test

പച്ചക്കണിയാന്‍

AMAS

"ദേ ഒരു പച്ചക്കണിയാൻ!! അച്ഛൻ കാശ് അയച്ചിട്ടുണ്ടാവും ഇല്ലേ അമ്മേ...."അപ്പോഴത്തെ അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. കാശ് വന്നാൽ ശക്തിമാന്റെ പടമുളള കുട വാങ്ങി തരാമെന്ന് അമ്മ പറഞ്ഞിരുന്നു. അവന് ആകെ ഉള്ളത് വില്ലൊടിഞ്ഞ ഒരു കറുമ്പി കുട ആണ്. അതാണെങ്കിൽ,  കൂട്ടുകാരുടെ ആട്ടുംതുപ്പിന്റെ പ്രളയം നനഞ്ഞ് ആകെ അവശയുമാണ്. ശക്തിമാൻ എല്ലാത്തിനെയും ഇടിച്ച് തോൽപ്പിക്കാൻ കെൽപ്പുള്ളവനാണെന്ന് കൂട്ടുകാർ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ പച്ചക്കണിയാൻ വന്ന് പോയിട്ട് ദിവസം അഞ്ചു  ആയി . കാശ് മാത്രം വന്നില്ല "അതെന്താ അമ്മേ കാശ് വരാഞ്ഞെ???? .." റേഷനരിക്കഞ്ഞിയുടെ അവസാന വറ്റിൽ വീണുകിടന്ന ഈയലിനെ എടുത്ത് കളഞ്ഞ് അവൻ ചോദിച്ചു. അമ്മ ഒന്നും മിണ്ടിയില്ല. ആ അവസാന വറ്റ് ചുണ്ടോടടിപ്പിക്കവെ അമ്മ പറഞ്ഞു.." ആ കരിവെട്ടില് മുന്നേ ബോബയിൽ എത്തിക്കാണും അതാ""....പച്ചക്കണിയാനും കരിവെട്ടിലും തമ്മിൽ ഒരു ഓട്ടമത്സരം ഉണ്ടത്രെ, പച്ചക്കണിയാനാദ്യം ബോബയിൽ എത്തിയാൽ കാശ് വരും മറിച്ചായാൽ ..........
  ഒരു വലിയ ദീർഘ നിശ്വാസം ഇട്ട് എഴുനേൽക്കവെ മണ്ണെണ്ണ വിളക്കിന്റെ ആ പതിഞ്ഞ വെട്ടത്തിൽ ആ ചാണകത്തറയിൽ അവനൊരു കരി വെട്ടിലിനെ കണ്ടു. പതിയെ അവൻ അതിന്റെ അരികിലേക്ക് നിരങ്ങി പാത്രം എടുത്ത് അതിന്റെ മുകളിൽ കമഴ്ത്തി, ചെറു പേടിയോടെ അവനതിനെ കൈക്കുള്ളിലാക്കി പടിഞ്ഞാറേ ചായ്പ്പിലേക്ക് ഓടി അവിടെ കണ്ട ഒരു പഴയ ഡപ്പയിൽ അതിനെ ഇട്ട് അടച്ച് വച്ചു,  എന്നിട്ടതിൽ നാലു കുഞ്ഞു തുളയുമിട്ടു അതിനു ശ്വാസം കിട്ടണ്ടേ... മടങ്ങി എത്തി പാത്രം എടുക്കവെ വിളക്കിന്റെ ആ അവസാന ആളിക്കത്തലിൽ അവൻ ആ മൺഭിത്തിയിൽ ഒരു പച്ചക്കണിയാനെ കണ്ടു ഓടിയതിന്റെയരികിൽ എത്തിയ അവൻ ഒരു നിമിഷം അതിനെ നോക്കി നിന്നു.ശേഷം പാത്രം കമഴ്ത്തി അതിനെ ഒറ്റ അടി. ഭിത്തിയിൽ പറ്റിയ ആ ശവദേഹം ഒരു ചെറു പുഞ്ചിരിയോടെ  കയ്യിലെടുത്തു. മുറിയുടെ ഒരു കോണിൽ അവന്റെ പുസ്തകങ്ങൾ ഇരുപ്പുണ്ട് അതിലെ കേരളപാഠാവലിയുടെ താളുകൾ അവൻ മറിച്ചു നടുക്ക് എത്തവേ അവൻ വാ അടച്ചു അവിടെ പല്ലുകാണാ.. മയിൽ പീലി ഇരുപ്പുണ്ട്... പിന്നെയും രണ്ടു താള് മറിച്ചു അവൻ ആ ശവദേഹം അവിടെ വച്ച് പുസ്തകം അടച്ചു. ഒരു നിറ ചിരിയോടെ അവൻ അതിന്റ മുകളിലേക്കു തല ചായ്ച്ചു 
ഉറക്കം 
സ്വപ്നം 
ശക്തിമാൻ 
രാവിലെ പനം പായിൽ നിന്നുറക്കം എണീക്കവേ അവൻ കണ്ടത് അമ്മ അച്ഛന് കത്തെഴുതുന്നതാണ്.. കത്തുകൾ അവനു രണ്ട് കാരണത്താൽ  പ്രിയമാണ്.
ഒന്ന് : അച്ഛൻ മടങ്ങി വരുമ്പോൾ ഈ കത്തുകൾ കൊണ്ട് മനോഹരമായ പൂക്കൾ ഉണ്ടാക്കി കൊണ്ട് വരും അവക്കൊക്കെ ബോംബെയുടെ മണമാണ് 
കഴിഞ്ഞ തവണ കൊണ്ടുവന്ന പൂക്കൾക്ക് ഇപ്പഴും ആ മണം ഉണ്ട് 
 രണ്ട് : കത്തിന്റെ കൂടിൽ തുപ്പൽ തേച്ചു ഒട്ടിക്കുന്നതു അവനാണ്. 
"കൊടയുടെ  കാര്യം എഴുതിയോ അമ്മേ..."
"മ്മ് എഴുതി "
"എന്നാ ഞാൻ ഒട്ടിക്കട്ടെ"
കത്തിന്റെ കൂടിൽ തുപ്പൽ തേക്കവേ വാ അടച്ചു പുസ്തകതാളിൽ നിന്നും ആ ശവദേഹം അവൻ ആ കത്തിൽ ഇട്ടു.. എന്നിട്ട് ഒട്ടിച്ചു 
ഇപ്പോ തീർച്ചയായും   പച്ചക്കണിയാൻ ബോംബെൽ എത്തും കരിവെട്ടിൽ ഇവിടെ കാണുകയും ചെയ്യും 
ഇങ്ങനെ അവൻ പത്തോളം പച്ചക്കണിയാനെ കൊല്ലുകയും അത്ര തന്നെ കരിവെട്ടിലിനെ സംരക്ഷിക്കുകയും ചെയ്തു 
ഇതവന്റെ  ക്രൂരത അല്ല ദാരിദ്ര്യം ആണ് ശക്തിമാൻ കുടക്കു വേണ്ടിയുള്ള പോരാട്ടമാണ്... 
എന്നാൽ ഇന്നവന് ഒരു വിഷമം ഉണ്ട് അത് ശക്തിമാൻ കുട കിട്ടാഞ്ഞതിൽ അല്ല അച്ഛൻ കൊണ്ട് വരുന്ന ആ കടലാസ് പൂക്കൾക്ക് ഇനി ആ മണം ഉണ്ടാകില്ല.. അതിനു ശവപ്പറമ്പിന്റെ നാറിയ ഗന്ധം ആകും ഉണ്ടാവുക......