എഴുത്തോ നിന്റെ കഴുത്തോ ??
വൈദേശികാധിപത്യം കൊടികുത്തി വാണിരുന്ന കാലത്തുനിന്നും നാം ഏറെ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. പാരതന്ത്ര്യത്തിന്റെ നടുവിൽ നിന്നും സ്വാതന്ത്ര്യ ഗരുഡന്റെ ചിറകടിയുയർന്നിട്ടു വര്ഷങ്ങളേറെ പിന്നിട്ടിരിക്കുന്നു. നിരന്തര സമരഗാഥകളുടെയും പോരാട്ടങ്ങളുടെയും ചരിത്രം പറഞ്ഞുവെക്കുമ്പോഴും ഭാരതത്തിന്റെ മാറിൽ തന്നെയാണ് നരേന്ദ്രധബോൽക്കറും ഗോവിന്ദപ്പൻസാരെയും കല്ബുര്ഗിയും ഒടുവിൽ ഗൗരി ലങ്കെഷും പിടഞ്ഞു വീണത് എന്ന വസ്തുത അത്യന്തം റോഷത്തോടെയും ആകുലതയോടെയുമല്ലാതെ നമുക്കെങ്ങനെ സ്മരിക്കാനാവും? പുരോഗമനപരമായി ഔന്നത്യത്തിലാണ് ഇന്ത്യയെന്ന് വാദിക്കുമ്പോഴും ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന, അക്ഷരങ്ങൾക്ക് പകരം സ്വന്തം ചങ്കിലെ ചോര നൽകേണ്ടി വരുന്ന, അനീതിക്കെതിരെ വിരൽ ചൂണ്ടിയാൽ അതു രാജ്യദ്രോഹകുറ്റമാകുന്ന സ്ഥിതിവിശേഷം. വാ മൂടികെട്ടുന്നവർക്കു ജീവിക്കാനുള്ള അവകാശം സിദ്ധിക്കുന്ന നാട്.
ചരിത്രം പരിശോധിക്കുകയാണെങ്കിൽ കാണാം ഒരു കാലത്തു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് സ്ത്രീകൾക്കായിരുന്നുവെന്ന്. എക്കാലത്തും സ്ത്രീ വിലക്കുകൾക്കു വിധേയയായിരുന്നു. എന്നാൽ ഇന്ന് അവൾ ഏറെ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു . മുഴുവൻ ആകാശവും മുഴുവൻ ഭൂമിയും അവളുടേത് കൂടിയാണ് എന്ന തിരിച്ചറിവിൽ സാഹിത്യം,സിനിമ,രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലകളിലും അവൾ അവളുടേതായ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താൻ തുടങ്ങിയിരിക്കുന്നു . ഇന്ന് സ്ത്രീ ഉൾപ്പെടെയുള്ള എഴുത്തുകാർക്കാണ്, തൂലിക പടവാളക്കിയ പ്രതികരണശേഷിയുള്ള വിഭാഗത്തിനുമേലാണ് നിരോധനങ്ങളെറുന്നത്. വെടിയുണ്ടകൾക്കു തോല്പിക്കാനാവാത്ത നെഞ്ചുകളിലാണ് അക്ഷരങ്ങൾ മുളക്കുന്നത് . ആ അക്ഷരങ്ങൾക്ക് ഒരു സമൂഹത്തെ ഒട്ടാകെ വിമര്ശിക്കുവാനും ശിക്ഷിക്കുവാനും ചോദ്യം ചെയ്യുവാനുമുള്ള പ്രഹരശേഷിയുണ്ട് . ആ പ്രതിരോധ ശേഷിയെയാണ് ചിലർ ഭയക്കുന്നത്. പ്രാദേശിക മാധ്യമങ്ങളിൽ തുടങ്ങി ഇന്നത്തെ നവമാധ്യമ രംഗത്തുവരെ അക്ഷരങ്ങൾ തീപ്പന്തമാവുന്ന സാഹചര്യത്തിലാണ് അതിനെ തല്ലികെടുത്തിയില്ലെങ്കിൽ വിനയായി വരും എന്ന നല്ല ബോധത്തിന്റെ പുറത്താണ് അക്ഷരങ്ങൾക്ക് പകരം അതെഴുതിയ കയ്യും അതു ജനിച്ച നെഞ്ചും ഇല്ലാതാക്കുവാൻ കരാളഹസ്തങ്ങൾ ഉയരുന്നത്.
