ബാപ്പുജിക്കൊരു കത്ത്
1948 ജനുവരി 30, സന്ധ്യാസമയം 5.12.
ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും ഞങ്ങളിലെ നടുക്കം മാറിയിട്ടില്ല.
ഞങ്ങളുടെ ജീവിതത്തിൽ നിന്ന്, മഹാത്മയുടെ സൂര്യതേജസ്സ് അണഞ്ഞുപോയതിന്റെ, അല്ല, അണയിച്ചതിന്റെ ഭീതി...
ഒരായുസ്സിന്റെ മുഴുവൻ സ്വപ്നങ്ങളുമാണ് ഒരു നിമിഷാർദ്ധത്തിൽ പൊലിഞ്ഞു വീണത്....
അങ്ങ് വീണ്ടും പുനർജനിച്ചാൽ, അതിനേക്കാൾ നിഷ്ഠൂരമായി, അങ്ങയുടെ ഹൃദയരക്തമൂറ്റാൻ,
ആയുധങ്ങൾക്ക് മൂർച്ചകൂട്ടിക്കൊണ്ടിരിക്കയാണിവിടെ.....
മാനവരാശിയെ, ഒരു സമത്വലോകാവസ്ഥയിലേക്ക് പരിവർത്തനം ചെയ്യാൻ
ആഗ്രഹിക്കുന്ന ഞങ്ങൾക്ക്, ഇതിനെക്കുറിച്ച് വേദനിക്കാതിരിക്കാനാവില്ല.
ഇപ്പോഴും അധർമം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു....
അങ്ങേക്കു ശേഷം എത്ര പേർ, ഗൗരീലങ്കേഷ്, കൽബുർഗി, ധബോൽക്കർ, പൻസാരേ.....
"ലോകം നമുക്കായ് സൃഷ്ടിക്കപ്പെട്ടത് സമാധാനത്തോടെ ഒന്നായി ജീവിക്കാനാണ്"
എന്നെഴുതിയ അമേരിക്കൻ പെൺകുട്ടിയെ (റഷ്യൻ പ്രസിഡന്റ് ആന്ദ്രോപോവിന്) ഓർമ്മയില്ലേ...
വിദ്വേഷത്തിന്റേയും വിഭാഗീയതയുടേയും ഛിദ്രശക്തികൾ സമൂഹത്തെ വെട്ടിമുറിച്ചുകൊണ്ടിരിക്കുന്നു....
നമ്മുടെ "പുരാതന ചൈതന്യത്തെ മൂർത്തമാക്കുന്ന" ശക്തികളെ ആയുധങ്ങളാൽ ഛിന്നഭിന്നമാക്കുന്നു....
വർഗീയതയും അസഹിഷ്ണുതയും താണ്ഡവമാടുന്നു....
രാജ്യത്തെ അശാന്തിയുടേയും ഹിംസയുടേയും ശ്മശാനഭൂമിയാക്കുന്നു....
ശാസ്ത്രസത്യങ്ങളെ നിരാകരിക്കുകയും സാങ്കൽപിക കഥകൾക്ക് ശാസ്ത്രീയമാനം നൽകുകയും ചെയ്യുന്നു...
വിദ്യാ(അ)സമ്പന്നരും അധികാര അത്യുന്നതങ്ങളിൽ വിരാജിക്കുന്നവരും ആൾദൈവങ്ങളെ ആപാദചൂഢം പുൽകുന്നു...
ചോര പുരണ്ട വാളിനെ ചുംബിക്കുന്ന ഗുരുജിമാരുണ്ടിവിടെ..(ആ)ശ്രമങ്ങളിൽ..
"കാലത്തിന്റെ കവിൾത്തടത്തിലെ ഏകാന്തമായ കണ്ണീർതുള്ളി" എന്ന് നമ്മുടെ ദേശീയഗാനമഹാകവി
വിശേഷിപ്പിച്ച പ്രണയസൗധം പോലും "തേജോമഹലു" ളാക്കുന്നു.
നമ്മുടെ അടിസ്ഥാനപ്രമാണമായ ഭരണഘടനയേയും നിയമവ്യവസ്ഥയേയും,
"ഭക്തിയുടേയും വിശ്വാസത്തിന്റേയും" പേരിൽ ഈ മതാന്ധൻമാർ വെല്ലുവിളിക്കുന്നു....
അങ്ങയുടെ ജീവൻ കവർന്ന നരാധമനെ ന്യായീകരിക്കാൻ, ദേശായിമാരെക്കൊണ്ട്
Godse, the story of an Assassin എന്ന പുസ്തകം എഴുതിപ്പിക്കുന്നു...
