test

ഇയ്യാംപാറ്റകൾ, നോട്ടുകെട്ട്

MUHAMMED LUKMAN

ഇയ്യാംപാറ്റകൾ

ഇടവ മേഘങ്ങൾ
ഇമവെട്ടാതെ പെയ്തൊഴിയുമ്പോഴും ഇടിമിന്നൽ പടം വരയ്ച്ച
ഇരവിന്റെ ജാലകക്കോണിൽ
ഇടറാതെ ഉടയാതെ
പാറ്റമുട്ടകൾ...
മൂന്നാo നാൾ,
നേർത്ത ചിറകുകൾ
നീർത്തി ഇരുളിന്റെ
ഈറൻ മുടിയിഴകളിൽ
പ്രത്യാശയുടെ ഉയിർത്തെഴുന്നേൽപ്പ്!
പിന്നീട് ,
സ്വയo കത്തിപ്പായുന്ന
മിന്നാമിനുങ്ങുകളെ കണ്ട്
വരുoപുലരിയെ വകവെയ്ക്കാതെ
ബൾബിന്റെ പ്രകാശമണ്ഡലത്തിലെ
ഗ്രഹണയാനം....
ശരീരത്തെ പ്രഭ വരിച്ചപ്പോഴും തെന്നിച്ചിതറിയ ചിറകുകൾ
താഴേക്ക് റാഞ്ചി...
ഒടുക്കം ,
ആർജിച്ച ഊർജo -
കരിച്ച ചിറകുകൾ
പരതി നിഴലിന്റെ വെറും മുഖത്ത് മുട്ടകളൊളിപ്പിച്ച്
മടക്കം!....
മണിക്കൂറുകളുടെ ദീപപ്രഭയിൽ
പകലിന്റെ പ്രകാശവർഷങ്ങൾ
മറന്നു പോയ ജീവിതത്തിൽ
വൈദ്യുതി ബോർഡിനു
ഇത്തിരിവെട്ടം ലാഭം!

 

നോട്ടുകെട്ട്


ദണ്ഡിയുടെ ദണ്ണം
ബാങ്കങ്കണങ്ങളിൽ
വിയർപ്പുരസമായി
പൊലിഞ്ഞു പോകയോ?
ആയിരത്തിൽ ഒരുവൻ ഇറങ്ങിപ്പോകവേ
നാം കണ്ടെത്തിയ പൂജ്യങ്ങൾ
കടലാസുഗോളങ്ങൾ!

മരുഭൂമി വരിച്ച്,
ഉഴുതുമറിച്ച് ,
മീൻവല കുതിർത്ത്,
നനച്ച
പണം കായ്ക്കുമ്മാമരം
പഴുപ്പിച്ച കായ്കൾ
മീൻകൊത്തിപ്പൊൻമാനുകൾ
കൊത്തിയടർത്തുന്നു...

പണത്തിനായ്
പണയം വെച്ച പവനുകൾ
എരിഞ്ഞ കാടുകൾ
ഉതിർന്ന രക്തകണങ്ങൾ
തുറിച്ചു നോക്കുമ്പോൾ
രാജ്ഘട്ടിലെ കണ്ണട വിതുമ്പുന്നു:
'ഗോഡ്സെ , എതിനെൻ
ശിരസ്സു നീ ബാക്കി വെച്ചു ?'