test

സെലക്ടീവുകൾക്കടിമപ്പെടുന്ന ഭരണഘടനയുടെ നാലാം തൂൺ

AKHIL M

സെലക്ടീവുകൾക്കടിമപ്പെടുന്ന ഭരണഘടനയുടെ നാലാം തൂൺ

           സെലക്ടീവുകളാൽ തെറ്റിദ്ധരിക്കപ്പെടുന്ന സമൂഹത്തിൽ മൂർച്ചയേറിയ വാക്കുകൾ ഒറ്റപ്പെട്ട ശബ്ദങ്ങളായി ഒതുക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പരമോന്നതിയിലും ഭരണകൂടഭീകരത അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ സ്വാതന്ത്ര്യമായി ശബ്ദമുയർത്തുന്നവരുടെ നാവറുക്കുന്ന അതിദയനീയമായ അവസ്ഥ കാലാന്തരങ്ങളിൽ ജനാധിപത്യത്തിനുണ്ടായികൊണ്ടിരിക്കുന്നു. മൂല്യച്ഛ്യുതിയിലേക്ക് വിരൽ ചൂണ്ടുന്നു. കക്ഷിരാഷ്ട്രീയം ജനാധിപത്യത്തിന്റെ ഭാഗമാണ്. എങ്കിലും സവിശേഷമായ ജനാധിപത്യ വ്യവസ്ഥിതിയിൽ ആസൂത്രിതമായി പാകിയ രാഷ്ട്രീയത്തിന്റെ വിഷവിത്തുകൾ ഇന്ന് ജനാധിപത്യത്തിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി അതിന്റെ സംശുദ്ധിയിൽ രക്തകറ ചാർത്തുന്നു. ജനാധിപത്യം എന്ന വാക്കിന് അല്ലെങ്കിൽ സങ്കൽപ്പത്തിന് ചിലർ മറ്റൊരർത്ഥം കൽപ്പിക്കുന്നു. അതിന്റെ വ്യാഖ്യാനത്തിൽ അധികാരഭ്രമവുമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. സത്യം എവിടെയാണ് മറച്ചു വെയ്ക്കപ്പെടുന്നത്? വളച്ചൊടിക്കപ്പെടുന്നത്? ശരിയായ തീരുമാനങ്ങൾ കൈകൊള്ളേണ്ടത് ആരാണ്? തെറ്റിദ്ധരിക്കപ്പെടുന്ന ജനങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ ഒരിക്കലും കഴിയാത്തതാണ് അധികാര ഭ്രാന്തന്മാരുടെ തുറുപ്പുചീട്ട്. അധികാരത്തിനും ജനങ്ങൾക്കുമിടയിൽ ഭീമമായൊരു സ്പേസ് കാണുവാൻ കഴിയുന്നുണ്ടാകും. കൈവിരലുകൾ കൊണ്ട് അധികാരത്തിലേറുവാൻ കഴിയുമ്പോൾ അധികാരികളെ പോലെ തന്നെ അധികാരത്തെ അറിയുവാൻ സാധിക്കാത്തതാണ് ഈ സ്പേസിനു കാരണം എന്നിരുന്നാലും ചിലതൊക്കെ നാം അറിയുന്നു ചർച്ച ചെയ്യുന്നു. പ്രതികരിക്കുന്നു. അപ്പോഴും ഇതൊക്കെ നേരിട്ടറിയാൻ സാധിക്കുന്നില്ല എന്നത് വസ്തുതാപരമായ കാര്യമാണ്. ഒറ്റനോട്ടത്തിൽ വിരോധാഭാസമായി തോന്നാമെങ്കിലും മേൽപ്പറഞ്ഞ സ്പേസ് എന്താണെന്ന് വ്യക്തമാക്കുമ്പോൾ ആ ഗ്രാമത്തിൽ മാറ്റമുണ്ടാക്കുന്നതിൽ സംശയമില്ല.