തെറ്റിനെ തെറ്റായും ശരിയെ ശരിയായും കണ്ട് തെറ്റിനെതിരെ വിരൽ ചൂണ്ടുന്നവരെയാണ് സമൂഹം ഭയക്കുന്നത്. അവരുടെ ധീരതയെ പ്രശംസിക്കുന്നതിനു പകരം സമൂഹത്തിന്റെ ഭീരുത്വത്തെ പരിഹസിക്കുന്നവരാണ് ഭാവിവാഗ്ദാനങ്ങളാവേണ്ടത്. ആരും കണ്ണു തുറന്ന് ഒന്നും കാണുവാൻ പാടില്ല, കാതു കൂർപ്പിച്ചു എല്ലാം കേൾക്കുവാൻ പാടില്ല, കണ്ടതിനെതിരെയോ കേട്ടതിനെതിരെയോ വിരലുയർത്തി അരുതെന്നുറക്കെ പറയാനോ മുഷ്ടി ചുരുട്ടി പ്രതിഷേധം രേഖപ്പെടുത്താനോ തൂലികയെടുത്തു നാലക്ഷരം എഴുതി വെക്കാനോ പാടില്ല. അതുകൊണ്ടാണല്ലോ ധബോൾക്കറും പൻസാരെയും കല്ബുര്ഗിയും ഒടുവിൽ ഗൗരി ലംകേഷും കുഴിച്ചു മൂടപ്പെട്ടത്. പക്ഷെ അവരറിയുന്നില്ലല്ലോ കുഴിച്ചു മൂടുന്തോറും ആയിരമായിരമായി മുളച്ചു പൊന്തുകയാണ് വിത്തുകളുടെ പതിവെന്നു.... ആ തിരിച്ചറിവ് നേടാനാവാത്ത സമൂഹത്തിന്റെ വിഡ്ഢിത്തതെയാണ് പുച്ഛിക്കേണ്ടത്.
എഴുത്തോ നിന്റെ കഴുത്തോ എന്നു ചോദിച്ചാൽ കഴുത്തറുത്തോ്ളൂ ഞങ്ങൾ എഴുത്തിന്റെ വാതായനങ്ങൾ തുറക്കുക തന്നെ ചെയ്യും, അന്വേഷണത്തിന്റെയും കണ്ടെത്തലുകളുടെയും തീപ്പൊരികൾ വിതറുക തന്നെ ചെയ്യും എന്നതായിരിക്കണം മറുപടി. സമൂഹമുറങ്ങുമ്പോഴും ഉണർന്നിരുന്നു ചുറ്റും നോക്കാൻ നമുക്കാവണം. അക്ഷരങ്ങൾ വേരുകളാവട്ടെ... ഇലകളും ശിഖരങ്ങളും വെട്ടി മാറ്റിയാലും മണ്ണിലേക്ക് ആഴ്ന്നിറങ്ങാനാവട്ടെ... വീണ്ടും പൂവിടാനുള്ള ഊർജം പകരാനാവട്ടെ.. എഴുതിയെന്നും പ്രതികരിച്ചുമെന്നുള്ള കുറ്റത്താൽ കൊലപാതകങ്ങളും വെടിയൊച്ചകളും നിലവിളികളും ചോരതുപ്പൽ പോലെ ലോകമനസാക്ഷിക്കുമുന്നിൽ ആഞ്ഞു പതിക്കുമ്പോൾ നേരിന് വേണ്ടി നിലകൊള്ളുന്ന ഏതൊരാളും താങ്ങായി തിരയുക അതേ അക്ഷരങ്ങളെത്തന്നെ ആയിരിക്കും.
അടുത്ത ജന്മത്തിലെങ്കിലും ഒരു അക്ഷരമായി പിറക്കണം.. വെടിയുണ്ടകൾക്കു തോല്പിക്കാനാവാത്ത നെഞ്ചിൽ ജനിക്കണം... കഴുത്തറുത്താലും പിടഞ്ഞു വീഴാതെയിരിക്കാമല്ലോ.....
ശില്‍പ
ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ്