test

അത്തം... ചിത്തിര...ചോതി

MV MOHANAN

ദുരിതവും വറുതിയും പെയ്തിറങ്ങിയ കർക്കിടകം പിൻവാങ്ങി. കൊയ്ത്തുത്സവത്തിന്റെയും വിളവെടുപ്പിന്റെയും ആഹ്ലാദത്തിമിർപ്പുമായി ചിങ്ങം വന്നെത്തി. ചിങ്ങത്തേരിലേറി പൊന്നോണം വീടണഞ്ഞു. മലയാളത്തിന്റെ മണ്ണിലും മലയാളിയുടെ മനസ്സിലും പൂവിളികൾ കൗതുകം ചേർത്തു.
പോയ വർഷത്തെ മഹാപ്രളയം കേരളപ്രകൃതിയിലും മലയാളി മനസ്സിലും തീർത്ത ആഴമുള്ള മുറിപ്പാടുകൾ മാഞ്ഞിട്ടില്ല. തൊട്ടുപുറകെയാണ് ഈ വർഷം മഹാമാരി ചിലയിടങ്ങളിൽ ആവാസസ്ഥലങ്ങളടക്കം നമ്മുടെ സഹജീവികളിൽ പലരെയും കവർന്നെടുത്ത് കൊണ്ട് പോയത്.എന്നിട്ടും ഈ വർഷത്തെ ഓണത്തിന് ഒരു പൊലിവിനും കുറവില്ല. മഹാകവി വൈലോപ്പള്ളി പാടിയത് പോലെ എപ്പോഴും ജയിക്കണമെന്ന് വാശിയുള്ള മരണത്തിനും, ജീവിതത്തിന്റെ ഉയർന്നു പാറുന്ന കൊടിപ്പടം താഴ്ത്താനാവില്ല എന്നതാണ് ഇത് കാണിക്കുന്നത്.
ഓണം മലയാളികളുടെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനവും പഴക്കമുള്ളതുമാണ്. 'ഓണം' എന്ന പേര് വന്നത് കീരാകീരി മഴയുടെയും പഞ്ഞ- കർക്കിടകത്തിന്റെയും മാസം കഴിഞ്ഞ് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന ശ്രാവണമാസത്തിൽ നിന്നാണെന്ന് കരുതപ്പെടുന്നു. നമ്മുടെ സംസ്കാരത്തിന്റെ അടിയടരുകളിലേ ഓണ സ്മൃതികളുണ്ട് എന്നതിന് തെളിവാണ്. ലോകത്തെവിടെ മലയാളികളുണ്ടോ അവിടെയെല്ലാം ഓണാഘോഷമുണ്ട് എന്ന വസ്തുത.
ഓണത്തിന് പിന്നിലെ ഐതീഹ്യം മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കഥ നമ്മുക്കറിയാം. ഈ കഥ സൂചിപ്പിക്കുന്നത് സമൃദ്ധിയുടെ ഭൂതകാലത്തെയല്ല കേരള കാർഷിക സംസ്കാരത്തിന്റെ പ്രതിനിധിയായ മഹാബലിയെ ആദ്യം ചെറുതായി ക്രമത്തിൽ വലുതായി വലുതായി വന്ന വാണിജ്യ ലക്ഷമിയുടെ നായകൻ വാമനൻ കീഴടക്കുന്നതാണ് എന്ന് ഡോ.കെ.എൻ എഴുത്തച്ഛൻ വളരെ മുന്നേ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ഓണം യഥാത്ഥത്തിൽ മറവിയുടെ ആഘോഷമാണ്. എന്ന് ഡോ പി.പി പ്രകാശൻ നിരീക്ഷിക്കുന്നു. (അദ്ധ്യാപക ലോകം - വാല്യം 52 - ലക്കം 8 - ആഗസ്റ്റ് 2019).
ഓണവുമായി ബന്ധപ്പെട്ട് ഒരുപാടു ചൊല്ലുളും, പാട്ടുകളും, കളികളും, അനുഷ്ഠാനങ്ങളും, കവിതകളും നമുക്കുണ്ട്. അവയിൽ പലതും മുകളിൽ പറഞ്ഞ നിരീക്ഷണത്തിന് മേലൊപ്പു ചാർത്തുന്നുണ്ട്. നമുക്ക് അവയിൽ ചിലവ ഓർത്തെടുക്കാം –
ചില ഓണച്ചൊല്ലുകൾ
1. കാണം വിറ്റും ഓണം ഉണ്ണണം.
2. അത്തം കറുത്താൽ ഓണം വെളുക്കും.
3. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
4. ഓണമുണ്ട വയ റേ ചൂളം പാടി കിട.
5. ഓണം കഴിഞ്ഞാൽ ഓലപ്പുര, ഓട്ടപ്പുര.
ഓണപ്പാട്ടുകൾ
1. വടക്കേക്കര-
തെക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു
തുമ്പ മുളച്ചു.
തുമ്പ കൊണ്ടമ്പതു
തോണി മുറിച്ചു.
തോണിത്തലപ്പത്തൊ-
രാലു കിളിർത്തു
ആലിന്റെ പൊത്തി-
ലൊരുണ്ണി പിറന്നു.
ഉണ്ണിക്കു
കൊട്ടാനും പാടാനും
തുടിയും തുടിക്കോലും
പറയും പറക്കോലും
പൂ കൊണ്ട്
പൂവേ പൊലി
പൂവേ പൊലി
പൂവേ പൊലി പൂവേ...
പൂയ്... പൂയ്... പൂയ്...

