test

കോവിഡ് കാലത്തെ പോർക്കളം

Juliya M L

*കോവിഡ് കാലത്തെ പോർക്കളം* 

 

മനുഷ്യസമൂഹത്തിന്റെ പാരമ്പര്യ രീതികൾക്കും കീഴ്‌വഴക്കങ്ങൾക്കും വഴി മുടക്കി കോവിഡ്  മഹാമാരി നിലയുറപ്പിച്ച കാലഘട്ടത്തിൽ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും സ്വഭാവമെന്ത്‌ എന്നത് ഏറെ പ്രസക്തമാണ്.പഴയ കാലത്തു നിന്ന് വ്യത്യസ്തമായ്‌ സോഷ്യൽ മീഡിയ നിർണായകമായ നമ്മുടെ സമൂഹത്തിനകത്ത് ആ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്താം എന്നൊരു ആശ്വാസം നമ്മുക്കുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിനകത്ത് പ്രതിഷേധങ്ങളും പ്രതിരോധങ്ങളും അനിവാര്യമാണ്. പടർന്നു പിടിക്കുന്ന രോഗം മനുഷ്യരാശിയെ തളർത്തിയപ്പോൾ തെരുവുകളിൽ ആൾക്കൂട്ടത്തെ സംഘടിപ്പിച്ച് പ്രധിഷേധങ്ങൾ നടത്താൻ കഴിയില്ല. ജനാധിപത്യ സംവിധാനങ്ങളും രാഷ്ട്രീയപാർട്ടികളും വോട്ടുമൊക്കെ നിലനിൽക്കണമെങ്കിൽ മനുഷ്യ ജീവൻ നിലനിർത്തേണ്ടേ എന്നത് പ്രസക്തമായ ചോദ്യമാണ്. എന്നാൽ ഇതിനൊക്കെ വിരുദ്ധമായ ചില സമരപരിപാടികളും നമ്മൾ കാണുകയുണ്ടായി. മാസ്ക് പോലും വലിച്ചെറിഞ്ഞുകൊണ്ട് സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന നേതാക്കളെയും നമ്മൾ കണ്ടു. ഇത്തരം പ്രതിഷേധങ്ങളുടെ രാഷ്ട്രീയമോ ശരി തെറ്റുകളോ മറ്റോ ഇവിടെ ചർച്ച ചെയ്യുന്നില്ല. പകരം മാറ്റങ്ങൾക്ക് വിധേയമാകുന്ന, ക്രിയാത്മകവും സർഗ്ഗാത്മകവുമായ രീതികൾ സ്വീകരിക്കുന്ന പുതിയ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ. ഇനി അങ്ങോട്ട് കുറച്ചു കാലത്തേക്കെങ്കിലും ജനജീവിതം പലതരത്തിലും ദുസ്സഹമായിരിക്കും. പക്ഷേ പ്രതിഷേധങ്ങൾ പലപ്പോഴും അനിവാര്യമാകും. മഹാമാരിയുടെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അണപൊട്ടിയൊഴുകുന്ന പ്രക്ഷോഭങ്ങൾ ആവശ്യമായി വരും. സാമൂഹ്യ അകലം പാലിച്ചു ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായും ആൾക്കൂട്ടങ്ങൾ കുറച്ചുള്ള സമരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്യാമ്പയിനുകൾ എന്നിവ നാം സ്വീകരിച്ചു ഒരു പക്ഷെ ഇനിയും അത് തുടരേണ്ടി വരാം..ദൃശ്യപത്ര മാധ്യമങ്ങൾ പടച്ചുവിടുന്ന നുണ കഥകൾ പലതും നിമിഷനേരംകൊണ്ട് തകർത്തെറിഞ്ഞ് വാസ്തവം വെളിച്ചെത്തു കൊണ്ടുവരുന്ന സമൂഹമാധ്യമങ്ങൾ പ്രതിഷേധങ്ങൾക്ക് പുതിയ മാനം നൽകാൻ കേൾപ്പുള്ളവയാണ്.സാഹചര്യങ്ങൾ നമ്മെ നിയന്ത്രണ വലയത്തിലാക്കുന്നു എന്ന സത്യം സമ്മതിച്ചേ മതിയാവൂ.അതുകൊണ്ട് സർവ്വശക്തിയുമെടുത്ത് നമുക്കു പൊരുതാം... കോവിഡിനോടും, ഭരണകൂടങ്ങളുടെ ജനദ്രോഹ നിലപാടുകളോടും. കോവിഡിനെ തുരത്താൻ കഠിനപരിശ്രമം നടത്തുന്ന സർക്കാരിന്റെ സംവിധാനങ്ങളെയും, ആരോഗ്യവകുപ്പിനോടും സന്നദ്ധ പ്രവർത്തകരോടും, പൊലീസിനോടു നമുക്ക് ഐക്യപ്പെടാം. ആൾക്കൂട്ടത്തോടെയുള്ള പ്രതിഷേധങ്ങൾക്ക് മാത്രമാണ് വിശ്രമം. സമരങ്ങളില്ലാതെ പോരാട്ടങ്ങളില്ല...ലോകചരിത്രം ഇല്ല.. പോർക്കളങ്ങൾ നമ്മെ കാത്തിരിക്കുന്നു...