test

ഇന്ത്യൻ ചരിത്രത്തിന്റെ അതിജീവനം

Adheena P

*ഇന്ത്യൻ ചരിത്രത്തിന്റെ അതിജീവനം*

 

     ചരിത്രത്തെ വളച്ചൊടിക്കുക എന്നത് വളരെ വിശദമായി പരിശോധിക്കേണ്ട, തിരുത്തപ്പെടേണ്ട ഒരു വിഷയം തന്നെയാണ്. ഒരു പക്ഷെ എല്ലാ ആലോചനകളെയും അട്ടിമറിക്കുന്ന അതിവൈകാരികമായ പ്രസ്താവനകളിലൂടെയാണ് ഫാസിസ്റ്റുകൾ എന്നും അവരുടെ ആശയങ്ങൾ പ്രചരിപ്പിച്ചിട്ടുള്ളത്. ആത്യന്തികമായി അവരുടെ ആശയലോകത്തേക്ക് ഫാസിസം ഇടിച്ചു കയറി വരുന്നതാണ് നാം കാണുന്നത്. സവർക്കർക്ക് ഭാരതരത്നം നൽകുക എന്നത് വഴി ഇന്ത്യക്കാരുടെ ചരിത്രബോധത്തെ തന്നെ കേന്ദ്ര സർക്കാർ ചോദ്യം ചെയ്തിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം സംഘടിപ്പിച്ചതും അതിനു നേതൃത്വം നൽകിയതും സവർക്കർ പ്രതിനിധീകരിക്കുന്ന ആശയമല്ല. അന്നത്തെ ഇന്ത്യൻ ജനതയുടെ ബ്രിട്ടീഷ് വിരുദ്ധ ചെറുത്ത് നിൽപ്പ് ഉയർന്നു വരുന്നതിനുള്ള മൗലീകമായ കാഴ്ചപ്പാട് മതസൗഹാർദത്തിലധിഷ്ഠിതമായിരുന്നു. 1913 നവംബർ 14 ന് സവർക്കർ സാമ്രാജ്യത്തിന് മുന്നിൽ സമർപ്പിച്ച മാപ്പപേക്ഷയിൽ തന്നെ വിശേഷിപ്പിക്കുന്നത് മുടിയനായ പുത്രൻ എന്നാണ്. വി.ഡി. സവർക്കർ ഇന്ത്യക്കാർ ചെയ്ത എല്ലാ സ്വാതന്ത്ര്യ സമരങ്ങളേയും തന്റെ സങ്കുചിത താൽപ്പര്യത്തിനു വേണ്ടി ബ്രിട്ടനു മുന്നിൽ അടിയറവ് വച്ചു. എന്നെ സ്വതന്ത്രമാക്കുകയാണെങ്കിൽ എന്റെ ആഹ്വാന പ്രകാരം വഴി തെറ്റിപ്പോയ കുഞ്ഞാടുകളെ സാമ്രാജ്യത്തിന്റെ വിനീതദാസന്മാരായി മാറ്റുമെന്ന് അദ്ദേഹം മാപ്പപേക്ഷയിൽ പറയുന്നുണ്ട്. ഇത്രയേറെ സാമ്രാജ്യത്വ പ്രകീർത്തനം നിർവ്വഹിച്ചിട്ടുള്ള ഒരു വ്യക്തിക്ക് മരണാനന്തര ബഹുമതി നൽകുക എന്നത് ചരിത്രത്തിന് മാത്രമല്ല മതനിരപേക്ഷതയ്ക്കും വലിയ പരിക്കുണ്ടാക്കും.

     ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അവർ ഏതൊക്കെ രീതിയിലാണ് ജനങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത് എന്നതിന്റെ പ്രധാന ഉദാഹരണമാണ് ഗുജറാത്തിലെ ഒൻപതാം ക്ലാസ്സിലെ പരീക്ഷയുടെ ചോദ്യപേപ്പറിലുണ്ടായ ഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യം.ഈ തലമുറയ്ക്ക് ചരിത്രം അതിന്റെ വ്യാഖ്യാനങ്ങളെ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നത്.എന്നാൽ സംഘപരിവാർ മുന്നോട്ട് വച്ച മതം ഹിന്ദുമതമായിരുന്നില്ല. അത് കൊളോണിയൽ ജാതി മേൽക്കോയ്മയാണ്. ഹിന്ദുത്വമെന്ന വാക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടിയാണ് ഉപയോഗിച്ചത്. ജനാധിപത്യവാദികൾ പോലും ഹിന്ദുമതവും ഹിന്ദുത്വവും വേറെയാണ് എന്ന് വിശദീകരിക്കുവാനാണ് ശ്രമിച്ചത്. 2003 -ൽ സവർക്കറുടെ ചിത്രം മഹാത്മ ഗാന്ധിയുടെ ചിത്രത്തിനുമുന്നിൽ തൂക്കിയതോടുകൂടി ഇന്ത്യൻ ജനാധിപത്യത്തിനേറ്റ പരിക്ക് വളരെ മാരകമായിത്തീർന്നു.

