്ടു വലിക്കുന്നു, കൂടിന്റെ പഴുതിലൂടാകാശമളക്കുന്ന
നമ്മുടെ കുട്ടിക്കാലം.
കടലിൽ തിരകളായ് കുതിച്ചു പായുന്നതും
കടലോർക്കുകയല്ലോ
തന്നുടെ കുട്ടിക്കാലം.
കരയിൽ കാറ്റായ് വന്നു നമ്മളെത്തൊടുന്നതും
ധരയോർക്കുകയല്ലോ തന്നുടെ കുട്ടിക്കാലം.
മഴയായ് തുരുതുരാ വന്നു വീഴുന്നൂ മണ്ണിൽ
മുകിലോർമകൾ പണ്ടു താണ്ടിയ കുട്ടിക്കാലം.
വെയിലായ് ചിരിപ്പതുമോർമകളല്ലോ, സൂര്യൻ
തിരയുന്നതാവണം തന്നുടെ കുട്ടിക്കാലം.
സർവവും ബാല്യം, നമ്മളന്യോനം സ്നേഹിക്കുകിൽ
അല്ലായ്കിൽ മുളയ്ക്കാത്ത ജന്മങ്ങളല്ലോ നമ്മൾ...