                         വിയോജിപ്പിന്റെയും വിമർശനത്തിന്റെയും ചുവയുള്ള ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന അവസ്ഥ ആധുനിക ഇന്ത്യയിലും തുടരുന്നു എന്നത് ദൗർഭാഗ്യകരമാണ് ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാലും അത്തരം ശബ്ദങ്ങൾ വലിയ പ്രതിഷേധങ്ങളായി മാറിയപ്പോൾ മാത്രമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എതിർക്കുന്നവന്റെ തല കൊയ്യുക എന്ന സ്വേച്ഛാധിപത്യപരമായ നിലപാട് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്നും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം പ്രതിഷേധത്തിന്റെ ശബ്ദങ്ങൾക്ക് നവമാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നിലവിൽ ഒരു സംവിധാനത്തിനും കഴിയുകയുമില്ല.എന്നിരുന്നാലും ഇത്തരം പ്രതിഷേധങ്ങളെല്ലാം തന്നെ അധികാരികൾക്കുമുമ്പിൽ എത്തുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അവയിൽ ചിലതെങ്കിലും അധികാരികളുടെ ശ്രദ്ധയിൽപെടുന്നുണ്ടെങ്കിലും അത് ഏറെ വൈകിയായിരിക്കും. മാത്രമല്ല വേണ്ടത്ര ജനശ്രദ്ധ കിട്ടിയില്ലെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ നനഞ്ഞ പടക്കം പോലെ തന്നെ. ഇവിടെയാണ് മുൻപ് പരാമർശിച്ച് ഒരു സ്പേസിന്റെ അനിവാര്യത ഈ സ്പേസ് മാധ്യമങ്ങളാവുമ്പോൾ അതിന്റെ രൂപവും ഭാവവും കൈമാറുന്നു. മെഴുക് പൂശിവരുന്ന ആപ്പിൾ എന്ന പോലെ നമ്മുടെ മാധ്യമങ്ങൾ നൽകുന്നതെന്താണ്? വസ്തുതകൾ മാധ്യമം കടന്നുവരുമ്പോൾ ആരൊക്കെയോ ചവച്ചുതുപ്പിയ ഉച്ചിഷ്ടങ്ങളായി മാറുന്നു. യഥാർത്ഥത്തിൽ ഇതാണ് ജനകോടികൾ സശ്രദ്ധം വീക്ഷിക്കുന്നത്. മാധ്യമങ്ങളുടെ സുധാര്യത നഷ്ട്ടപ്പെട്ടിരിക്കുന്നു. കച്ചവട താല്പര്യങ്ങൾക്ക് മാധ്യമങ്ങൾ അടിമപ്പെട്ടപ്പോൾ മാധ്യമരംഗം വ്യവസായമായി മാറി. അതിന്റെ ഫലമായി മാധ്യമങ്ങൾ രാഷ്ട്രീയ വത്കരിക്കപ്പെടുന്നു. ഇവിടെ മാധ്യമങ്ങൾക്ക് രണ്ട് തരത്തിലുള്ള രാഷ്ട്രീയമുണ്ട്. ഒന്ന് കക്ഷിരാഷ്ട്രീയമെങ്കിൽ മറ്റൊന്ന് അതിലും ഭീകരമായ മാധ്യമരാഷ്ട്രീയമാണ്. വസ്തുതകളെ മാധ്യമങ്ങൾ അവരവരുടെ സ്വതസിദ്ധമായ ശൈലിയിൽ വ്യാഖ്യാനിക്കുന്നു. ഇവിടെ സെൻസേഷനു വേണ്ടി സത്യങ്ങൾ മാറ്റിമറക്കപ്പെടുന്നു. അഭിപ്രായങ്ങൾ വളച്ചൊടിക്കപ്പെടുന്നു. മാധ്യമങ്ങൾ സെലക്ടീവുകൾക്ക് അടിമപ്പെടുന്നത്. ഈ രംഗവും കച്ചവട താല്പര്യത്തിന് അധിഷ്ടിതമായിരിക്കുന്നു എന്നതിന് തെളിവാണ് പരമാർത്ഥത്തേക്കാൾ പെയ്ഡ് ന്യൂസുകൾ സെൻസേഷണൽ ആവുന്നു ഇതാണോ മാധ്യമ ധർമ്മം?

               ഭരണകൂടത്തിന്റെ നേർവാഴ്ച്ചയ്ക്കു വേണ്ടി ആശയപരമായ പരിരക്ഷ ഒരുക്കികൊടുക്കുന്ന ഉപകരണങ്ങളിലൊന്നായി അധികാര വർഗ്ഗത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസൃതമായ പ്രചാരണോപാദികളിലൊന്നായി മാധ്യമ പ്രവർത്തനം മാറിയ കാലഘട്ടത്തിൽ അതിനെതിരായ ഒരു ബദൽ മാധ്യമ സംസ്കാരമാണ് സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്നാൽ ഭരണകൂടത്തിന്റെ തന്നിഷ്ഠങ്ങൾ നശിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെയും ജനാധിപത്യ ബോധത്തേയും ചൂണ്ടി കാട്ടുന്നവർ അടിച്ചമർത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നു. ആ ഭീകരതയുടെ നിലവിലെ അവസാനത്തെ ഇരയായിരുന്നു ഗൗരി ലങ്കേഷ് സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനത്തിനും ഇവിടെ ഒരുപാട് വെല്ലുവിളികളെ അതിജീവിക്കേണ്ടിയിരിക്കുന്നു. സെലക്ടീവുകൾക്ക് അടിമപ്പെടുന്ന ഭരണഘടനയുടെ നാലാം തൂൺ ജനാധിപത്യത്തിന്റെ തകർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു. ഭൂമി തന്റെ ചക്രവാളത്തിൽ കറങ്ങുന്നുണ്ടോ? സംശയം ആണ്. പകൽ മാഞ്ഞു എങ്ങും ഇരുട്ടിനാൽ മൂടപ്പെട്ടുകൊണ്ടിരിക്കുന്നു.

-അഖിൽ എം
ആലപ്പുഴ