     

ചരിത്രം പരിശോധിച്ചാൽ കാണാവുന്നത് ഇന്ത്യൻ ജനാധിപത്യസമ്പ്രദായത്തിന്റെ നിലനിൽപ്പ് സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്നീ ഫ്രഞ്ച്

വിപ്ലവത്തിന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് എന്നാണ്.ഇതേ കാഴ്ചപ്പാടുകളെ മുറുകെ പിടിച്ച വാരിയം കുന്നത്ത് ഹാജിയെ വരെ ചരിത്ര പുസ്തകത്തിൽ നിന്ന് ഒഴിവാക്കുകയും പകരം സാമ്രാജ്യത്വ അനുകൂല നിലപാടുകൾ സ്വീകരിച്ചവരെ തിരുകി ക്കയറ്റുകയുമാണ് സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ചെയ്യുന്നത്.

         

ജനാധിപത്യവിരുദ്ധ ആശയങ്ങൾ അവതരിപ്പിച്ച, സാമ്രാജ്യത്വ അനുകൂല നിലപാട് സ്വീകരിച്ചവരെ ഉയർത്തിക്കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങൾക്കെതിരെയും അഭിപ്രായവ്യത്യാസമില്ലാതെ രാഷ്ട്രീയത്തിനും മതത്തിനുമതീതമായി ഇന്ത്യൻ ജനത ഐക്യപ്പെടേണ്ടുന്ന കാലഘട്ടമാണിത്. എതിർ ശബ്ദങ്ങളെ അവർ അടിച്ചമർത്തും.ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദബോൽക്കർ,കൽബുർഗി ഗൗരി ലങ്കേഷ്, പെരുമാൾ മുരുകൻ തുടങ്ങിയവരുടെ ആവിഷ്കാരസ്വാതന്ത്ര്യം തടഞ്ഞ്, അവരെത്തന്നെ ഇല്ലാതാക്കി ഇന്ത്യാ വിരുദ്ധരാക്കുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്.

 

ചരിത്രത്തെ വളച്ചൊടിക്കുന്നതിനും തിരുത്തുന്നതിനുമെതിരെ ഇനിയും ശബ്ദങ്ങൾ ഉയരേണ്ടിയിരിക്കുന്നു.നമ്മൾ പ്രാദേശികമായി ചരിത്രയാഥാർത്ഥ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണം.

 

രണ്ടു തരത്തിലാണ് ഇന്ത്യൻ ജനത ചരിത്രനിർമിതിയിലും വ്യാഖ്യാനത്തിലും ഇടപെടേണ്ടത്.

ചരിത്രമെന്നത് മുകളിൽ നിന്ന് കെട്ടിയിറക്കേണ്ട ഒന്നല്ല. ഒരു പ്രദേശത്തെ ജനതയുടെ തൊഴിൽ, സംസ്‍കാരം, രാഷ്ട്രീയം, മറ്റ് ജീവിതരീതികൾ തുടങ്ങി എല്ലാത്തിലും ചരിത്രത്തിന്റെ അവശേഷിപ്പുകളുണ്ട്.അതിന്മേൽ ഫാസിസം നടത്തുന്ന കടന്നുകയറ്റങ്ങളെ ചെറുത്ത് താഴെത്തട്ടിൽ നിന്ന് ചരിത്രനിർമ്മിതി സാധ്യമാക്കണം.അത് വികേന്ദ്രീകൃതമായ അർത്ഥത്തിൽ എല്ലാ ഗ്രാമത്തിലും നഗരത്തിലും വിദ്യാലയങ്ങളിലും തൊഴിൽ കേന്ദ്രങ്ങളിലും ആരംഭിക്കണം.

 

രണ്ടാമത്തേത് ചരിത്രത്തെ മലിനമാക്കാനുള്ള ശ്രമത്തിനെത്തിരെ ജാഗ്രത പുലർത്തുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണം.ഇന്ത്യൻ ഫാസിസ്റ്റുകൾ പ്രചരിപ്പിക്കുന്നത് പോലെ ഇന്ത്യൻ ജനത മതത്തിന്റെ അടിസ്ഥാനത്തിൽ വേറിട്ട് നിന്ന് തെരുവിൽ തല്ലിക്കൊണ്ടിരിക്കുകയല്ല.ജീവിക്കുവാൻ വേണ്ടിയിട്ടുള്ള പോരാട്ടത്തിൽ അവർ ഐക്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വസ്തുത ജനങ്ങളിലെത്തിക്കണം.

 

അവസാനം ഒരു പ്രതീക്ഷയുടെ കാലം വരും.അപ്പോൾ എല്ലാ മുഖങ്ങളും ഒരുപോലെയായിരിക്കും.