ചമ്പാരനിലേയും അഹമ്മദാബാദിലേയും ഖേദയിലേയും പതിതരായ കർഷകരും
തൊഴിലാളികളും, ഇന്നും ചുമലിൽ ജീവിതഭാരവും പേറി മൃഗതുല്യരായിത്തന്നെ ഇവിടെയുണ്ട്....
ക്ഷമയുടെ നെല്ലിപ്പടിയും കടന്ന് വിണ്ടപാദങ്ങളുമായി പത്നികുഞ്ഞുകുട്ടികളോടൊത്ത് ദൂരങ്ങൾ താണ്ടുകയാണ്...
തോൽക്കാൻ മനസ്സില്ലാതെ...
നമ്മുടെ രാഷ്ട്രം വിഭജിച്ചു പോയതിനു പോലും ബാപ്പുജിയാണ് കാരണമെന്ന നിഷ്ഠൂര വാദത്തിലേക്കവർ അധഃപതിച്ചു.
അങ്ങ് ഉയർത്തിപ്പിടിച്ച മതേതരത്വബോധത്തിന്റേയും മൂല്യബോധങ്ങളുടേയും ആണിക്കല്ലുപോലും തകർത്തെറിഞ്ഞിരിക്കുന്നു...
"സ്വാതന്ത്ര്യത്തിന്റെ അർത്ഥം, ആർക്കും വിശപ്പും ദാരിദ്ര്യവുമില്ലാത്ത സംതൃപ്തജീവിതമാണ്" എന്നാണ് അങ്ങ് ഞങ്ങളെ പഠിപ്പിച്ചത്.
"വേരുകൾ ആഴത്തിലുണ്ടെങ്കിൽ മരത്തിന് കാറ്റിനെ ഭയപ്പെടേണ്ടതില്ല" എന്ന പഴമൊഴി ഞങ്ങൾക്ക് ഹൃദിസ്ഥമാണ്.
"ഞങ്ങളുടെ നിശ്ശബ്ദത, നിങ്ങൾ ഇന്ന് ഞെക്കി കൊല്ലുന്ന ശബ്ദങ്ങളേക്കാൾ ശക്തമാകുന്ന ദിവസം വരും"
എന്ന ആഗസ്റ്റ് സ്പീസിന്റെ വചനവും ഞങ്ങളോർക്കുന്നൂ
ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുന്ന, ഭയവും ഭീതിയും ജനിപ്പിക്കുന്ന, കാലാവസ്ഥയിൽ, ഒരു സ്മരണ, ഒരു ശബ്ദം പോലും പ്രതിരോധമാണ്...
കുരിശിലേക്കുള്ള യാത്രയിൽ യേശുദേവൻ പറഞ്ഞ പോലെ,
"Father forgive them, for they know not what they do", ഇപ്പോഴും അങ്ങ് ഇങ്ങനെയാണോ പറയുക..?
ജീവിതത്തെത്തന്നെ ത്യാഗോജ്വലമായ സമരമുറയാക്കിയ അവിടുത്തെ ആത്മാവ് വല്ലാതെ നോവുന്നുണ്ടാവാം.
പക്ഷേ, ബാപ്പുജീ, അങ്ങ് വേദനിക്കരുത്. അങ്ങയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടരുക.
എപ്പോഴത്തേയും പോലെ ശാന്തനായി ഇരിക്കുക
ഇവിടെ, ശാസ്ത്രബോധമുള്ള, യുക്തിബോധമുള്ള, ചരിത്രബോധമുള്ള ഒരു ജനതയുണ്ട്...
അങ്ങ് സ്വപ്നം കണ്ട ഇന്ത്യ ഞങ്ങളുടേതുകൂടിയാണ്...
വിട്ടുകൊടുക്കില്ലൊരിക്കലുമീയിന്ത്യയെ.....
വിളിക്കില്ലൊരിക്കലുമിവർക്ക് ജയ്...
ചങ്കിൽ കത്തി കുത്തിയിറക്കിലും..
നെഞ്ചിൽ വെടിയുതിർക്കിലും...
നിണമുതിർക്കിലും..
പടുത്തുയർത്തുമീധീരർ
സമത്വസുന്ദരമാമൊരിന്ത്യ, നമ്മുടെ ഇന്ത്യ.
വാക്ക്!!!
നൻമയോടെ
അങ്ങയെ സ്നേഹിക്കുന്നവരിലൊരുവൻ.