*ഒരു മഴക്കാലത്ത്...*
കുളിർ കോരിക്കൊണ്ട് അരികിലെത്തിയ തണുത്ത കാറ്റ്. ആകാശം ഇരുണ്ടുതുടങ്ങി. കറുത്ത മേഘങ്ങൾ സൂര്യനെ മറച്ചു. ഒരു ചെറിയ നാണത്തോടെ സൂര്യൻ തന്റെ കിരണങ്ങൾ മേഘങ്ങൾക്ക് പിറകിൽ ഒളിപ്പിച്ചു വച്ചു. എന്നാലും ഭൂമിയെ കാണാനുള്ള അവന്റെ കൊതി ഇനിയും തീർന്നിട്ടില്ല. ഇളം വെയിൽ അതിന്റെ സൂചനയായി ബാക്കി നിൽക്കുകയാണ്....
മഴയുടെ കാൽച്ചിലമ്പുകൾ താളമിടാൻ തുടങ്ങിയിരിക്കുന്നു. ദൂരെ നിന്ന് തന്നെ അത് എന്റെ കാതുകളിലേക്കെത്തി. ഒടുവിലതാ, എന്റെ മുറ്റത്തും അത് പതിഞ്ഞു. തുള്ളിതുള്ളിയായി തുടങ്ങിയ മഴ പിന്നീട് തോരാതെ പെയ്യാൻ തുടങ്ങി.കോരിച്ചൊരിയുന്ന മഴ!
ഞാൻ ഓടിച്ചെന്നു എന്റെ കുടയും എടുത്ത് പുറത്തേക്കിറങ്ങി. വഴിയോരത്തെല്ലാം മഴവെള്ളം കെട്ടിനിൽക്കുകയാണ്. പുൽച്ചെടികളിൽ വെള്ളത്തുള്ളികൾ മുത്തുകൾ പോലെ കാണപ്പെട്ടു. ചേമ്പിലയിലെ വെള്ളത്തുള്ളി കൈവിരൽ കൊണ്ട് തട്ടിത്തെറിപ്പിച്ചു ഞാൻ നടന്നു. മഴയ്ക്ക് ഇത്രയും സൗന്ദര്യമുണ്ടെന്ന് ഞാൻ അന്നേ വരെ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
കുഞ്ഞുനാൾ മുതലേ പട്ടണത്തിൽ വളർന്ന ഞാൻ കണ്ടത് ഇങ്ങനെയുള്ള മഴയായിരുന്നില്ല. പൊടിപടലങ്ങളുമായി കൂടിച്ചേർന്ന് മഞ്ഞു പോലെ ആയിരുന്നു അത്. ശുദ്ധമായ മഴത്തുള്ളികളുടെ സൗന്ദര്യം ആസ്വദിക്കുവാൻ എങ്ങനെയാണു അതിലൂടെ സാധിക്കുക? ഫ്ലാറ്റിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ റോഡും അതിലൂടെ ചീറിപ്പായുന്ന നൂറുകണക്കിന് വാഹനങ്ങളും മാത്രമേ അവിടെ കാണാൻ കഴിയുമായിരുന്നുള്ളൂ. തണുത്ത കാറ്റ് വീശിയാലും മാലിന്യക്കൂമ്പാരങ്ങളുടെ മണം മൂക്കിലേക്ക് തുളച്ചു കയറും. പുറത്തേക്കിറങ്ങിയാലോ? അമ്മയുടെ വകയുള്ള ശകാ രങ്ങളുമൊക്കെ പിന്നാലെ വരും. ഒരു കൂട്ടിലടച്ച കിളിയെ പോലെ ഞാൻ അവിടെത്തന്നെ കൂനിക്കൂടിയിരിക്കും. ഒന്നിനും ഒരു സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ!
അങ്ങനെയിരിക്കെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ ഞാൻ കൊതിച്ചു പോവുന്നത്. വല്ലപ്പോഴും മാത്രമേ അതിനുള്ള അവസരം ലഭിച്ചുള്ളൂ. അതും വേനൽക്കാലത്തു മാത്രം......
പക്ഷെ, ഇത്തവണ അവധി കിട്ടിയത് ഈ മഴക്കാലത്താണ്.ദൈവം എന്നെ കാത്തു എന്ന് വേണം കരുതാൻ. അതുകൊണ്ടാണല്ലോ മഴയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഇങ്ങനെ നടക്കുവാൻ കഴിയുന്നത്.
നടന്നുനടന്നു നേരം പോയത് ഞാൻ അറിഞ്ഞതേയില്ല. കുത്തിയൊലിച്ചൊഴുകുന്ന പുഴയെയും ചെളി നിറഞ്ഞ വയലിൽ ആർത്തുല്ലസിക്കുന്ന കുട്ടികളെയും എനിക്ക് കാണാൻ സാധിച്ചു. മഴവെള്ളത്തിൽ കാലുകൾ താഴ്ത്തിയും വെള്ളം ആഞ്ഞു തെറിപ്പിച്ചും ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു. അവിടെയെത്തുമ്പോഴേക്കും ഒരു വിധം മഴയൊക്കെ തോർന്നിരുന്നു.
"നീ എവിടെപ്പോയതാ? എത്ര സമയം ആയെന്നോ ഞങ്ങൾ നിന്നെ തിരയുന്നു"-ചേച്ചി ദേഷ്യത്തോടെ പറഞ്ഞു.മറുപടി പറയും മുമ്പേ മുറ്റത്തൊരു കാർ വന്നെത്തി. അത് മുടക്കാതെ ഹോൺ അടിച്ചുകൊണ്ടിരുന്നു.അമ്മ എന്റെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് ധൃതിയോടെ അതിനടുത്തേക്ക് ചെന്നു. മുത്തശ്ശിയോടും മുത്തച്ഛനോടും യാത്ര ചോദിക്കാൻ പോലും കഴിയാതെ ഞാൻ നിസ്സഹായയായി. ഒടുവിൽ എന്നെയും വഹിച്ചു കൊണ്ട് ആ കാർ പട്ടണത്തിലേക്ക് കുതിച്ചു. നാട്ടിലെ മനോഹരമായ കാഴ്ചകളും അപ്രതീക്ഷിതമായ ചില അനുഭവങ്ങളും ഓർത്തു കൊണ്ട് ഞാനും അതോടൊപ്പം നീങ്ങിക്കൊണ്ടിരുന്നു.....