മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആർ. രാജരാജവർമ്മ (ജീവിതകാലം:1863 ഫെബ്രുവരി 20 - 1918 ജൂൺ 18, മുഴുവൻ പേര്: അനന്തപുരത്ത് രാജരാജവർമ്മ രാജരാജവർമ്മ). കിടങ്ങൂർപാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടേയും കേരളവർമ്മ വലിയ കോയിത്തമ്പുരാൻറെമാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ കൊല്ലവർഷം 1038 കുംഭമാസം 8-നാണ് അദ്ദേഹം ജനിച്ചത്. വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതവൈയാകരണനായ പാണിനി, അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ട്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.