test

ഇലവ് പെയ്യുന്ന നാട്ടുവഴികൾ

Nandhana

ഇലവ് പെയ്യുന്ന നാട്ടു വഴികൾ 

-------------------------------

തറവാട്ടിൽ നിന്ന് ടൗണിലേക്ക് എന്നെ പറിച്ചു നടുമ്പോൾ ആണ് എനിക്കവനെ നഷ്ട്ടമായത്. ചെറുപ്പം തൊട്ടേ കാണാൻ തുടങ്ങിയതാണവനെ. തന്റെ ശാഘകൾ അത്രയും വിടർത്തി വച്ച് ആരെയും മോഹിപ്പിക്കുന്ന തരത്തിൽ കള്ളചിരിയോടെ നിൽക്കുന്ന എന്റെ "ഇലവ് മരം ".ഒരു പക്ഷെ എനിക്ക് മാത്രമാവാം അവന് ഇങ്ങനെ ഒരു ഭാവം ഉണ്ടെന്ന് തോന്നിയത് സംസാരിക്കാൻ കഴിയാത്ത എന്റെ ഭാഷ മനസിലാക്കിയിരുന്ന ഒരേ ഒരാൾ അവൻ ആയിരുന്നു. അവന്റെ ചിന്നി ചിതറിയ പഞ്ഞികൾ എടുത്ത് വച്ച് പറത്തിക്കളിക്കാൻ തുടങ്ങിയ ഞാൻ പിന്നീടവനോട് സംസാരിക്കാൻ തുടങ്ങി. ശബ്ദമില്ലാത്ത എന്റെ ഭാവങ്ങൾ ഒക്കെയും അവൻ മനസിലാക്കിയിരുന്നു എന്റെ മൗന ചോദ്യങ്ങൾക്ക് മറുപടിയെന്നോണം ചില്ലകൾ ആട്ടിയും പഞ്ഞി പൊട്ടിച്ചെറിഞ്ഞും അവൻ മറുപടി തരുമായിരുന്നു.ഒരിക്കൽ അവന്റെ വെള്ള പഞ്ഞികളിൽ രക്ത കറ പടർന്നത് ഞാൻ കണ്ടു ആ ചുവപ്പ് വന്നത് എന്റെ ശരീരത്തിൽ നിന്നായിരുന്നു. ഒരാഴ്ച കാലം വീടിന്റെ അകത്തളത്തിൽ. അകന്നിരുന്നപ്പോൾ എത്രയോ ഞാൻ അവനുമായി അടുത്തതായി തോന്നി.ഒരാഴ്ച്ചക്ക് ശേഷം അവനോട് എനിക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. എന്റെ പൊട്ടത്തരങ്ങൾ കേട്ട് ചിരിച്ച ഒരാൾ അവൻ മാത്രം ആയിരിക്കണം.ആയിടെ ആണ് ഞങ്ങളുടെ ടൗണിൽലെ വീട് പണി പൂർത്തിയായി എന്ന് അച്ഛൻ പറയുന്നത് കേട്ടത് അവിടേക്ക് ഒരു പാട് ഫർണ്ണിച്ചറുകളുടെ ആവിശ്യം ഉണ്ടത്രേ അതിനു വേണ്ടി പറമ്പിലെ തെങ്ങും, പ്ലാവും, തേക്കും,മാവും ഒക്കെ അപ്രത്യക്ഷമാവാൻ തുടങ്ങി ഒടുവിൽ അവരുടെ കണ്ണുകൾ എന്റെ ഇലവ് മരത്തിന്റെ മേൽ ചെന്ന് പതിച്ചു "വീടിനും നാട്ടാർക്കും ഉപകാരമില്ലാത്ത ഈ ഇലവ് മരം എന്തിനാ ഇവിടെ വച്ചോണ്ടിരിക്കുന്നെ ഈ പഞ്ഞി ഒക്കെ പാറി കളിച്ച് കൊറേ കാലമായി നാട്ടുകാരുടെ ചീത്ത വിളി കേൾക്കുന്നു ഇതങ്ങു മുറിച്ചു കളയാം "

അച്ഛന്റെ വാക്കുകൾ എന്റെ കാതിൽ തുളച്ചു കയറി മുത്തശ്ശിയും അത് ശെരി വയ്ക്കുന്നത് കേട്ടു "അവനെ മുറിച്ചു കളയാനോ ഞാൻ എന്താ ഈ കേക്കുന്നെ ഒരിക്കലും ഞാൻ അത് സമ്മതിക്കില്ല " അല്ല ഞാൻ എന്താ ഈ പറയുന്നേ എന്റെ സമ്മതം ഇവിടെ ആർക്ക് വേണം സംസാരിക്കാൻ കൂടി കഴിയാത്ത ഈ ഊമ പെണ്ണിന്റെ സങ്കടം ആര് മനസിലാക്കാൻ.അവനെ മുറിച്ചു വണ്ടിയിലാക്കുന്നത് ജനലഴിക്കിടയിലൂടെ നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു അവന്റെ സങ്കടവും അവൻ പറയാൻ ഉള്ളതും ഞാൻ മാത്രമാണ് കേട്ടത്. ടൗണിലെ വീട് പണി പൂർത്തിയായി അവിടേക്ക് താമസം മാറുമ്പോൾ അവൻ നിന്ന സ്ഥലത്ത് ചിന്നി ചിതറി കിടന്നിരുന്ന അവന്റെ വിത്തുകൾ ഞാൻ പെറുക്കിയെടുത്തു. ഇന്റർലോക്ക് പതിച്ച ആ പുതിയ വീടിന്റെ ഒരിത്തിരി മണ്ണിൽ ഞാൻ അവന്റെ അവശേഷിപ്പ് കുഴിച്ചിട്ടു. നാളെ അത് വലുതായാൽ വീണ്ടും മുറിച്ചു മാറിയേക്കാം പക്ഷെ വസന്തം നെയ്യുന്നവർ വിടരുമ്പോൾ ഞങ്ങൾ വീണ്ടും ജനിക്കും.'