test

എങ്ങോട്ടെന്നറിയാതെ

HANNA NASRIN

പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ജനലഴികളിൽക്കൂടി ഒളിഞ്ഞു നോക്കിയപ്പോഴാണ് ഭാനു അമ്മ എഴുന്നേറ്റത്.തലേന്ന് കണ്ട ദു:സ്വപ്നത്തിന്റെ നിഴലെന്നോണം അവരുടെ മുഖം കറുത്തിരുന്നു. താനെന്നും ഒരു പക്ഷിയുടെ സ്വതസിദ്ധമായ ഗാനം കേട്ടായിരുന്നു ഉണർന്നിരുന്നത്. ഇയ്യിടെയായി ഒന്നും ഓർമ്മയില്ല. 
'ജാനൂ... ഒന്നിങ്ങ് വര്വോ '
നീട്ടിയുള്ള ആ വിളിക്ക് ഒരു പാട് നേരം കാത്തിരിക്കണം. അടുക്കളയിൽ നിന്ന് രണ്ട് മൂന്ന് ശബ്ദങ്ങളുടെ അകമ്പടിയോടെ അവൾ ഓടി വന്നു. ഈശ്വരാ! ഇന്നെന്താ ഇങ്ങനെ? ഒന്നും ആവശ്യപ്പെടാതെ തന്നെ നിഷ്കളങ്കയായ ഒരു കുട്ടിയെ പോലെ എല്ലാം ചെയ്തു തന്ന് അവൾ പതിവ് ജോലികളിലേക്ക് മടങ്ങി.
ഈശ്വരാ!എന്താണിതിന്റെയൊക്കെ അർത്ഥം? തന്റെ ജീവിതത്തിൽ ഐശ്വര്യം തിരികെ വന്നിരിക്കുന്നു. ഏറെ വയ്യെങ്കിലും ഒരു പുഞ്ചിരി ഭാനു അമ്മയുടെ ചുണ്ടിൽ വിരിഞ്ഞു.ചെറിയ മയക്കത്തിലേക്ക് വീണു കൊണ്ടിരിക്കുമ്പോഴാണ് ഒരു കാർ മുറ്റത്ത് ബ്രേക്കിടുന്നതിന്റെ ശബ്ദം ഒരു ദു:സ്വപ്നമെന്ന പോലെ അവരെ ഉണർത്തിയത്. മകന്റെ സ്വരം കേട്ട് സന്തോഷവതിയായെങ്കിലും പതിവിനു വിപരീതമായി മകൻ തന്നോട് സന്തോഷമായിട്ട് സംസാരിക്കുന്നത് അവർ ആദ്യമായി അനുഭവിക്കുകയായിരുന്നു. വസ്ത്രം പോലും മാറാനനുവദിക്കാതെ മകൻ തന്റെ കൈ പിടിച്ച് പുറത്തു കൊണ്ടുപോയപ്പോൾ ഒരു വലിയ ആനന്ദത്തിലായിരുന്നു അവർ. താനെത്ര കാലമായി പുറം ലോകം കണ്ടിട്ട് .കാറിനടുത്തെത്തിയപ്പോൾ മനസ്സൊന്ന് പിടച്ചെങ്കിലും തന്റെ മകൻ തന്നെ ചതിക്കില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു അവർക്ക് .കാർ ഗേറ്റും കടന്ന് മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. താൻ കണ്ടു മറന്ന വഴികൾ.കാർ അപരിചിതമായ വഴികളിലേക്ക് നീങ്ങുകയാണ്. താനെങ്ങോട്ടാണീ യാത്ര? ഒരു വളവു തിരിഞ്ഞ് ഇടവഴിയിലേക്ക് കടന്ന കാർ ഒരു പഴയ കെട്ടിടത്തിനു സമീപം ബ്രേക്കിട്ടു.ഇതേതാ സ്ഥലം? മുന്നിൽ തൂക്കി വെച്ച വലിയ ബോർഡിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചത് വായിക്കാൻ ശ്രമിച്ചെങ്കിലും തന്റെ കണ്ണിന് ആ ശക്തിയില്ലെന്ന് വൈകാതെ ഭാനു അമ്മ മനസിലാക്കി.തന്നെപ്പോലെയുള്ള ഒരു പാട് പേരുടെ മുഖങ്ങൾ അവർ കണ്ടെങ്കിലും അവരുടെ കണ്ണുകളിലെല്ലാം ഒരു അഗാധമായ ദുഃഖം തങ്ങിനിൽക്കുന്നതു പോലെ അവർക്ക് തോന്നി. വേച്ചു വേച്ചു നടക്കുന്ന തന്നെയും കൊണ്ട് നിഷ്കരുണം ഓടുന്ന മകനെ വേദനയോടെ അവർ കണ്ടു.