test

ഫാസിസ കാറ്റിലും വീഴാത്ത വൻ മരങ്ങൾ

SHYAMILY SASIKUMAR

         സാംസ്‌കാരിക കേരളത്തിന് തികച്ചും അന്യനല്ലാത്ത കവിയാണ് കുരീപ്പുഴ ശ്രീകുമാർ. അദ്ദേഹത്തിന് നേരെയാണ് കഴിഞ്ഞ ദിവസം കൊല്ലത്തു വെച്ച് അക്രമമഴിച്ചു വിട്ടു കൊണ്ട് ഒരു സംഘം പാഞ്ഞടുത്തത്. എഴുതുന്ന, ചിന്തിക്കുന്ന, ശക്തമായ ശബ്ദങ്ങൾ അടയാളപ്പെടുത്തുന്ന മനുഷ്യർക്ക് നേരെ കയ്യൂക്കും ആയുധവും കൊണ്ട് ആക്രമിക്കുന്നത് സത്യാനന്തര കാലത്തിന്റെ പ്രത്യേകതയാണ്. എം എം കൽബുർഗിയിൽ തുടങ്ങി ഗൗരി ലങ്കേഷിലെത്തി നിൽക്കുന്ന കൊലപാതക പരമ്പരകളും ചേതന തീർത്തഹള്ളിയും എം ടി വാസുദേവൻ നായരും കമലടക്കം വരുന്നവർക്ക് നേരെയുള്ള അസഹിഷ്ണത പ്രഖ്യാപനങ്ങളുടെയും ഒടുവിലത്തെ ഉദാഹരണമാണ് കുരീപ്പുഴ മാഷിന് നേരെയുണ്ടായത്. 

  കുരീപ്പുഴ ശ്രീകുമാർ എന്ന കവിയെ ആക്രമിക്കുക വഴി, അതിന്റെ പിന്നിലുള്ളവർ അവരുടെ ഹിംസയുടെ രാഷ്ട്രീയം കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്. എന്നാൽ കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെല്ലാം കൃത്യമായ ഇടപെടലുകൾ നടത്തി നമുക്കൊപ്പം പ്രവർത്തിക്കുന്ന, പലപ്പോഴും നമ്മളിലൊരാളായി നിൽക്കുന്ന ഒരു എഴുത്തുകാരന് നേരെപോലും അക്രമം ഉണ്ടാകുമ്പോൾ

" നമ്മുടെ സമാധാനം

മിടിക്കുന്ന ഒരു ഹൃദയത്തിനും

പാഞ്ഞു വരുന്ന ഒരു ബയണെറ്റിനും

ഇടക്കുള്ള ദൂരമാണ്

അത് നിമിഷം പ്രതി കുറഞ്ഞു വരുന്നു"

എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ അന്യർത്ഥമാകുകയാണ്. കവിയെന്ന നിലയിൽ മാത്രമല്ല, അതിനുമപ്പുറം അതാത് കാലങ്ങളിൽ കൈ കൊണ്ടിട്ടുള്ള കൃത്യമായ നിലപാടുകൾ കൊണ്ട് കൂടി കുരീപുഴയെ മലയാളികൾക്ക് അറിയാം. ശ്രീ  പത്മനാഭ സ്വാമി അവാർഡിനെ ഒരു ഹൈന്ദവ ദൈവത്തിന്റെ പേരിലുള്ള പുരസ്‌കാരം വേണ്ട എന്ന് പറയുകയും

" ഉപ്പ പറഞ്ഞു പുയാപ്ല

ഉമ്മ പറഞ്ഞു പുയ്യാപ്ല 

കുഞ്ഞാമിനയുടെ ഉള്ളു പറഞ്ഞു 

ഉപ്പൂപ്പ ഉപ്പൂപ്പ ഉപ്പൂപ്പ" 

                              എന്നെഴുതുമ്പോൾ എല്ലാം നിർഭയനായ ഒരു കവിയെ നമുക്ക് കാണാം. ഒരു തരത്തിലുള്ള മത മൗലിക വാദത്തെയും അദ്ദേഹം പിന്തുണച്ചില്ല. മതമെന്ന ചട്ടക്കൂടിനു പുറത്ത് മനുഷ്യനെന്ന സ്വത്വത്തിൽ മാത്രമാണദ്ദേഹം ജീവിക്കുന്നതും അറിയപ്പെടാനിഷ്ടപ്പെട്ടതും. ആ വിധം വ്യക്തിജീവിതത്തിലാകട്ടെ, എഴുത്തു ജീവിതത്തിലാകട്ടെ, വളരെ പുരോഗമന പരമായി ചിന്താഗതി പുലർത്തുന്ന ഒരു കവിയെയാണ് നിശബ്തനാക്കാൻ  ഒരു കൂട്ടം ശ്രമിക്കുന്നത്.  

       വിദ്യാഭ്യാസ കച്ചവടം മുതൽ കലോത്സവങ്ങളിലുണ്ടായ മൂല്യ ച്യുതികൾ വരെ കുരീപ്പുഴ കവിതകളിലെ പ്രതിബാധ്യ വിഷയമായി. ആ വിധം കുട്ടികളുടെ കൂടെ ശബ്ദമായി എഴുതുന്ന, അവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്ന ഒരു കവിയാണ് കുരീപ്പുഴ ശ്രീകുമാർ. ആ കുരീപ്പുഴക്ക് നേരെയാണ് ഫാസിസ കാറ്റ് ആഞ്ഞടിക്കുന്നത്. പക്ഷെ, അതുകൊണ്ടൊന്നും തളരുകയോ തന്റെ പോരാട്ടങ്ങളിൽ നിന്ന് പിന്നോട്ട് പോകുകയോ ചെയ്യാതെ ശക്തമായി നിലയുറപ്പിക്കുന്ന കവി ഫാസിസ കാറ്റിനു മുന്നിലും വീഴാതെ നിൽക്കുന്ന ഒരു വൻ മരമാണ്.

          അക്രമ വാർത്ത പുറത്തുവന്നത് മുതൽ കേരളീയ പൊതു സമൂഹം ഒന്നടങ്കം ഐക്യദാർട്യം പ്രഖ്യാപിച്ചതും ഒപ്പം നിന്നതും സൂചിപ്പിക്കുന്നത് എക്കാലവും ഫാസിസത്തിനെതിരായ നിലപാടുകൾ കൈ കൊള്ളുന്ന കേരളീയ സമൂഹത്തെയാണ്.ഔദ്യോഗിക കണക്കുകൾ പ്രകാരം നാല്പത്തിയേഴോളം മാധ്യമപ്രവർത്തകരും എഴുത്തുകാരും 2017ൽ കൊല്ലപ്പെട്ടു. എതിർശബ്ദങ്ങളെയാകെ ഉന്മൂലനം ചെയ്യുന്ന ഈ കാലത്തു കുരീപ്പുഴ മാഷിന് നേരെയുണ്ടായ ആക്രമണം ഒറ്റപെട്ടതോ അവസാനത്തേതോ അല്ല. പക്ഷെ അത് കൊണ്ടൊന്നും ചിന്തിക്കുന്ന തലച്ചോറുകളെയും ചലിക്കുന്ന തൂലികകളെയും ശബ്‌ദിക്കുന്ന നാവുകളെയും ഉന്മൂലനം ചെയ്യാൻ കഴിയില്ല.