test

ഗാന്ധിജിയെ മറക്കുന്ന ഇന്ത്യ

Simi Maryam

 


‌ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹന സമരം കൊണ്ടും അഹിംസാത്മക നിലപാടുകൊണ്ടും മുട്ടുകുത്തിച്ച വിപ്ലവകാരിയാണ് ഗാന്ധിജി. ലോകത്തിൻറെ ഹൃദയത്തിൽ തന്നെ ഇടംനേടിയ അദ്ദേഹത്തെ ഇന്ത്യ ഇന്ന് മറന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിൻറെ മഹാത്മാവ് ഇന്ത്യക്കാർക്ക്,സ്വന്തം ദേശക്കാർക്ക് കാണിച്ചുതന്ന മതേതരത്വത്തിൻ്റെ, സഹവർത്തിത്വത്തിൻ്റെ, സത്യത്തിൻ്റെ സന്ദേശം ഇന്ന് ചിതലരിച്ചു തുടങ്ങിയിരിക്കുന്നു.
‌ 1915-ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ ഗാന്ധിജി ആദ്യം പടപൊരുതിയത് ഓരോ ഇന്ത്യക്കാരൻ്റെയും ഉള്ളിലെ ഭയത്തോടാണ്. ആ ഭയത്തെ മറി കടന്ന ഇന്ത്യ കണികണ്ടതോ സ്വാതന്ത്രത്തിൻ്റെ പുലരിയെ. വൈവിധ്യങ്ങളാൽ വിഘടിച്ചു നിന്നിരുന്ന ഇന്ത്യയെ ഒറ്റ കുടക്കീഴിലാക്കി.ഗാന്ധിജിയെ കൂടുതൽ ജനകീയനാക്കിയത് അദ്ദേഹത്തിൻ്റെ ജീവിത രീതിയാണ്.ലളിതമായ ആ ജീവിതരീതികൾ അദ്ദേഹത്തെ ഓരോ ഇന്ത്യക്കാരൻ്റെയും ഹൃദയത്തിൽ നല്ലവനായ നേതാവാക്കി,ഉറ്റ തോഴനാക്കി, വീട്ടുകാരനാക്കി.
‌ എന്നാൽ ഗാന്ധിജി തുടച്ചുനീക്കാൻ ആഗ്രഹിച്ച ഹിന്ദുത്വ തീവ്രവാദം അദ്ദേഹത്തിൻറെ രക്തത്തിനു വേണ്ടി കൊതിച്ചു.അങ്ങനെ 1948 ജനുവരി 30 നു ഇന്ത്യ ദുഃഖ സാന്ദ്രമായി.പക്ഷേ ഇന്ത്യ ഗാന്ധിജിയെ മറന്നതപ്പോഴല്ല. ഗാന്ധിയെന്ന മഹാത്മാവിനെ ഭൂമിയിൽനിന്ന് ഇല്ലാതാക്കിയ അതേ ശക്തികൾ ഇന്ത്യ പിടിച്ചെടുത്തപ്പോഴാണ്.ഗാന്ധിജി ഇല്ലാതാക്കിയ ഭാരതീയരിലെ ഭയം ഇന്ന് പുനർജനിച്ചിരിക്കുന്നു. ഹിന്ദുത്വ ഫാസിസ്റ്റ് ഗവൺമെൻ്റിനുമേൽ ഭൂരിപക്ഷം ഭാരതീയരും നിശ്ശബ്ദരാവുന്നത് ഈ ഭയം കൊണ്ടാണ്. ഗാന്ധിജിയെ മറന്ന ഇന്ത്യ അദ്ദേഹത്തിൻറെ ദർശനങ്ങളെയും മറന്നു കൊണ്ടിരിക്കുന്നു. വൈവിധ്യങ്ങളാൽ സമ്പന്നമായ ഈ രാജ്യത്തിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കി രാഷ്ട്രീയ ലാഭം കൊയ്യുകയാണ് സംഘപരിവാർ.സഹനസമരം എന്ന ആശയം ലോകത്തിൻറെ നാനാഭാഗങ്ങളിൽ എത്തിച്ച അതേ മഹാത്മാവിൻ്റെ രാജ്യത്ത് ഹിംസാത്മക നിലപാടിലൂടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്നത് തീർത്തും ദുഃഖകരം തന്നെ.
‌ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച ഒരു പാർട്ടി ആയിരുന്നല്ലോ ഇന്ത്യൻ നാഷണൽ കോൺഗ്രസ്.1924 ഇതേ പാർട്ടിയുടെ അധ്യക്ഷനായിരുന്നു ഗാന്ധിജി. എന്നാൽ ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും രാജ്യത്തിൻറെ വിവിധയിടങ്ങളിൽ അതേ ഹിന്ദുത്വ അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.സ്വന്തം ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ ഇതല്ല. ആ ഇന്ത്യയിലേക്കുള്ള ദൂരം കൂടി കൊണ്ടിരിക്കുന്നു.സവർക്കറെ രാഷ്ട്ര പിതാവും,ഗോഡ്സെയെ രാഷ്ട്രീയ ഗുരുവുമായി അവരോധിക്കാതിരിക്കാൻ നമ്മുക്ക് സർഗ്ഗാത്മക യൗവ്വനത്തിലൂടെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം.

•സിമി മറിയം