താൻ എത്ര കഷ്ടപ്പെട്ട് നോക്കി വളർത്തിയതാണവനെ .എന്നിട്ടും ... താൻ ഇപ്പോൾ വരാമെന്നു പറഞ്ഞ് പോയ മകനെ എവിടെയും കണ്ടു പിടിക്കാനാവാതെ ആ മാതൃഹൃദയം തേങ്ങി.തന്റെ മകൻ തന്നെ വിട്ടു പോയെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ അലമുറയിട്ടു കരയുന്ന അവരെ സമാശ്വസിപ്പിക്കാനാവാതെ അന്തേവാസികൾ വിഷമിച്ചു. ദിവസങ്ങൾ കഴിയുന്തോറും ആരോഗ്യം ശോഷിച്ചു വന്നെങ്കിലും ഊണും ഉറക്കവുമില്ലാതെ തന്റെ മകനെയും കാത്തിരിക്കുന്ന അവർ എല്ലാവരെയും കണ്ണീരിലാഴ്ത്തി. കാലമേറെ കഴിഞ്ഞു. തന്റെ മകനെ കാണാനുള്ള അതിയായ ആഗ്രഹം മരണത്തെപ്പോലും തോൽപിച്ചു. മകൻ ഇനി വരില്ല എന്ന യാഥാർത്ഥ്യബോധം അവരുടെ മനസിനെ കീഴടക്കി.ഒരു നട്ടുച്ച നേരം ആരോടും പറയാതെ ഭാനു അമ്മ അവിടെ നിന്നിറങ്ങി. വേച്ചു വേച്ചു നടക്കുന്ന തന്റെ കാലുകളെ സർവശക്തിയുമെടുത്ത് പിന്താങ്ങി. പിന്നോട്ടു തിരിഞ്ഞാൽ ഏൽക്കാനിടയുള്ള അപകടങ്ങളെയോർത്ത് ഒട്ടും തളരാതെ.ലക്ഷ്യങ്ങളില്ലാതെ ഒരു ഭ്രാന്തിയെപ്പോലെ നഗരപ്രാന്തങ്ങളിലൂടെ അവർ നടന്നു.ഒളിഞ്ഞു നിന്ന് കുത്താൻ കാത്തിരിക്കുന്ന മരണത്തെ ഒട്ടും ഭയമില്ലാതെ. എങ്ങോ പോയ് മറഞ്ഞ മകന്റെ ഓർമകൾ അവരെ വേട്ടയാടാൻ തുടങ്ങി. ചിന്തകൾ മുഴുമിപ്പിക്കാനാവാതെ ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകി.ആ കണ്ണീരിന് രക്തത്തിന്റെ ഗന്ധമായിരുന്നു. ആൾക്കൂട്ടങ്ങളിൽ തന്റെ മകനെ കണ്ട് അവനു പിന്നാലെ അവർ ഓടി.ഇരുട്ടിൽ നിലാവ് തീർത്ത പ്രകാശത്തിലും തന്റെ മകന്റെ രൂപം അവർ കണ്ടു. മകൻ കാണാമറയത്താണെന്ന ബോധമില്ലാതെ പല പ്രാവശ്യം ഓടി നീർ വീർത്ത കാലുകൾ ഇരുളിൽ തടവിക്കൊണ്ടിരിക്കുമ്പോൾ ഏതോ ഒരു ശക്തി തന്നെ കീഴടക്കുന്നതായി അവർക്ക് തോന്നി. ഒരിറ്റ് ദാഹജലത്തിനായി അവർ കേണു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ദേഹമാകെ വിയർത്തു.താൻ മരിക്കുകയാണോ? അരുത്... അരുത്. ഒരുപാട് ശ്രമിച്ചെങ്കിലും തന്റെ ശരീരം ഒട്ടും അനങ്ങുന്നില്ല. ശരീരമാസകലം തണുത്തു മരവിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു പിടച്ചിൽ... എല്ലാം കഴിഞ്ഞു. മണ്ണോട് ചേരുമ്പോഴും ആ കണ്ണുകൾ തുറന്നു തന്നെയിരുന്നു. ഒരിക്കലും വരില്ല എന്നറിഞ്ഞിട്ടും തന്റെ മകനെയും കാത്ത്. തെരുവുപട്ടികൾ ആ അനാഥമായ അമ്മക്കു വേണ്ടി കേണു. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് പോയെന്നറിയാതെ.