2. കറ്റക്കറ്റ കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
നേരേ വാല്ക്ക് നെയ് വച്ചു
ചെന്നു കുലുങ്ങി
ചെന്നു കുലുങ്ങി
ചന്ദ്രമാല പൂ കൊണ്ട
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ...
പൂയ്... പൂയ്... പൂയ്...

3. ഓണത്തപ്പാ കുടവയറാ
തിരുവോണക്കറിയെന്തെല്ലാം
ചേനത്തണ്ടും ചെറുപയറും
ചെരട്ട പൊട്ടിച്ചോരുപ്പേരീ...

4. ഓണം വന്നോണം വന്നീവിരള്
എങ്ങനെ ഉണ്ണുമെന്നീ വിരള്
കടം വാങ്ങിച്ചുണ്ണാമെന്നീ വിരള്
എങ്ങനെ വീട്ടുമെന്നീ വിരള്
പണി ചെയ്തു വീട്ടുമെന്നീ വരള്.

5. അത്തം ചിത്തിര ചോതി
അപ്പൻ കെട്ടിയ വേലി
അമ്മ പൊളിച്ചിട്ടരിവച്ചു
അപ്പൻ വന്നു കലഹിച്ചു.


ഓണക്കളികൾ
1.പുലികളി
2.കുമ്മാട്ടിക്കളി
3.വള്ളംകളി
4.ഓണപ്പൊട്ടൻ
5.കൈകൊട്ടിക്കളി
6.തുമ്പിതുള്ളൽ
7.തലപ്പന്ത്
8.ആട്ടക്കളം
9.വടംവലി
10.ചവിട്ടുകളി
11.ഓണത്തല്ല്
12.ആട്ടക്കളം

ഓണസദ്യ
നെയ്യും പരിപ്പും മുതൽ പാലടയും പ്രതമനും വരെ നീളുന്ന ഓണസദ്യയുടെ കൊതിയൂറും വിഭവങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്.
നേന്ത്രക്കായ വറുത്തത്, ശർക്കരഉപ്പേരി,ചേനക്കായഉപ്പേരി, ഇഞ്ചിക്കറി, നാരങ്ങാക്കറി, പുളിയിഞ്ചി,മുളകുപച്ചടി, കിച്ചടി, പച്ചടി, മെഴുക്കുപുരട്ടി, എരിശ്ശേരി, കാളൻ, ഓലൻ, അവിയൽ, സാമ്പാർ, പുളിശ്ശേരി, രസം, പാലട പ്രധമൻ, പരിപ്പുപ്രധമൻ, പഴംപ്രധമൻ,.....

ഓണക്കവിതകൾ

മലയാളത്തിലെ സമ്പന്നമായ ഓണക്കവിതയിലെ ചില വരികൾ നമുക്കിവിടെ പരിചയപ്പെടാം.
1. അരിമയിൽഓണപ്പാട്ടുകൾപാടി-
പെരുവഴിതാണ്ടും കേവലരെപ്പൊഴു-
മരവയർ പട്ടിണിപെട്ടവർ കീറി-
പ്പഴകിയ കൂറ പുതച്ചവർ ഞങ്ങൾ

നരയുടെ മഞ്ഞുകൾ പിന്നിയ ഞങ്ങടെ
തലകളിൽ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിനപ്പുറ-
മാളി യൊരോണപ്പൊൻകിരണങ്ങൾ.
( ഓണപ്പാട്ടുകാർ - വൈലോപ്പിള്ളി )

2. ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നള്ളുമ്പോൾ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ.

പൊൻവെയിലും പൂന്നിലാവും
പൊന്നോണപ്പകലൊളി രാവൊളി
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
( ഒരു കൊച്ചു പൂക്കട - കുഞ്ഞുണ്ണി മാഷ് )

3. നന്ദി തിരുവോണമേ നന്ദി
നീ വന്നുവല്ലേ ?
അടിമണ്ണടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനു തുമ്പയിൽ
ചെറുചിരി വിടർത്തി നീ വന്നുവല്ലേ?
നന്ദി തിരുവോണമേ നന്ദി.
(നന്ദി തിരുവോണമേ നന്ദി - എൻ.എൻ. കക്കാട്).
കൂട്ടുകാരെ, ഈ വർഷത്തെ ഓണവും നമുക്ക് അടിച്ചു പൊളിച്ച് ആഘോഷിക്കാം. അതോടൊപ്പം തന്നെ ജാതി-മത-വർഗ്ഗ-വർണ്ണ-ലിംഗ ഭേദമില്ലാതെ ' മനുഷരെല്ലാരും ഒന്നുപോലെ ' കള്ളവും ചതിയും ഇല്ലാത്ത ഒരു സുവർണ്ണ സമത്വ കാലത്തിലേക്ക് കുതിക്കാനാവശ്യമായ തിരിച്ചറിവിന്റെ കരുത്തും നമുക്ക് ഓണത്തിമർപ്പിൽ നിന്നും നേടിയെടുക്കാനാവണം.