test

പാതാളം

Ambareesh

പാതാളം

 

പത്തായപ്പുര മാറി കുറച്ച് നടക്കുമ്പോൾ താഴേക്ക് കോണിപ്പടികൾ പോകുന്നത് കാണാം.

'അവിടെ പാതാളമാണ്...അങ്ങോട്ട് പോകരുത്...!' എന്നൊക്കെ ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞു പേടിപ്പിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ ആ പാതാളം മാളുവിന്‌ സ്വർഗ്ഗമാണ്.മാളുവിന്റെയും ബാലന്റെയും സ്വർഗ്ഗം.

ആ അറയിൽ മുത്തശ്ശി പറയാത്ത ഒരു രഹസ്യം കൂടെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.പുറത്തേക്കിറങ്ങാൻ രണ്ടാമതൊരു വാതിൽ...പക്ഷേ മാളു അത് കണ്ടെത്തി.

എന്നാൽ മാളുവിന്‌ അത് തുറക്കാൻ സാധിച്ചില്ല.

എല്ലാവരും കാവിൽ പോയ ഒരു രാത്രി ആ വാതിൽ തുറക്കാൻ അടങ്ങാത്ത ആവേശം മൂത്ത് മാളു തന്റെ ബാലേട്ടനെ കൂട്ട് പിടിച്ച് അവിടെയെത്തി.

ഒന്നുരണ്ടു തവണത്തെ ശ്രമങ്ങൾക്ക് ഒടുവിൽ വാതിൽ തുറക്കപ്പെട്ടു.പൊടുന്നനെ പാഞ്ഞെത്തിയ പ്രകാശം ഒരു മിന്നലിനെ അനുസ്മരിപ്പിക്കും വിധം അവരുടെ കണ്ണുകളെ പൂട്ടി അടപ്പിച്ചു.അകത്തേക്ക് കയറാൻ ബാലനെക്കാൾ ധൃതി മാളുവിനായിരുന്നു.ഉള്ളിലേക്ക് നീണ്ടുകിടക്കുന്ന അറയാണ്. അകത്തേക്ക് പോകുന്തോറും വെളിച്ചം പിന്തിരിയുന്നത് ബാലൻ മനസ്സിലാക്കി.പക്ഷെ അപ്പോഴേക്കും മാളു ഏറെ നടന്നകന്നിരുന്നു.മാളു ബാലനെ തിരിഞ്ഞുനോക്കിയതേയില്ല. ആരുടെയോ ചരടുവലിയിൽ ചലിക്കുന്ന പാവയെ പോലെ അവൾ ഉള്ളിലേക്ക് പോയിക്കൊണ്ടിരുന്നു. മാളുവിന്റെ കാലിലെ പദസരങ്ങളുടെ ഒച്ച അറയിൽ തലം കെട്ടി.

ഒടുവിൽ മാളുവിനെ സ്വീകരിച്ച് വെളിച്ചമെത്തി.

താനിപ്പോൾ ചവിട്ടി നിൽക്കുന്നത് പൂഴിയിലാണെന്നവൾ മനസ്സിലാക്കി.വെളുത്ത് തണുത്ത പൂഴി.അതിൽ അങ്ങിങ്ങായി പൊഴിഞ്ഞു കിടക്കുന്ന മയിൽപീലികൾ.

ആകാശത്തു ചന്ദ്രൻ.നിലവിൽ പൂഴി തിളങ്ങുന്നു.

ഇങ്ങനൊരു ലോകം മാളു ഇതുവരെ കണ്ടിട്ടില്ല. മുൻപ് ഇതുവരെ തന്റെ കാൽവെള്ള ഇത്രയും തണുത്തിട്ടില്ല.പൂജാ മുറിയിൽ ഒരെണ്ണം അല്ലാതെ ഇത്രയധികം മയിൽപീലികൾ ജീവിതത്തിൽ അവൾ കണ്ടിട്ടില്ല.ഇവിടുന്നിനി തിരികെപോകാനാവില്ല എന്നവൾ ഞെട്ടലോടെ മനസ്സിലാക്കി.

പൂഴിയിൽ താൻ വന്ന കാല്പാടുകൾ മാഞ്ഞു പോയിരിക്കുന്നു.