test

കാലമാകുന്ന നദിയിലൂടെ...

NANDANA KT

വേനൽകാലത്തിന്റെ ഉഷ്ണം ദിനരാത്രങ്ങളെ ദുസ്സഹമാക്കുമ്പോൾ ജനഹൃദയങ്ങൾ മനസറിഞ്ഞു പ്രാർത്ഥിക്കുന്നത് മഴക്കുവേണ്ടിയാണ്. ഭൂമിയെ പച്ചപണിയിച്ച് തണുപ്പിക്കാനും ഹരിതാഭയണിയിക്കാനും ജന്തുജാലനിലനില്പ് സാധ്യമാക്കാനുമെല്ലാം ആവശ്യത്തിനുള്ള ജീവജലം ഭൂമിയിലേക്ക് പ്രധാനം ചെയ്യുന്നത് മഴയാണ്.
എന്നാൽ പ്രകൃതിയുടെ ഈ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുന്ന തരത്തിലും ആഘാതമേൽപ്പിക്കുന്ന തരത്തിലുമുള്ള മനുഷ്യചെയ്തികളാൽ പ്രകൃതി കോപം കൊണ്ടുതുടങ്ങിയിരിക്കുന്നു. മാലിന്യങ്ങളാൽ ദുസ്സഹമായും അടിത്തട്ടിലെ ജലസംഭരണമാർഗമായ മണൽപ്പരപ്പിന്റെ അഭാവത്താലും, ജീലജലം മലിനമാക്കിയിട്ടുമെല്ലാം നാം കീറിമുറിച്ച പ്രകൃതിയുടെ മനോഹാരിത വീണ്ടെടുക്കാനെന്നവണ്ണം അവൾ തന്റെ നദികളാലും കാർമേഘങ്ങളാലും നമ്മോട് പ്രതികാരം ചെയ്തുകൊണ്ടിരിക്കയാണ് മൂടിവച്ച ആത്മവികാരങ്ങളെ പൂർണമായും പുറത്തെടുത്ത് എപ്പോൾ വെണമെങ്കിലും അവൾ സർവ്വസംഹാരിണിയായി മാറിയേക്കാം. അതിന്റെ നേർകാഴ്ചകൾക്കാണ് നാം ഈയിടെ സാക്ഷ്യം വഹിച്ചത്.
മൂന്നു നാല് ദിവസങ്ങളോളമായി ഇടവേളയില്ലാതെ ഇരുട്ടുകുത്തിപെയ്ത മഴയിൽ പുഴകളും തോടുകളും പാടവുമെല്ലാം ജലസമൃദ്ധമായി ഒന്നിച്ചു വെള്ളം കലക്കികൊണ്ട് കുത്തിയൊഴുകാൻ തുടങ്ങി.
ആദ്യമെല്ലാം കൗതുകത്തോടെ നോക്കിക്കണ്ട പ്രകൃതിയുടെ ഈ കുസൃതി പിന്നീട് കേരളമൊട്ടാകെ പിടിച്ചുകുലുക്കിയ ഒരു മഹാപ്രളയത്തിന് വഴിയൊരുക്കയാണുണ്ടായത്. ഏകദേശം നൂറുവർഷങ്ങൾക്കുശേഷമാണത്രെ പുഴകൾ ഇപ്രകാരം കോപത്താൽ പ്രളയകാരികളായത്. ജലനിരപ്പ് നിമിഷങ്ങൾക്കകം ഉയർന്നുതുടങ്ങി. പുഴയോര മേഖലകളിലും റോഡുകളിലും വെള്ളമെത്തി മലയോരപ്രദേശങ്ങൾ ഉരുൾപൊട്ടി സംഹാരതാണ്ഡവത്തിന്റെ മൂർത്തന്യരൂപമെന്ന പോലെ പുഴകൾ പലയിടങ്ങളിലും ഗതിമാറിയൊഴുകി. റോഡ് ഗതാഗതം, വാർത്താവിനിമയം, സാധനസേവനങ്ങൾ, തുടങ്ങിയവയെല്ലാം പൂർണമായും തടസപ്പെട്ടു.

സാധനങ്ങൾ, രേഖകൾ, പ്രമാണങ്ങൾ, വസ്ത്രങ്ങൾ, പാഠപുസ്തകങ്ങൾ, പണം അങ്ങിനെ എല്ലാമെല്ലാം നഷ്ടപെട്ട് ജീവൻമാത്രം തിരിച്ചുകിട്ടിയ ചില ജീവിതങ്ങൾ ഇവയോടൊപ്പം പ്രകൃതികൊണ്ടുപോയ കേരളത്തിലെ ഒട്ടനവധി ജനജീവിതങ്ങളെയാണ് കടുത്ത മഴയിലും അടിയൊഴുക്കിലും നിലക്കാത്ത പ്രകൃതിയുടെ കോപത്തിലും അടിപതറാതെ ഒറ്റപെട്ടവർക്ക് കൈത്താങ്ങായവർ, വീണുപോയവരെ നെഞ്ചോടു ചേർത്തവർ, ഊണും ഉറക്കവും സ്വന്തം സുരക്ഷിതത്വവും നോക്കാതെ ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയവർ, ജാതി മത വർഗ ഭിന്നതകൾ തീർത്ത മതിലുകളെ തട്ടിത്തെറുപ്പിച്ചുകൊണ്ട് സ്വന്തബന്ധങ്ങൾ നോക്കാതെ പരസ്പരം കൈത്താങ്ങായവർ.

അങ്ങിനെ കേരളജനതയുടെ പരസ്പര സ്നേഹത്തിനുമുന്നിൽ പ്രകൃതിപോലും തോറ്റുപോയ ലോകമനഃസാക്ഷിയെ പിടിച്ചുലച്ച നിമിഷങ്ങൾ !

ഭൂമിമാതാവിനെ നിമിഷംതോറും ചുട്ടുതിന്നുന്ന മനുഷ്യവർഗ്ഗമേ....
കേരളത്തിനു സംഭവിച്ചതെല്ലാം വരാനിരിക്കുന്ന മഹത്തായ ഒരു രോഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് യഥാർത്ഥത്തിലുള്ള പ്രകൃതിയുടെ കോപവുമായി യുദ്ധം ചെയ്യാൻ നമുക്ക് സാധിച്ചില്ലെന്നുംവരാം.