പറയാമായിരുന്നില്ലേ,
തലയുയർത്തി
നട്ടെല്ല് നിവർത്തി
നിൽക്കരുതെന്ന്.
ചിറകൊടിഞ്ഞ കിളികൾക്കൊന്നും
ചില്ലകളിലഭയം നൽകരുതെന്ന്.
പച്ചില വീഴ്ത്തി കറുത്ത
മണ്ണിന്റെ വിശപ്പകറ്റരുതെന്ന്.
ചുവന്ന പൂക്കൾ വിടർത്തിയാർക്കും
പ്രതീക്ഷ നൽകരുതെന്നും,
ഭൂമിക്കടിയിലാരും കാണാതെ
മറ്റ് വേരുകളോടോന്നും
കൂട്ട് കൂടരുതെന്നും,
കൈകൾ കോർക്കരുതെന്നും.
ഇതൊന്നും പറയാതെ
വെട്ടിയൊതുക്കി സ്ഫടിക സുതാര്യതയിലാക്കി
മുറിയുടെ മൂലയ്‌ക്കൊതുക്കിയാൽ
കരുതിയോ,
ഞാൻ വീണ്ടും തളിർത്ത്
പൂവിടില്ലെന്ന്.....