കുന്നുകളുടെ മുകളിൽ
നമുക്ക് കൂട്ട് കൂടണം
പേരില്ലാത്ത കഥകൾ വായിച്ച്
രാത്രികളെ പറ്റിക്കണം.
കാട്ടു പൂക്കളെ കുടിച്ചു
നമുക്കു ഓർമകൾ ചികയണം
നാം പരസ്പരം
ഓർക്കുമ്പോഴെല്ലാം
കാണുന്നവർക്ക് തോന്നട്ടെ
കാട് പൂത്തതാണെന്ന്.
ആകാശത്തിന്റെ
കളർ പെൻസിലിൽ
നമുക്കു കണ്ണുകളെ നിറയ്ക്കണം
ഇടക്കൊക്കെ
പറവകളുടെ ചിറകുതട്ടി
മഴവില്ല് പൊടിയട്ടെ
എല്ലാത്തിനും ഒടുവിൽ
നാം നടന്ന വഴികളെ
അവിടെത്തന്നെ കുഴിച്ചിടണം
ഒരൊറ്റ പെയ്ത്തിൽ
പറന്നു പൊങ്ങാൻ.